ദളിത് മാപ്പിള പാരസ്പര്യങ്ങള്‍ ഇഴകീറി ചര്‍ച്ച

Posted on: September 30, 2019 1:23 pm | Last updated: September 30, 2019 at 1:23 pm

ചാവക്കാട്: എക്കാലവും പ്രസക്തമായ രണ്ടു വിഭാഗം ഇരകളുടെ ചേര്‍ന്നു നില്‍പ്പുകള്‍ ഇഴകീറി പരിശോധിച്ച ചര്‍ച്ചാവേദി പ്രസക്തമായ ചിന്തകളുടെ സംഗമ വേദിയായി മാറി. എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവിന് ഭാഗമായി വേദി മൂന്നില്‍ കാലത്ത് 11 മണിക്ക് നടന്ന ചര്‍ച്ചയില്‍ ‘ദളിത് മാപ്പിള പാരസ്പര്യം ഇന്നലെകളു ഇന്നും’ എന്ന വിഷയത്തില്‍ വിവിധ തുറകളിലെ പ്രമുഖര്‍ തങ്ങളുടെ കാഴ്ചപ്പാടുകള്‍ പങ്കുവെച്ചു. മനുഷ്യര്‍ എല്ലാവരും ഒരുമിച്ചു നില്‍ക്കാനാണ് ദളിത് മുസ്ലിം പാരസ്പര്യം കാലങ്ങളായി ചര്‍ച്ചയാവുന്നത് എന്ന് ആമുഖ സന്ദേശം നല്‍കി സി പി ശഫീഖ് ബുഖാരി പറഞ്ഞു. ദളിത് മുസ്ലിം പാരമ്പര്യം കേവല ഐക്യത്തിന് അപ്പുറം ചില രാഷ്ട്രീയ മാനങ്ങള്‍ കൂടി കൈവരിച്ചതായി ചര്‍ച്ചയില്‍ ഇടപെട്ട് സംസാരിച്ച പ്രമുഖ എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ കെ കെ കൊച്ച് അഭിപ്രായപ്പെട്ടു. ഹൈദരാബാദ് യൂണിവേഴ്‌സിറ്റി ജെ എന്‍ യു തുടങ്ങിയ ഇടങ്ങളിലെ മുസ്ലിം ദളിത് ഐക്യങ്ങള്‍ ആശാവഹമാണ.് രാജ്യത്തെ പൊതു തിരഞ്ഞെടുപ്പ് സമയത്ത് പ്രകാശ് അംബേദ്കര്‍, അസദുദ്ദീന്‍ ഉവൈസി തുടങ്ങിയവര്‍ ഉയര്‍ത്തിപ്പിടിച്ച സന്ദേശവും അതായിരുന്നു. 2014 ലെ സാമ്പത്തിക പ്രശ്‌നങ്ങള്‍ മുന്നോട്ടുവെച്ച രണ്ടുകോടി തൊഴിലവസരങ്ങളും സാമ്പത്തിക അഭിവൃദ്ധിയും തരാമെന്നു പറഞ്ഞ് അധികാരത്തിലേറിയ മോദി അന്ന് ദേശീയ പ്രശ്‌നങ്ങളെ മുന്നോട്ടുവെക്കാതെ വിജയിക്കുകയായിരുന്നു. രാഷ്ട്രീയ ഇസ്ലാമിനെക്കാള്‍ കള്‍ച്ചറല്‍ ഇസ്ലാം ആണ് കേരളത്തില്‍ ചര്‍ച്ച ചെയ്യേണ്ടത്. പ്രമുഖ പ്രഭാഷകന്‍ ചേറൂര്‍ അബ്ദുള്ള മുസ്ലിയാര്‍ ചര്‍ച്ചയില്‍ പങകെടുത്ത് പ്രസംഗിച്ചു. എന്‍ എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി സമാപന പ്രഭാഷണം നടത്തി.