Connect with us

Kerala

ജിഷ്ണുവിന്റെ മരണം ആത്മഹത്യയെന്ന്; രണ്ടുപേര്‍ക്കെതിരെ പ്രേരണക്കുറ്റം ചുമത്തി സി ബി ഐ

Published

|

Last Updated

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണം ആത്മഹത്യയാണെന്ന് വ്യക്തമാക്കി സി ബി ഐയുടെ കുറ്റപത്രം. കേസില്‍ രണ്ടുപേര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയപ്പോള്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി. തെളിവില്ലെന്ന കാരണത്താലാണ് കൃഷ്ണദാസിനെ ഒഴിവാക്കിയത്. കോളജ് വൈസ് പ്രിന്‍സിപ്പല്‍ എന്‍ ശക്തിവേല്‍, ഇന്‍വിജിലേറ്ററും അസിസ്റ്റന്റ് പ്രൊഫസറുമായ സി പി പ്രവീണ്‍ എന്നിവര്‍ക്കെതിരെയാണ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയിട്ടുള്ളത്.

അഞ്ചു പേരെയാണ് നേരത്തെ കേസ് ക്രൈം ബ്രാഞ്ച് കേസന്വേഷിച്ചപ്പോള്‍ കണ്ടെത്തിയിരുന്നത്. കൃഷ്ണദാസ്, എന്‍ ശക്തിവേല്‍, പി പി പ്രവീണ്‍ എന്നിവര്‍ക്കു പുറമെ പി ആര്‍ ഒ. സഞ്ജിത് വിശ്വനാഥന്‍, പരീക്ഷാ ചുമതലയുണ്ടായിരുന്ന അധ്യാപകന്‍ ബിപിന്‍ എന്നിവരാണ് പ്രതിപ്പട്ടികയിലുണ്ടായിരുന്നത്. ജിഷ്ണു പരീക്ഷയില്‍ കോപ്പിയടിച്ചെന്ന് പ്രചരിപ്പിച്ചതാണ് ആത്മഹത്യക്ക് കാരണമെന്നാണ് സി ബി ഐ കണ്ടെത്തിയിട്ടുള്ളത്. ജിഷ്ണു കോപ്പിയടിച്ചെന്ന് ശക്തിവേലും പ്രവീണും ബലമായി എഴുതി വാങ്ങുകയായിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

അതേസമയം, ശക്തിവേലും പ്രവീണും ആയുധങ്ങള്‍ മാത്രമാണെന്നും ഇവരെ ഉപയോഗിച്ചവരെ തെളിവില്ലെന്ന് പറഞ്ഞ് വെറുതെവിടുകയാണ് ചെയ്തതെന്നും ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്ത് ആരോപിച്ചു. സംഭവത്തില്‍ ശാസ്ത്രീയ പരിശോധന നടന്നിട്ടില്ലെന്നു മാത്രമല്ല, വിശദമായ മൊഴിയും രേഖപ്പെടുത്തിയിട്ടില്ല. വിഷയമുന്നയിച്ച് സുപ്രീം കോടതിയില്‍ ഹരജി നല്‍കുമെന്ന് ശ്രീജിത്ത് വ്യക്തമാക്കി.
2017 ജനുവരി ആറിനാണ് ജിഷ്ണുവിനെ കോളജിലെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Latest