Connect with us

Kerala

സ്‌കൂൾ ബസുകളിൽ ജി പി എസ്: ഉത്തരവ് ജലരേഖ

Published

|

Last Updated

മലപ്പുറം: സംസ്ഥാനത്തെ സ്‌കൂൾ ബസുകളിൽ ജി പി എസ് സംവിധാനം നിർബന്ധമാക്കിയ ഗതാഗത കമ്മീഷണറുടെ ഉത്തരവ് കടലാസിലൊതുങ്ങി. ഈ അധ്യയന വർഷം മുതൽ എല്ലാ സ്‌കൂൾ ബസുകളിലും ജി പി എസ് ഘടിപ്പിക്കണമെന്നായിരുന്നു ഉത്തരവ്. എന്നാൽ പകുതിയിലധികം ബസുകളും ഈ സംവിധാനമില്ലാാതെയാണ് നിരത്തിലിറങ്ങുന്നത്.

സർക്കാർ, എയ്ഡഡ്, പ്രൈവറ്റ് സ്‌കൂളുകളെല്ലാം സാമ്പത്തിക പ്രതിസന്ധിയാണ് ഇതിന് കാരണമായി പറയുന്നത്. കേന്ദ്രസർക്കാർ കഴിഞ്ഞ ഒക്‌ടോബർ മുതൽ ഈ പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും സംസ്ഥാന സർക്കാർ ഡിസംബർ വരെ സമയം നൽകിയിരുന്നു. ഏപ്രിൽ, മെയ് മാസങ്ങളിൽ സ്‌കൂൾ ബസുകൾ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റിന് വേണ്ടി ആർ ടി ഒ യിൽ വാഹനം ഹാജരാക്കിയിരുന്നു.

സ്കൂൾ തുറക്കുന്നതിന് മുന്പ് ജി പി എസ് സംവിധാനം വെക്കാമെന്ന് മുദ്ര പേപ്പറിൽ ആർ ടി ഒക്ക് എഴുതി കൊടുത്താണ് പല സ്‌കൂൾ ബസുകളും ഇതിൽ നിന്ന് രക്ഷപ്പെട്ടത്. എന്നാൽ ഇത് നടപ്പാക്കിയില്ല. ഇനി അടുത്ത വർഷം ഫിറ്റ്‌നസ് സമയത്ത് ഘടിപ്പിച്ചാൽ മതിയെന്ന നിലപാടിലാണ് സ്‌കൂൾ അധികൃതർ.
സ്‌കൂൾ ബസായതിനാൽ ആർ ടി ഒ പരിശോധനക്ക് ഇറങ്ങാത്തതും ഇവർക്ക് അനുഗ്രഹമാണ്.
അതേസമയം, ജി പി എസ് സംവിധാനം ഘടിപ്പിക്കാത്ത സ്‌കൂൾ ബസുകൾ അപകടത്തിൽപ്പെട്ടാൽ പ്രിൻസിപ്പലിനെതിരെ കൊലക്കുറ്റത്തിന് വരെ കേസെടുക്കാൻ വകുപ്പുണ്ട്.

ജി പി എസ് ഘടിപ്പിക്കാൻ 10,000 മുതൽ 20,000 രൂപ വരെയാണ് ചെലവ്. കുട്ടികളുടെ സുരക്ഷാ മുൻകരുതലെന്ന നിലയിലാണ് ജി പി എസ് സംവിധാനം ഘടിപ്പിക്കണമെന്ന നിർദേശം നൽകിയത്.

ഈ സംവിധാനം സ്‌കൂൾ ബസുകളിൽ ഘടിപ്പിക്കുന്നതോടെ വാഹനങ്ങളുടെ സഞ്ചാര പാത, സമയം, വേഗം എന്നിവ രക്ഷിതാക്കളുടെയും സ്‌കൂൾ അധികൃതരുടെയും സ്മാർട്ട് ഫോണിൽ അറിയാൻ സാധിക്കും.

കുട്ടികൾക്ക് നേരെ മോശം പെരുമാറ്റം ഉണ്ടായാൽ വാഹനത്തിലെ ബസ്സർ അമർത്തിയാൽ അടുത്തുള്ള മോട്ടോർ വാഹന വകുപ്പ് ഓഫീസിൽ നിന്ന് സഹായം ലഭിക്കുന്നതിനുള്ള സംവിധാനം വരെ ജി പി എസിലുണ്ടാകും. യാത്രക്കിടെ അപകടമുണ്ടായാൽ ഉടൻ കൺട്രോൾ റൂമിൽ വിവരം ലഭിക്കും.

സ്‌കൂൾ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് വർധിക്കുകയും കുട്ടികളെ കുത്തി നിറച്ച് കൊണ്ടു പോകുന്നതായുള്ള പരാതിയും വ്യാപകമായിരുന്നു. ഇതേ തുടർന്ന് സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചെങ്കിലും ജി പി എസ് സംവിധാനം വേണമെന്ന ഉത്തരവ് നടപ്പാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.

Latest