കൂടത്തായി കൊലപാതകം: ടോം തോമസിന്റെ അയൽവാസി ബാവക്ക് പറയാനുണ്ട്; ഭീതിയുടെ കഥകള്‍

Posted on: October 7, 2019 12:12 am | Last updated: October 7, 2019 at 12:31 pm

താമരശ്ശേരി: നാടിനെ നടുക്കിയ കൊലപാതകത്തിന്റെ ചുരുളഴിയുമ്പോൾ ടോം തോമസിന്റെ അയൽവാസി ബാവ എന്ന മുഹമ്മദ് ഭീതിയോടെയാണ് പഴയ കഥകൾ ഓർത്തെടുക്കുന്നത്. ടോം തോമസിന്റെ മക്കളായ റോജോക്കും രഞ്ജിക്കുമൊപ്പം നിയമ പോരാട്ടത്തിന് മുന്നിട്ടിറങ്ങിയപ്പോൾ ഏറെ ഭീതിയുണ്ടായിരുന്നുവെങ്കിലും കൊടും ക്രൂരത തുറന്നുകാട്ടാനായത് സത്യത്തിന്റെ വിജയമായാണ് ബാവ കാണുന്നത്. അധികമാർക്കും അറിയാത്ത നിരവധി കഥകളാണ് ബാവ ഇപ്പോൾ തുറന്നു പറയുന്നത്.

2002 ആഗസ്റ്റ് 22ന് അന്നമ്മ ടീച്ചർ മരിക്കുമ്പോഴും 2008 ആഗസ്റ്റ് 25ന് ടോം തോമസ് മരിക്കുമ്പോഴും 2011 സെപ്തംബർ 30ന് റോയ് തോമസ് മരിക്കുമ്പോഴും ബാവ സമീപത്തുണ്ടായിരുന്നു.
അന്നമ്മ ടീച്ചർ കുഴഞ്ഞു വീണപ്പോൾ 15 മിനുട്ടോളം കഴിഞ്ഞാണ് ബാവയെ ജോളി വിളിച്ചു വരുത്തുന്നത്. ആശുപത്രിയിലെത്തിക്കാനുള്ള ശ്രമത്തിനിടെ മരണം സംഭവിച്ചിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പും അന്നമ്മക്ക് ഇത്തരത്തിൽ അസ്വസ്ഥത ഉണ്ടായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഏതാനും ദിവസം ചികിത്സയിൽ കഴിഞ്ഞു.
അന്ന് മരുമകളായ ജോളി നൽകിയ അരിഷ്ടം കഴിച്ചപ്പോഴായിരുന്നു അസ്വസ്ഥത ഉണ്ടായത്.

ആദ്യ ശ്രമം പരാജയപ്പെട്ടപ്പോൾ ശരീരം നന്നാകാൻ ആട്ടിൻ സൂപ്പ് നൽകി. കുഴഞ്ഞു വീണപ്പോൾ അന്നമ്മ പറഞ്ഞത് അരിഷ്ടം കുടിച്ചപ്പോഴുണ്ടായ അതേ അസ്വസ്ഥതയാണ് ഇപ്പോഴും ഉള്ളതെന്നായിരുന്നു. പക്ഷേ ആർക്കും ഒന്നും മനസ്സിലാക്കാൻ കഴിഞ്ഞില്ലെന്ന് ബാവ പറഞ്ഞു.

ടോം തോമസ് ഛർദിച്ചാണ് തളർന്ന് വീണത്. വായിൽ നിന്ന് നുരയും പതയും വന്നു. മിനിട്ടുകൾക്കുള്ളിൽ മരണം സംഭവിച്ചു. റോയി ശുചി മുറിക്കുള്ളിൽ കുടുങ്ങിയെന്നാണ് ജോളി തന്നെ അറിയിച്ചതെന്നും ആശാരിയേയുമായി ഓടിയെത്തി വാതിൽ തുറന്നപ്പോൾ താഴെ വീണ നിലയിലായിരുന്നുവെന്നും ബാവ ഓർക്കുന്നു.
അന്ന് നൽകിയ പരാതിയിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നായിരുന്നു തന്റെ നിലപാട്. പക്ഷേ അതുണ്ടായില്ല. പിണറായിയിലെ കൊലപാതകത്തിന്റെ വാർത്ത ശ്രദ്ധിച്ച റോജോ അമേരിക്കയിൽ നിന്ന് തന്നെ വിളിച്ചാണ് പഴയ കാര്യങ്ങളിൽ സംശയം ഉന്നയിച്ചത്.

രണ്ട് മാസം കൊണ്ട് തന്നെ സത്യം കണ്ടെത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. കേസന്വേഷണം വഴിമുട്ടിക്കാൻ വലിയ ഇടപെടലുകൾ നടന്നിരുന്നുവെന്നും എല്ലാം അവഗണിച്ചാണ് അന്വേഷണ സംഘം മുന്നേറിയതെന്നും ബാവ പറഞ്ഞു. ശവക്കല്ലറകൾ തുറക്കുന്നതിനെ ഷാജുവും ജോളിയും എതിർത്തിരുന്നു. ഉദ്യോഗസ്ഥരുടെ നിലപാടുകൾക്ക് മുന്നിൽ അവസാനം കീഴടങ്ങുകയായിരുന്നു. ജോളിക്ക് പലരുടെയും സഹായം ലഭിച്ചിരിക്കാമെന്നും ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തുമെന്നാണ് പ്രതീക്ഷയെന്നും ബാവ പറഞ്ഞു.