Connect with us

National

ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്രയിലെ ബി ജെ പി നിയമസഭാ കക്ഷി നേതാവ്

Published

|

Last Updated

മുംബൈ: മഹാരാഷ്ട്രയില്‍ ബി ജെ പിയുടെ നിയമസഭാ കക്ഷി നേതാവായി ദേവേന്ദ്ര ഫഡ്‌നാവിസിനെ തിരഞ്ഞെടുത്തു. നിയമസഭാ കക്ഷി യോഗത്തില്‍ ബി ജെ പിയുടെ 105 എം എല്‍ എമാരും പങ്കെടുത്തു. കേന്ദ്ര നിരീക്ഷകനും മന്ത്രിയുമായ നരേന്ദ്ര സിംഗ് ടോമറും വൈസ് പ്രസിഡന്റ് അവിനാഷ് റായ് ഖന്നയും സംബന്ധിച്ചു. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതില്‍ ബി ജെ പിയും ശിവസേനയും തമ്മില്‍ തര്‍ക്കം മുറുകിയ പശ്ചാത്തലത്തിലായിരുന്നു ദക്ഷിണ മുംബൈയിലെ വിധാന്‍ ഭവനില്‍ യോഗം ചേര്‍ന്നത്.

അതിനിടെ, സംസ്ഥാനത്ത് മഹായുതി സഖ്യസര്‍ക്കാര്‍ ഉടനെ നിലവില്‍ വരുമെന്ന് ഫഡ്‌നാവിസ് പറഞ്ഞു. സഖ്യസര്‍ക്കാര്‍ രൂപവത്കരണത്തിന് ബദല്‍ ഫോര്‍മുല തയ്യാറായെന്ന പ്രചാരണം അദ്ദേഹം നിഷേധിച്ചു. ബി ജെ പി- സേനാ സഖ്യത്തിലുള്ള മഹായുതിക്കാണ് ജനങ്ങള്‍ വോട്ട് ചെയ്തത്. അതിനാല്‍ ഉടന്‍ സര്‍ക്കാര്‍ നിലവില്‍ വരും.

ഫഡ്‌നാവിസിനെ കക്ഷി നേതാവാക്കണമെന്ന പ്രമേയം ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ ആണ് അവതരിപ്പിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ബി ജെ പിയിലെ ആരും ഫഡ്‌നാവിസിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയിലേക്ക് പോയിട്ടില്ല. അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്ത് പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഫഡ്‌നാവിസ് രാജിവെക്കണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. സംസ്ഥാനത്തുടനീളമുള്ള അദ്ദേഹത്തിന്റെ കഴിവും സ്വീകാര്യതയുമാണ് ഇത് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ശിവസേനയുടെ പിന്തുണ ബി ജെ പിക്ക് അനിവാര്യമാണ്. മുഖ്യമന്ത്രി പദം തുല്യ കാലാവധിയില്‍ തങ്ങള്‍ക്കും വേണമെന്നാണ് സേനയുടെ ആവശ്യം. ഇത് ഫഡ്‌നാവിസും ബി ജെ പിയും അംഗീകരിക്കാത്തതാണ് പ്രതിസന്ധിക്കിടയാക്കിയത്.