Connect with us

National

യൂറോപ്യൻ യൂനിയൻ സംഘം ഇന്ന് കശ്മീരിൽ

Published

|

Last Updated

ഡൽഹിയിലെത്തിയ ഇ യു പ്രതിനിധികൾ പ്രധാനമന്ത്രിക്കൊപ്പം

ന്യൂഡൽഹി: ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള സ്ഥിതിഗതികൾ വിലയിരുത്താനായി യുറോപ്യൻ പാർലിമെന്ററി പാനൽ ജമ്മുകശ്മീർ സന്ദർശിക്കുന്നു. യൂറോപ്യൻ പാർലിമെന്റിലെ 28 എം പിമാർ അടങ്ങുന്ന വസ്തുതാന്വേഷണ സംഘം ഇന്ന് ജമ്മു കശ്മീരിന്റെ വിവിധ മേഖലകൾ സന്ദർശിക്കും. സംഘം ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി, ഉപരാഷ്ട്രപതി വെങ്കയ്യാ നായിഡു, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

ജമ്മു കശ്മീർ സംസ്ഥാനത്തിന് നൽകിയിരുന്ന പ്രത്യേക അധികാരം, ഭരണഘടന അനുഛേദം 370 റദ്ദാക്കിയതിന് പിന്നാലെ അന്തർ ദേശീയ ശ്രദ്ധ കശ്മീരിന് ലഭിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് യൂറോപ്യൻ പാർലിമെന്റ് അംഗങ്ങൾ കശ്മീരിലെത്തുന്നത്. സംഘം സന്ദർശനം നടത്തുന്ന കാര്യം ഇന്നലെ നരേന്ദ്രമോദിയും അജിത് ഡോവലും വിശദീകരിച്ചു. സംഘത്തെ പ്രധാനമന്ത്രി സ്വാഗതം ചെയ്തതായി പി എം ഒ അറിയിച്ചു. പ്രധാനമന്ത്രിയുടെ വസതിയായ ലോക് കല്യാൺ മാർഗിലാണ് സംഘം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ജമ്മു കശ്മീർ ഉൾപ്പെടെയുള്ള രാജ്യത്തെ വിവിധ ഭാഗങ്ങൾ നല്ല രീതിയിൽ സന്ദർശിക്കാൻ സാധിക്കുമെന്ന് പ്രധാനമന്ത്രി സംഘത്തോട് വ്യക്തമാക്കി.

ജമ്മു കശ്മീർ സന്ദർശനം പ്രദേശത്തെ വികസന, ഭരണ മുൻഗണനകളെക്കുറിച്ച് കൃത്യമായ ധാരണ നൽകുന്നതോടൊപ്പം സംസ്ഥാനത്തെ സാംസ്‌കാരികവും മതപരവുമായ വൈവിധ്യത്തെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കാൻ സാധിക്കുമെന്നും സംഘത്തോട് മോദി പറഞ്ഞു. തീവ്രവാദ പ്രവർത്തനങ്ങളെ പിന്തുണക്കുന്നവർക്കെതിരെ അടിയന്തര നടപടികൾ വേണ്ടിയിരുന്നുവെന്ന് പാക്കിസ്ഥാന്റെ പേര് അദ്ദേഹം വിശദീകരിച്ചു.

കഴിഞ്ഞയാഴ്ച യൂറോപ്യൻ പാർലിമെന്റിലെ ചില അംഗങ്ങൾ ജമ്മു കശ്മീരിനെ സംബന്ധിച്ച ചില ആശങ്കകൾ ഉന്നയിച്ചിരുന്നു. സംസ്ഥാനത്തെ ക്രമസമാധാനവും സ്വാതന്ത്ര്യവും ഉൾപ്പെടെയുള്ള വിഷയങ്ങളിലായിരുന്നു അംഗങ്ങൾ അശങ്ക പ്രകടിപ്പിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് പ്രത്യേക സംഘം കശ്മീർ സന്ദർശിക്കുന്നത്. യു എൻ ജനറൽ അസംബ്ലിയിൽ പാക് പ്രധാനമന്ത്രിയുടെ പ്രസംഗവും അന്തർദേശീയ മാധ്യമങ്ങളുടെ ഇടപെടലുമായിരുന്നു ജമ്മു കശ്മീർ വിഷയം അന്തർ ദേശീയ പ്രശ്‌നമായി ഉയർത്തികൊണ്ടുവന്നത്.
പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ ആർട്ടിക്കിൾ 370 റദ്ദാക്കി. അതിവൈകാരികമായിട്ടാണ് യു എന്നിൽ അവതരിപ്പിച്ചത്. അന്തർദേശീയ ഇടപെടൽ കശ്മീരിന് വേണമെന്നതുൾപ്പെടയുള്ള കാര്യങ്ങൾക്ക് തുർക്കിയടക്കമുള്ളവയുടെ പിന്തുണ ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ കശ്മീർ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് ഇന്ത്യ യു എന്നിൽ തിരിച്ചടിച്ചിരുന്നെങ്കിലും കശ്മീരിൽ അന്താരാഷ്ട്ര ഇടപെടൽ വരുന്നുവെന്നതിന്റെ ആദ്യ സൂചനയായിട്ട് വേണം ഇ യു പാർലിമെന്റ് സംഘത്തിന്റെ വരവ് നിരീക്ഷിക്കേണ്ടത്. അതേസമയം, സംഘത്തിന്റെ വരവ് യൂറോപ്യൻ യൂനിയന്റെ നിർദേശ പ്രകാരമല്ലെന്നും സ്വന്തം താത്പര്യ പ്രകാരമാണെന്നുമുള്ള റിപ്പോർട്ടുകളുമുണ്ട്. കഴിഞ്ഞ ആഗസ്റ്റ് അഞ്ചിനാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കി രാഷ്ട്രപതി ഉത്തരവിറക്കുന്നത്.

തുടർന്ന് ജമ്മു കശ്മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി വിഭജിച്ച് പാർലിമെന്റ് ബില്ല് പാസ്സാക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്തെ സമ്പുർണമായി നിശ്ചലമാക്കിയായിരുന്നു കേന്ദ്രസർക്കാർ നീക്കം. നിരോധനാജ്ഞ പ്രഖ്യാപിച്ചതോടൊപ്പം രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടെയുള്ളവരെ വീട്ടു തടങ്കലിലാക്കി. ഇന്റർനെറ്റ്, മൊബൈൽ സംവിധാനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്തുള്ള ഹരജികൾ സുപ്രീംകോടതിയിൽ വാദം കേൾക്കാനിരിക്കുകയാണ്. സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളുടെ 99 ശതമാനവും പിൻവലിച്ചുവെന്ന് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.