അഹ്‌ലുബൈത്ത് ലോക ഹൃദയത്തിൽ

നാല് ഖലീഫമാരുടെ കാലത്ത് നബി കുടുംബത്തിന് മുഖ്യപരിഗണനയാണ് നൽകിയിരുന്നത്. അവർക്കു വേണ്ട എല്ലാ കാര്യങ്ങളും ഭരണകർത്താക്കൾ ചെയ്തുകൊടുത്തിരുന്നു. പക്ഷേ, ഈ സേവനങ്ങൾ അധിക കാലം നീണ്ടുനിന്നില്ല. മുആവിയ (റ) യുടെ നേതൃത്വത്തിൽ തുടക്കം കുറിച്ച ഉമവിയ്യ ഭരണത്തിലെ രണ്ടാം ഖലീഫ യസീദ് അധികാരം ഏറ്റടുത്തതോടെയാണ് അഹ്‌ലുബൈത്തിനോടുള്ള അവഗണനയാരംഭിക്കുന്നത്. മാത്രമല്ല നിരവധി പീഡനങ്ങളും അവഹേളനങ്ങളും ആക്രമണങ്ങളും ഏൽക്കേണ്ടി വന്നു. അതിനുദാഹരണമാണ് കർബല. പീഡനങ്ങൾ സഹിക്കവയ്യാതെ അവർ പലായനമാരംഭിച്ചു. ഇതാണ് നാനാദിക്കുകളിൽ അഹ്‌ലുബൈത്ത് വ്യാപിക്കാൻ നിദാനമായത്
ആത്മീയം
Posted on: October 6, 2019 10:55 pm | Last updated: October 6, 2019 at 10:55 pm

നബി (സ) യുടെ പരമ്പര നിലനിൽക്കുന്നത് പെൺമക്കളിലൂടെയാണ്. ഫാത്വിമ ബീവിക്ക് ഹസൻ (റ), ഹുസൈൻ (റ) ഉൾപ്പെടെ ഒമ്പത് മക്കളാണുണ്ടായിരുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ പടർന്ന് പന്തലിച്ച പരമ്പര ഹസനീ, ഹുസൈനീ പരമ്പരകളാണ്.
ഫാത്വിമ ബീവിയുടെ ഒന്നാമത്തെ മകൾ സൈനബ (റ) യെ വിവാഹം ചെയ്തത് അലി (റ) വിന്റെ സഹോദരൻ ജഅ്ഫർ (റ) വിന്റെ മകൻ അബ്ദുല്ല (റ) ആണ്. ഈ ബന്ധത്തിൽ മൂന്ന് ആൺകുട്ടികൾ ജനിച്ചു. അബ്ദുല്ല (റ) ക്ക് മറ്റൊരു ഭാര്യയിൽ രണ്ട് ആൺ മക്കൾ വേറെയുമുണ്ടായിരുന്നു. ജഅ്ഫരീ പാരമ്പര്യം അഞ്ചെണ്ണമാണ്. അവയിൽ മൂന്നെണ്ണം സൈനബിന്റെ (റ) മകളിലൂടെയാണ് കടന്നുപോകുന്നത്. ഈ പരമ്പര ഇന്നും നിലനിക്കുന്നു. മറ്റൊരു മകൾ ഉമ്മു കുൽസൂമിനെ (റ) രണ്ടാം ഖലീഫ ഉമർ (റ) ആണ് വിവാഹം കഴിച്ചത്. ഉമർ (റ) ന്റെ വഫാത്തിന് ശേഷം ജഅ്ഫറും (റ) അവരുടെ ശേഷം സഹോദരൻ മുഹമ്മദും (റ) അവരുടെ ശേഷം അബ്ദുല്ലയും (റ) കുൽസൂമിനെ (റ) വിവാഹം കഴിച്ചു. അബ്ദുല്ല (റ) യിലൂടെ ഉമ്മു കുൽസൂം (റ) യുടെ സന്താന പരമ്പര വ്യാപിച്ചു.

ഹസൻ (റ) ആണ് മറ്റൊരു മകൻ. ഇവർക്ക് പതിനഞ്ച് മക്കളുണ്ടായിരുന്നു. പിൽക്കാലത്ത് നിലനിന്നത് രണ്ട് ഹസനീ പരമ്പരകളാണ്. ഇന്നു കാണുന്ന ഹസനീ സാദാത്തുക്കൾ മുഴുവനും ഈ പരമ്പരയിൽപ്പെട്ടവരാണ്. ഒന്നാമത്തേത് ഹസന്റെ (റ) മൂത്ത മകൻ സൈദ് (റ) ന്റെ പേരിലും രണ്ടാമത്തേത് ഹസനു ബ്‌നു ഹസൻ (റ) ലൂടെയും കടന്നുപോകുന്നു. ഈ മകൻ വിവാഹം ചെയ്തത് ഹുസൈന്റെ (റ) മകൾ ഫാത്വിമ ബീവി (റ) യെയായിരുന്നു. ശൈഖ് ജീലാനി (റ) യുടെ പിതൃ പരമ്പരയും ശൈഖ് രിഫാഈ (റ) യുടെ മാതൃ പരമ്പരയും ഹസനി പരമ്പരയിലൂടെയാണ് നബി (സ) യിലേക്ക് എത്തിച്ചേരുന്നത്. ഈ പരമ്പരയിലാണ് മഹ്ദി ഇമാം ജനിക്കുക. അതിനു കാരണം ഹസൻ (റ) മുസ്്ലിം ഐക്യത്തിന് വേണ്ടി നടത്തിയ ത്യാഗങ്ങളാണെന്ന് പണ്ഡിതർ പറയുന്നു.

ഹുസൈനീ പാരമ്പര്യം ആൺമക്കളിലൂടെ കടന്നുപോകുന്നത് അലി അസ്ഗർ സൈനുൽ ആബിദീൻ (റ) ന്റെ പരമ്പരയിലൂടെ മാത്രമാണ്. അവർക്ക് പതിനൊന്ന് ആൺമക്കളും അഞ്ച് പെൺമക്കളുമാണുണ്ടായിരുന്നത്. ഈ പതിനൊന്ന് പേരിൽ അഞ്ചാളുകളിലൂടെ ഹുസൈനീ പാരമ്പര്യം ലോകത്ത് വ്യാപിച്ചു കിടക്കുന്നു. ശൈഖ് ജീലാനി (റ) യുടെ മാതാവും പിതാവും ഹുസൈനീ പരമ്പരയുടെ കണ്ണികളാണ്.
കർബല യുദ്ധത്തോടെ അഹ്്ലുബൈത്ത് ഒന്നടങ്കം ഇല്ലാതായി എന്ന വാദം നിരർഥകമാണ്. ഹസൻ (റ) ന്റെ മകൻ സൈദ് (റ), ഹസൻ (റ) എന്നിവരുടെ മക്കളിലേക്കും ഹുസൈൻ (റ) ന്റെ മകൻ സൈനുൽ ആബിദീൻ (റ) ന്റെ മക്കളിലേക്കുമാണ് സാദാത്ത് പരമ്പരയുടെ വേരുകൾ ചെന്നെത്തുന്നത്. അഹ്ലുബൈത്തും ഇബ്‌നു സിയാദിന്റെ പട്ടാളക്കാരും തമ്മിൽ നടന്ന കർബല യുദ്ധ ചരിത്രത്തിലെ അധിക സംഭവങ്ങളും റിപ്പോർട്ട് ചെയ്തത് ശീഈ പണ്ഡിതനായ അബൂ മിഖ്‌നഫാണ് (അൽ ബിദായത്തു വന്നിഹായ). അതുകൊണ്ടു തന്നെ അദ്ദേഹം രേഖപ്പെടുത്തിയ ചരിത്ര ഭാഗങ്ങൾ സ്വീകാര്യ യോഗ്യമല്ല. മാത്രമല്ല, പലതും കെട്ടിച്ചമക്കപ്പെട്ടവയുമാണ്.

പ്രമാണം

നബി (സ) യുടെ പരമ്പര നിലനിൽക്കുന്നത് പെൺമക്കളിലൂടെയാണെന്നതിന് നിരവധി തെളിവുകൾ ഖുർആനിലും ഹദീസിലും വന്നിട്ടുണ്ട്. ഒരിക്കൽ ജഅ്ഫർ (റ) നെ അന്നത്തെ ഖലീഫ ചോദ്യം ചെയ്തു. നിങ്ങൾ എന്തടിസ്ഥാനത്തിലാണ് നബി തങ്ങളുടെ സന്തതികളാണെന്ന് പറയുന്നത് ?. ജഅ്ഫർ (റ) ആൻആം സൂറത്തിലെ 84, 85 ആയത്തുകൾ ഓതിക്കേൾപ്പിച്ചു. ഈ സൂക്തങ്ങളിൽ നൂഹ് നബി (അ) യുടെയും ഇബ്‌റാഹീം നബി (അ) യുടെയും സന്താന പാരമ്പരയിലാണ് ഈസാ നബി (അ) യെ അല്ലാഹു എണ്ണുന്നത്. അവർക്ക് പിതാവുണ്ടായിരുന്നില്ലെന്നത് സുവിദിതം.

ഇതിനേക്കാൾ പ്രബലമായ തെളിവുകൾ മഹാന്മാർ രേഖപ്പെടുത്തുന്നു. ഒരിക്കൽ നജ്റാൻ ദേശത്ത് നിന്ന് ക്രിസ്തീയർ നബി (സ) യുടെ അടുത്തേക്ക് വന്നു, ഇവ്വിഷയത്തിൽ തർക്കത്തിലേർപ്പെട്ടു. യാഥാർഥ്യം മനസ്സിലായിട്ടും സ്വീകരിക്കാൻ തയ്യാറായില്ല. ഉടനെ അല്ലാഹു ആലു ഇംറാൻ സൂറത്തിലെ 61 ാമത്തെ സൂക്തം ഇറക്കി. “ഇനിയും സത്യം മനസ്സിലാക്കാൻ തയ്യാറായിട്ടില്ലെങ്കിൽ എന്റെ സന്തതികളും സ്ത്രീകളും ഞാൻ തന്നെയും വരാം. നിങ്ങളുടെ സന്തതികളും സ്ത്രീകളും നിങ്ങളും തന്നെ വരുവിൻ’ നമുക്ക് പരസ്പരം ചർച്ച ചെയ്യാം. ക്രിസ്ത്യാനികൾ പറഞ്ഞു: നാളെ വരാം. അങ്ങനെ അടുത്ത ദിവസം നബി തങ്ങൾ തന്റെ നടക്കാറായ പേരക്കുഞ്ഞ് ഹസൻ (റ) ന്റെ കൈപിടിച്ചും ഹുസൈൻ (റ) നെ എടുത്തും ഫാത്വിമ ബീവി (റ) യോട് കൂടെ പോരാൻ പറഞ്ഞും അലി (റ) വിനെയും കൂട്ടി നടന്നു. ഇവിടെ മക്കളെ കൊണ്ടുവരാം എന്ന ഖുർആൻ ആജ്ഞക്ക് ഹസൻ (റ), ഹുസൈൻ (റ) എന്നിവരെയാണ് നബി (സ്വ) കൊണ്ടുപോയത്. അതുപോലെ ഒമ്പത് ഭാര്യമാർ ജീവിച്ചിരിക്കെ സ്ത്രീകളെ കൊണ്ടുവരാം എന്നതിന് മറുപടിയായി ഫാത്വിമ ബീവി (റ) യെയാണ് കൊണ്ടുവന്നത്. നിങ്ങളുടെ ശരീരത്തെയും കൊണ്ടുവരിക എന്ന ആജ്ഞക്ക് മറുപടിയായി നബി തങ്ങളും അലി (റ) യും ആണ് പോയത്. ഈ സംഭവം വ്യക്തമാക്കുന്നത് നബി തങ്ങളുടെ സന്താന പരമ്പര ഫാത്വിമ ബീവിയുടെ കടന്നു പോകുന്നുവെന്നതാണ്. ഹസൻ (റ), ഹുസൈൻ (റ) എന്നിവരും അവരുടെ സന്തതികളും നബി തങ്ങളുടെ മക്കളാണ് എന്ന് ഇമാം ബുഖാരിയും മുസ്‌ലിമും അടക്കം അനവധി പണ്ഡിതർ രേഖപ്പെടുത്തുന്നുണ്ട്.

അഹ്‌ലുബൈത്തിന്റെ വ്യാപനം

ഇസ്‌ലാമിക ലോകത്തെ പ്രശോഭിപ്പിച്ച നാല് ഖലീഫമാരുടെ കാലത്ത് നബി കുടുംബത്തിന് മുഖ്യപരിഗണനയാണ് നൽകിയിരുന്നത്. അവർക്കു വേണ്ട എല്ലാ കാര്യങ്ങളും ഭരണകർത്താക്കൾ ചെയ്തുകൊടുത്തിരുന്നു. പക്ഷേ, ഈ സേവനങ്ങൾ അധികകാലം നീണ്ടു നിന്നില്ല. മുആവിയ (റ) യുടെ നേതൃത്വത്തിൽ തുടക്കം കുറിച്ച ഉമവിയ്യ ഭരണത്തിലെ രണ്ടാം ഖലീഫ യസീദ് അധികാരം ഏറ്റടുത്തതോടെയാണ് അഹ്‌ലുബൈത്തിനോടുള്ള അവഗണനയാരംഭിക്കുന്നത്. മാത്രമല്ല നിരവധി പീഡനങ്ങളും അവഹേളനങ്ങളും ആക്രമണങ്ങളും ഏൽക്കേണ്ടി വന്നു. അതിനുദാഹരമാണ് കർബല. പീഡനങ്ങൾ സഹിക്കവയ്യാതെ അവർ പലായനമാരംഭിച്ചു. ഇതോടെയാണ് നാനാദിക്കുകളിൽ അഹ്‌ലുബൈത്ത് വ്യാപിക്കാനിടയായത്.
തിരുനബിയുടെ ആറാമത്തെ പൗത്രൻ മൂസൽ കാളിം (റ) ഇറാഖിലേക്കാണ് പലായനം ചെയ്തത്. മഹാന്റെ അനുജ സഹോദരനും നബി (സ) യുടെ അഞ്ചാമത്തെ പേരമകനുമായ അലിയ്യുൽ ഉറൈള് (റ) ഹിജ്റ 210 ൽ മദീനയിലാണ് മരണപ്പെട്ടത്. അവരുടെ പുത്രൻ സഅദും (റ) പൗത്രൻ ഈസ (റ) യും ഇറാഖിലായിരുന്നു. ഈസ (റ) യുടെ മകൻ അഹ്്മദുൽ മുഹാജിർ (റ) ആണ് യമനിലെത്തിയ ആദ്യ അഹ്്ലുബൈത്ത്. നബി (സ)യുടെ എട്ടാമത്തെ പേരക്കുട്ടിയാണ് അദ്ദേഹം. തുടർന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സാദാത്തീങ്ങളെ പ്രസരണം ചെയ്യാൻ ഭാഗ്യം ലഭിച്ച മണ്ണാണ് യമനിന്റേത്. കേരളത്തിലെ പ്രധാന ഖബീലകളായ അലവി, ബാഅലവി, ബാഫഖീഹ്, ശിഹാബ്, ജമലുല്ലൈലി, സഖാഫ് തുടങ്ങിയ പാരമ്പരകളുടെയെല്ലാം വേരുകൾ ചെന്നെത്തുന്നത് യമനിലേക്കാണ്.

കേരളത്തിലേക്ക്

മൂസൽ കാളിം (റ) ന്റെ മകൻ മൂസ രിളാ (റ) ഇറാഖിൽ നിന്ന് തൂസിലേക്ക് കുടിയേറി. അവിടെ അന്ത്യ വിശ്രമം കൊള്ളുന്ന മഹ്്മൂദ് (റ) ബുഖാറയായിരുന്നു പ്രബോധനത്തിന് തിരഞ്ഞെടുത്തിരുന്നത്. യമനിൽ നിന്ന് നബി കുടുംബം വിവിധ ഖബീലകളായി കേരളത്തിലെത്തുന്നതിന് മുമ്പേ ബുഖാറയിൽ നിന്ന് അഹ്്ലുബൈത്ത് കേരളത്തിലെത്തിയിട്ടുണ്ട്. മഹ്്മൂദ് (റ) ന്റെ പത്തൊൻമ്പതാം പേരമകൻ ജലാലുദ്ദീൻ ബുഖാരി (റ) ആണ് കേരളത്തിലെത്തിയ ആദ്യ സയ്യിദ്. കണ്ണൂരിലെ വളപട്ടണമായിരുന്നു അദ്ദേഹത്തിന്റെ കർമ മണ്ഡലം. രാജാക്കന്മാരും നാട്ടുകാരും ആ മഹാനെയും സന്താന പാരമ്പരയെയും വളരെ ആദരവോടെയായിരുന്നു കണ്ടിരുന്നത്. അവിടുത്തെ സന്താന പരമ്പര കേരളത്തിനകത്തും പുറത്തും വൈജ്ഞാനിക രംഗത്ത് വിപ്ലവങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. ഈ ഖബീലയിൽപ്പെട്ടവർക്കാണ് ബുഖാരി എന്ന പേര് ലഭിച്ചത്.
സാദാത്തീങ്ങളിലൂടെയുള്ള അനുഗ്രഹ പ്രസരണത്തിന് അന്ത്യം കുറിക്കുന്നത് ഈസാ നബി (അ) യുടെ വരവോടെയാണ്. അന്ന് ആ ദൗത്യം നിർവഹിച്ചു കൊണ്ടിരിക്കുന്ന ഇമാം മഹ്ദി (റ) ഈസാ നബി (അ) ക്ക് ചുമതല കൈമാറും. മഹ്ദി ഇമാമിന്റെ നേതൃത്വത്തിലുള്ള ജമാഅത്ത് നിസ്‌കാരത്തിന് ജാമിഅ ഉമവിയ്യയിൽ ഇഖാമത്ത് വിളിക്കുന്ന സമയത്തായിരിക്കും ഈസാ നബി (അ) ഇറങ്ങി വരിക. തുടർന്ന് പള്ളിയിലേക്ക് പ്രവേശിക്കുന്ന ഈസാ നബി (അ) യെ കാണുമ്പോൾ മഹ്ദി ഇമാം മാറി നിൽക്കും. “വേണ്ട, ഇഖാമത്ത് നിങ്ങൾക്ക് വേണ്ടി വിളിക്കപ്പെട്ടതാണ്. അതുകൊണ്ട് അങ്ങ് ഇമാമത്ത് നിൽക്കണം’. ആ സുബ്ഹി നിസ്‌കാരാനന്തരം തിരുനബിയിൽ നിന്ന് അഹ്്ലുബൈത്ത് സ്വീകരിച്ച ഹിദായത്തിന്റെ പ്രകാശം തിരിച്ച് നബിമാരിലേക്ക് തന്നെ കൈമാറും.
(അവസാനിച്ചു.)

സയ്യിദ് സൽമാനുൽ ഫാരിസ് കരിപ്പൂർ
[email protected]