പോലീസ് പുറത്തുവിട്ട വീഡിയോ വ്യാജം; അട്ടപ്പാടിയിലേത് വ്യാജ ഏറ്റ്മുട്ടല്‍തന്നെയെന്ന് സിപിഐ

Posted on: November 2, 2019 12:06 pm | Last updated: November 2, 2019 at 7:01 pm

തിരുവനന്തപുരം: അട്ടപ്പാടിയില്‍ മാവോവാദികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസിന്റെ വാദം തള്ളി സി പി ഐ രംഗത്ത്. ഏറ്റുമുട്ടല്‍ നടന്നതിന് തെളിവായി പോലീസ് പുറത്തുവിട്ട വീഡിയോയിലെ ദൃശ്യങ്ങള്‍ കൃത്രിമമായി സൃഷ്ടിച്ചെടുത്തതാണെന്ന് സിപിഐ സംസ്ഥാന അസിറ്റന്റ് സെക്രട്ടറി പ്രകാശ് ബാബു ആരോപിച്ചു. വെടിവെപ്പ് നടന്ന മഞ്ചക്കണ്ടി സന്ദര്‍ശിച്ച സിപിഐ പ്രതിനിധി സംഘത്തിന് നേതൃത്വം നല്‍കിയത് പ്രകാശ് ബാബുവായിരുന്നു.

മഞ്ചക്കണ്ടിയില്‍ ഏറ്റുമുട്ടല്‍ നടന്നു എന്ന് പറഞ്ഞത് തെറ്റാണ്. ഇക്കാര്യം തങ്ങള്‍ അവിടെ പോയപ്പോള്‍ ബോധ്യമായി. അവിടുത്തെ ഊര് മൂപ്പനുമായും ആദിവാസികളുമായും ഞങ്ങള്‍ സംസാരിച്ചു. അവിടെ കാണുന്ന ഷെഡ്ഡ് മൂന്നോ നാലോ ദിവസത്തിന് മുമ്പ് പോലീസ് നിര്‍മിച്ചതാണ്. മാവോയിസ്റ്റുകള്‍ഉപയോഗിച്ച് വരുന്ന ഷെഡ്ഡാണിതെന്നാണ് പോലീസ് പറഞ്ഞത്. ആഹാരം കഴിച്ച് കൊണ്ടിരിക്കെ മാവോവാദികളെ പോലീസ് വെടിവെച്ചു കൊല്ലുകയായിരുന്നുവെന്നാണ് ഞങ്ങള്‍ക്കവിടെ സന്ദര്‍ശിച്ചപ്പോള്‍ ബോധ്യപ്പെട്ടതെന്നും പ്രകാശ് ബാബു പറഞ്ഞു.

പോലീസ് പുറത്തുവിട്ട വീഡിയോയിലെ ദൃശ്യങ്ങള്‍ കൃത്രിമമായി സൃഷ്ടിച്ചെടുത്തതാണ്. വെടിവെപ്പ് നടക്കുന്ന സമയത്ത് എല്ലാവരും കമിഴ്ന്ന് കിടക്കുകയാണ് ചെയ്യാറുള്ളത്. ആ സമയത്ത് ആരാണ് നിന്ന് വീഡിയോ പകര്‍ത്തിയതെന്ന് വ്യക്തമാക്കണം. ആ ദൃശ്യങ്ങള്‍ കണ്ടാല്‍ തന്നെ അസ്വാഭാവികത മനസ്സിലാകും. അന്വേഷണത്തിലൂടെ ഇത് കണ്ടെത്തണം. തണ്ടര്‍ബോള്‍ട്ടിന്റെ വന്‍സംഘം നില്‍ക്കുന്ന സന്ദര്‍ഭത്തില്‍ മണിവാസകന്‍ വെടിയുതിര്‍ത്തുവെന്ന് പറയുന്നത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിനെയടക്കം പോലീസ് തെറ്റിദ്ധരിപ്പിക്കുകയാണ്. പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഏറ്റുമുട്ടലാണെന്ന് മുഖ്യമന്ത്രി പറയാനാടിയാക്കിയതെന്നും പ്രകാശ് ബാബു പറഞ്ഞു.അട്ടപ്പാടിയിലേത് വ്യാജ ഏറ്റ് മുട്ടലാണെന്നാണ് തുടക്കം മുതല്‍ സിപിഐ ആരോപിക്കുന്നത്.