Connect with us

National

പെഹലൂഖാനെതിരായ പശുക്കടത്ത് കേസ് റദ്ദാക്കാന്‍ രാജസ്ഥാന്‍ ഹൈക്കോടതി ഉത്തരവ്

Published

|

Last Updated

പെഹ്‌ലു ഖാന്‍ (ഫയല്‍)

ജയ്പൂര്‍: പശുക്കളെ കടത്തിയെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊന്ന പെഹലൂ ഖാന് എതിരെ ചുമത്തിയ പശുക്കടത്ത് കേസ് റദ്ദാക്കാന്‍ രാജസ്ഥാന്‍ ഹൈക്കോടതി ഉത്തരവിട്ടു. പെഹലുഖാനും അദ്ദേഹത്തിന്റെ രണ്ട് മക്കള്‍ക്കും പശുക്കളെ കൊണ്ടുപോയ വാഹനത്തിന്റ െഡ്രൈവര്‍ക്കും എതിരെ ചുമത്തിയ എഫ്‌ഐആറും കുറ്റപത്രവും റദ്ദാക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. പെഹലൂഖാന്‍ പശുക്കളെ കടത്തിയത് കശാപ്പിന് വേണ്ടിയാണെന്നതിന് തെഗിവുകളില്ലെന്ന് വ്യക്തമാക്കിയാണ് സിംഗിള്‍ ബഞ്ചിന്റെ നടപടി.

2017 ഏപ്രിലിലാണ് ഹരിയാന സ്വദേശിയായ 55കാരനായ പെഹ്ലു ഖാനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. റമസാനില്‍ പാലുല്‍പാദനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൂടുതല്‍ പശുക്കളെ വാങ്ങുന്നതിനായി രാജസ്ഥാനില്‍ എത്തിയതായിരുന്നു അദ്ദേഹം. പശുക്കളെ വാങ്ങി മടങ്ങുന്നതിനിടെ ഡല്‍ഹി – ആല്‍വാര്‍ ഹൈവേയില്‍ വെച്ച് അദ്ദേഹം ആക്രമിക്കപ്പെടുകയായിരുന്നു.

പെഹ്ലു ഖാന്റെ മരണശേഷം, 2019 മെയ് 29നാണ് ബെഹ്‌റോറിലെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുമ്പാകെ പശുക്കടത്ത് ആരോപിച്ച് അദ്ദേഹത്തിന് എതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. 2017 ഏപ്രില്‍ ഒന്നിന് പശുക്കളെ കൊണ്ടുപോകാന്‍ ഉപയോഗിച്ച വാഹനത്തിന്റെ ഉടമയുടെ പേരും കുറ്റപത്രത്തിലുണ്ടായിരുന്നു. കന്നുകാലി കശാപ്പും കയറ്റുമതിയും നിരോധിച്ചുകൊണ്ടുള്ള രാജസ്ഥാന്‍ ബൊവിന്‍ ആനിമല്‍ ആക്ടിലെ 5, 8, 9 വകുപ്പുകള്‍ പ്രകാരമാണ് പെഹ്ലു ഖാനും മക്കള്‍ക്കുമെതിരെ കേസെടുത്തിരുന്നത്.