ഭാഷാ സംസ്ഥാനം ഉപഹാരം കിട്ടിയതല്ല

സാമ്രാജ്യത്വ വിരുദ്ധ ദേശീയതയുടെ മൂര്‍ത്തമായ ആവിഷ്‌കാരമാണ് ഭാഷാ ദേശീയത. ആ അര്‍ഥത്തില്‍ കേരളപ്പിറവി സാമ്രാജ്യത്വ വിരുദ്ധ പ്രക്ഷോഭത്തിന്റെ ഏറ്റവും ഗംഭീരമായ ആവിഷ്‌കാരമായിരുന്നു. ആത്മത്യാഗപരമായ നിരവധി പ്രക്ഷോഭങ്ങളിലൂടെയാണ് ഐക്യകേരളം ഉള്‍പ്പെടെയുള്ള ഭാഷാ സംസ്ഥാനങ്ങള്‍ രൂപപ്പെട്ടത്
Posted on: November 1, 2019 4:22 pm | Last updated: November 1, 2019 at 4:22 pm


1956 നവംബര്‍ ഒന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികള്‍ നൃത്തം വെക്കുകയും അവരുടെ ജീവിതത്തെ നിര്‍വൃതിപ്പെടുത്തുകയും ചെയ്ത ദിനമാണ്. എന്നാല്‍ ഇന്ന് 1956 നവംബര്‍ ഒന്നിന്റെ മുമ്പില്‍ ചോരയൊലിപ്പിച്ച് 2019 ആഗസ്റ്റ് അഞ്ച് തുറിച്ച് നോക്കി നില്‍ക്കുകയാണ്. 29 സംസ്ഥാനം എന്ന് പറയുന്നത് ഇന്ത്യന്‍ ദേശീയതയുെട ഏറ്റവും ശക്തമായ അടിത്തറയാണ്. ആ 29 ഭാഷാ സംസ്ഥാനങ്ങളില്‍ ഒരു സംസ്ഥാനം 2019 ആഗസ്റ്റ് അഞ്ചിന് അപ്രത്യക്ഷമായി. ഇന്ത്യന്‍ ദേശീയതക്ക് സംഭവിച്ച ആ മുറിവ് 1956 നവംബര്‍ ഒന്നിന്റെ, ഒരു പുതിയ സംസ്ഥാന പിറവിയുടെ പശ്ചാത്തലത്തില്‍ അനിവാര്യമായും ഓരോ ഇന്ത്യക്കാരനും ഓര്‍മിച്ചെടുക്കേണ്ട പ്രധാനപ്പെട്ട ചരിത്ര സംഭവമാണ്. ഇന്ന് കശ്മീരെങ്കില്‍ നാളെ അത് ഇന്ത്യയിലെ ഏത് സംസ്ഥാനത്തിനും സംഭവിക്കാവുന്ന പതനമാണ്. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ ഇന്നും നമ്മുടെ സാമാന്യ ബോധം രണ്ട് ഭരണ ഘടന, രണ്ട് പതാക, ഒന്നിലധികം ഭാഷ എന്ന് കേള്‍ക്കുമ്പോള്‍ പരിഭ്രമിക്കുന്നു. ഒരു രാഷ്ട്രത്തിന്റെ ദേശീയത ഏറ്റവും സജീവമാകുന്നത് ആ രാഷ്ട്രത്തിലെ മുഴുവന്‍ ആളുകളും ആത്മാഭിമാനത്തോടെ പിറന്ന മണ്ണില്‍, അവരുടെ ഭാഷകളിലിഴുകിച്ചേര്‍ന്ന്, കാലുയര്‍ത്തി നിവര്‍ന്നു നില്‍ക്കുമ്പോഴാണ്. ഇന്ന് ഒരു രാഷ്ട്രം, ഒരു ഭാഷ, ഒരു നേതാവ് എന്ന മുദ്രാവാക്യത്തിലേക്ക് വെട്ടിച്ചുരുക്കപ്പെടുകയാണ്.

ഭാഷാ സംസ്ഥാനമെന്നത് ഒരു ഭാഷ എന്ന കേന്ദ്രീകൃത കാഴ്ചപ്പാടിനെതിരെ ഉയര്‍ന്നുവന്ന ദേശീയതയുടെ വലിയ മുദ്രാവാക്യമായിരുന്നു. ഭാഷാ സംസ്ഥാനങ്ങള്‍ രൂപപ്പെടുമ്പോള്‍ തന്നെ അതിനെ തകര്‍ക്കാന്‍ ശ്രമിച്ചത് നാല് സംഘടനകളാണ്. അതില്‍ ആദ്യത്തെ രണ്ടെണ്ണം ആള്‍ ഇന്ത്യ എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷനും ആള്‍ ഇന്ത്യ മാനുഫാക്‌ചേഴ്‌സ് അസോസിയേഷനും മൂലധന താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന സംഘടനകളായിരുന്നു. ഇന്നാലോചിച്ചാല്‍ മൂലധന മേല്‍ക്കോയ്മയുടെയും ഫാസിസ്റ്റ് മേല്‍ക്കോയ്മയുടെയും നേതൃത്വത്തിലാണ് ഭാഷാ സംസ്ഥാനങ്ങളെ ഇല്ലാതാക്കാനുള്ള ആദ്യ ശ്രമങ്ങള്‍ നടന്നത്. അതിനെ ചെറുത്തുതോല്‍പ്പിക്കുകയാണ് ഇന്ത്യന്‍ ജനത ചെയ്തത്. ആത്മത്യാഗപരമായ പ്രക്ഷോഭങ്ങളിലൂടെയാണ് ഐക്യകേരളം ഉള്‍പ്പെടെയുള്ള ഭാഷാ സംസ്ഥാനങ്ങള്‍ രൂപപ്പെട്ടത്. 58 ദിവസത്തെ ഉപവാസ സമരത്തിന്റെ അന്ത്യത്തിലാണ് ഭാഷാ സംസ്ഥാനങ്ങള്‍ക്ക് വേണ്ടി പോട്ടി ശ്രീരാമുലു ജീവന്‍ വെടിയുന്നത്. 1952 ഒക്ടോബര്‍ 19ന് ആരംഭിച്ച നിരാഹാര സമരം ഡിസംബര്‍ 15ന് ഔപചാരികമായി അവസാനിക്കുകയായിരുന്നില്ല. മറിച്ച്, മരണത്തിനപ്പുറത്തേക്കുള്ള ലോകത്തേക്ക് മഹാസമരത്തിന്റെ ഓര്‍മകളുമായി മറഞ്ഞുപോകുകയായിരുന്നു. അതായത്, ഭാഷാ സംസ്ഥാനമെന്നത് ആരും ആര്‍ക്കും നല്‍കിയ സമ്മാനമല്ല, ഇന്ത്യന്‍ ജനത നടത്തിയ സമരത്തിലൂടെയാണ് അവ സൃഷ്ടിക്കപ്പെട്ടത്.

സാമ്രാജ്യത്വ വിരുദ്ധ ദേശീയതയുടെ മൂര്‍ത്തമായ ആവിഷ്‌കാരമാണ് ഭാഷാ ദേശീയത. ആ അര്‍ഥത്തില്‍ കേരളപ്പിറവി സാമ്രാജ്യത്വ വിരുദ്ധ പ്രക്ഷോഭത്തിന്റെ ഏറ്റവും ഗംഭീരമായ ആവിഷ്‌കാരമായിരുന്നു. പരശുരാമന്റെ മഴുവല്ല, ഇന്ത്യക്കാര്‍ മുഴുവനും അനിവാര്യമായി സംസാരിക്കാന്‍ നവ ഫാസിസ്റ്റുകള്‍ ആഹ്വാനം ചെയ്യുന്ന ഹിന്ദിയല്ല, മറിച്ച് മണ്ണിനോടും മഴവില്ലിനോടും മന്ദഹസിച്ച മലയാള ഭാഷയാണ് കേരളം സൃഷ്ടിച്ചത്. കേരളത്തിന്റെ അതിര്‍ത്തി പശ്ചിമഘട്ടമല്ല, സര്‍വ മനുഷ്യരും ഉള്ളിലേറ്റുവാങ്ങിയ നമ്മുടെ മലയാളമാണ്.

ഒരു പ്രദേശത്തെ ജനതക്ക് ഒരു ഭാഷയാകാമെങ്കില്‍, അവരുടേതായ ഭരണ സംവിധാനമാകാമെങ്കില്‍, അസംബ്ലിയുണ്ടാകാമെങ്കില്‍ ഒരോ സംസ്ഥാനത്തിനും പതാകയും ഭരണഘടനയും ഉണ്ടാകുന്നത് കൊണ്ട് രാഷ്ട്രത്തിന് ഒരു അപകടവും സംഭവിക്കുന്നില്ല. ഫാസിസ്റ്റ് അധികാരമാണ് രണ്ട് പതാക, രണ്ട് ഭരണഘടന അപകടമാണ് എന്ന് പ്രചരിപ്പിക്കുന്നത്. പതാകയെന്നത് പറന്നുകളിക്കുന്ന ഒരു തുണിക്കഷ്ണമല്ല. മറിച്ച് അത് ജനജീവിതത്തിന്റെ ആദര്‍ശങ്ങളും മൂല്യങ്ങളും ഉള്‍ക്കൊള്ളുന്ന പ്രതീകമാണ്. ഒരോ വ്യക്തിക്കും എഴുതപ്പെടാത്ത ഓരോ ഭരണഘടനയുണ്ട്. അതവരുടെ മൂല്യസങ്കല്‍പ്പവും ജീവിത വീക്ഷണവുമാണ്. ഇന്ത്യന്‍ ഭരണഘടനക്ക് കീഴൊതുങ്ങുന്ന അത്തരമെല്ലാ പതാകയും ഭരണഘടനയും സ്വാഗതം ചെയ്യപ്പെടുകയാണ് വേണ്ടത്.

ഒരു ഭാഷ സംസാരിക്കുന്ന പ്രദേശത്ത് തലമുറകളായി ജീവിച്ചു വരുന്ന മനുഷ്യര്‍ ആ പ്രദേശത്തിന്റെ മനുഷ്യരാണ്. അവരുടെ ജീവിതം തന്നെയാണ് അവരുടെ പൗരത്വത്തിന് തെളിവ്. എന്നാലിന്ന് തലമുറകളായി ഒരു പ്രദേശത്ത് ജീവിച്ചവരെ ചില രേഖകളില്ല എന്ന സാങ്കേതിക കാരണത്തില്‍ നവഫാസിസ്റ്റുകള്‍ പുറത്താക്കുന്നു. അങ്ങനെയുള്ള പൗരത്വ നിഷേധം ജനാധിപത്യത്തിനും മതനിരപേക്ഷതക്കും കടക വിരുദ്ധമാണ്.

ഭാഷാ ദേശീയതയാണ് ഇന്ത്യന്‍ ദേശീയതയുടെ മൗലികമായ അടിത്തറ. 1930കളില്‍ സൈമൺ കമ്മീഷന്‍ പ്രഖ്യാപിച്ചത് ഇന്ത്യക്കാര്‍ പല മതക്കാരും ഭാഷക്കാരും ആയതിനാല്‍ നിങ്ങള്‍ക്ക് ഒരിക്കലും ഒരു രാജ്യമാകാന്‍ കഴിയില്ലെന്നായിരുന്നു.
എന്നാല്‍ ഭാഷാ സംസ്ഥാന കാഴ്ചപ്പാടാണ് സൈമൺ കമ്മീഷന്റെ വെല്ലുവിളിയെ നിരാകരിക്കുകയും പരാജയപ്പെടുത്തുകയും ചെയ്ത ഏറ്റവും വലിയ കാര്യം. ആ അര്‍ഥത്തില്‍ ഭാഷാ സംസ്ഥാനമെന്നത് സാമ്രാജ്യത്വ വിരുദ്ധ സമരത്തിന്റെ ഏറ്റവും ഗംഭീരമായ ആവിഷ്‌കാരമാണ്. അങ്ങനെയാണ് നിരവധി ഭാഷകളും സംസ്‌കാരങ്ങളും നൃത്തം ചെയ്യുന്ന സാഹചര്യം ഇന്ത്യയില്‍ രൂപപ്പെട്ടത്.
ഭക്തിപ്രസ്ഥാനവും നവോത്ഥാന പ്രസ്ഥാനവും ഇന്ത്യയില്‍ സംസ്‌കൃത ഭാഷക്കെതിരെ പ്രാദേശിക ഭാഷകളെ മുന്നോട്ടു വെക്കുകയുണ്ടായി. 1908ല്‍ ശ്രീനാരായണ ഗുരു തലശ്ശേരിയിലെ ജഗന്നാഥ ക്ഷേത്രത്തില്‍ നീലകണ്ഠ മൂസ്സതുമായി സംവാദം നടത്തുമ്പോള്‍ മൂസ്സത് സംവാദം തുടങ്ങിയത് സംസ്‌കൃതത്തിലായിരുന്നു. ഗുരു പറഞ്ഞു, നമ്മള്‍ മലയാളികളല്ലേ, നമുക്ക് മലയാളത്തില്‍ സംസാരിക്കാമല്ലോ. ഗുരു മുന്നോട്ടു വെച്ചത് ചെറിയ കാര്യമല്ല.

മലയാളം വ്യത്യസ്ത തരം മലയാളങ്ങളാണ്. എല്ലാം കൂടിച്ചേര്‍ന്ന മലയാള പ്രത്യേകതകളാണ് കേരളപ്പിറവിയുടെ പുളകമായി നാം പരിഗണിക്കേണ്ടത്.
സംസ്‌കൃതവും അറബിയും ഉള്‍പ്പെടെ മലയാളത്തിലേക്ക് വിരുന്നുവന്ന നിരവധി പദങ്ങളുണ്ട്. അതുകൊണ്ട് തന്നെ ലോകത്തെങ്ങുമുള്ള മനുഷ്യരും അവരുടെ വൈവിധ്യങ്ങളായ സംസ്‌കാരങ്ങളും ഒരുമിച്ചു ചേരുന്നതിന്റെ ഭംഗി മലയാളം കൃത്യമായി വരച്ചു കാണിക്കുന്നുണ്ട്. കേരളത്തനിമയെന്നത് ഇവിടുത്തെ കഥകളിയോ വെറ്റിലച്ചെല്ലമോ അല്ല, മറിച്ച് മലയാളമാണ്. മലയാളത്തെ പ്രദക്ഷിണം വെച്ചാണ് മലയാളിയുടെ ലോകം രൂപപ്പെട്ടുവരുന്നത്. അതുകൊണ്ട് ലോകത്തെവിടെയും ജനാധിപത്യവും മതനിരപേക്ഷതയും പ്രത്യക്ഷപ്പെടണമെങ്കില്‍ ഓരോ പ്രദേശത്തിന്റെയും മൊഴിഭേദങ്ങള്‍ ഉള്‍പ്പെടുന്ന ഭാഷ സജീവമാകേണ്ടതുണ്ട്.