വാക്കുകളെ നിശ്ശബ്ദമാക്കുന്ന കാലത്ത് എഴുത്തുകാരന് മിണ്ടാതിരിക്കാനാകില്ല: കെ സച്ചിദാനന്ദന്‍

Posted on: September 29, 2019 1:09 am | Last updated: September 29, 2019 at 1:09 am

ചാവക്കാട്: വാക്കുകളെ നിശ്ശബ്ദമാക്കുന്ന കാലത്ത് എഴുത്തുകാരന് മിണ്ടാതിരിക്കാനാകില്ലെന്ന് കെ സച്ചിദാനന്ദന്‍. ഇരുപത്തിയാറാമത് എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവ് പുരസ്‌കാരം സ്വീകരിച്ചു കൊണ്ട് ഇരുണ്ട കാലത്തെ പാട്ടുകള്‍ എന്ന വിഷയത്തില്‍ അദ്ദേഹം പ്രഭാഷണം നടത്തി. ഇസ്‌ലാമോഫോബിയ പ്രത്യക്ഷമായി പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്ന പുതിയ കാലത്ത് കലാസാഹിത്യ പ്രവര്‍ത്തനം പ്രതിരോധമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അധികാരത്തിന്റെ ധിക്കാരത്തില്‍ നിരന്തരം ഇസ്‌ലാം വിരുദ്ധ വിദ്വേഷം കുത്തിവെക്കുകയാണ് ഭരണകൂടം. എല്ലാ മതങ്ങളും മുന്നോട്ട് വെക്കുന്നത് സ്നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും സന്ദേശമാണ്. കൃത്യമായ അജന്‍ഡകള്‍ നിര്‍മിച്ചു കൊണ്ടാണ് ഭരണകൂടം വര്‍ഗീയതയെ ഉയര്‍ത്തിക്കൊണ്ടു വരുന്നത്. ഇത്തരത്തിലുള്ള കെട്ടകാലത്ത് അധികാരത്തോട് സത്യം വിളിച്ചുപറയാന്‍

എഴുത്തുകാരന് കഴിയണം. അപ്പോഴാണ് കഥയും കവിതയുമെല്ലാം പ്രതിരോധത്തിന്റെ ആയുധമായി മാറുന്നത്. എല്ലാ കലകളുടെയും അടിത്തറ ആത്മീയതയാണ്. എല്ലാത്തരത്തിലുള്ള അടിച്ചമര്‍ത്തലുകളില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ എക്കാലത്തും മനുഷ്യന്‍ ശ്രമം നടത്തിയിട്ടുണ്ട്. പ്രതിരോധം ഒരു പരിശ്രമമാണ്. അനീതിക്കെതിരെ നിവര്‍ന്നു നില്‍ക്കാന്‍ ഒരുങ്ങുന്നത് പോലും അത്തരത്തിലുള്ള ഒരു പരിശ്രമത്തിന്റെ ഭാഗമാണ്. ഭീതിയുടെയും നിരന്തര നിരീക്ഷണങ്ങളുടെയും ഇടയില്‍ രോഷം കൊള്ളാന്‍ പോലും കഴിയാത്ത വിധമാണ് നാം ജീവിച്ചു കൊണ്ടിരിക്കുന്നത്. ദേശസ്നേഹത്തെയും ദേശീയ വാദത്തെയും അഭിമാനത്തില്‍ നിന്നും അഹന്തയിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരികയാണിന്ന്. സങ്കുചിതമായ ദേശീയവാദമാണ് ഹിംസയുടെ പ്രഭവം. ചരിത്രത്തിനകത്ത് സവിശേഷമായ രൂപങ്ങളില്‍ ഹിംസ നിലനില്‍ക്കുന്നുണ്ട്. ഹിംസയുടെ അനേകം രൂപങ്ങള്‍ ഒന്നിച്ചു ചേരുമ്പോഴാണ് ജനാധിപത്യം വെല്ലുവിളിക്കപ്പെടുന്നത്. ആദിവാസികളും
ദളിതരും ഉള്‍ക്കൊള്ളുന്ന അടിച്ചമര്‍ത്തപ്പെട്ട ജനതയുടെ ഐക്യപ്പെടലിലൂടെ മാത്രമേ ഫാഷിസ്റ്റ് ഭീകരതയെ നേരിടാന്‍ കഴിയൂ. മുതലാളിത്വം എല്ലാത്തിനെയും വില്‍പ്പന ചരക്കാക്കി മാറ്റുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.