ചന്ദ്രയാന്‍ രണ്ട്: വിക്രം ലാന്‍ഡര്‍ ഇടിച്ചിറങ്ങിയതായി സ്ഥിരീകരിച്ച് നാസ

Posted on: September 27, 2019 4:57 pm | Last updated: September 27, 2019 at 4:57 pm

വാഷിംഗ്ടണ്‍: ഇന്ത്യയുടെ ചന്ദ്രയാന്‍-2 ദൗത്യത്തിലെ വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങുകയായിരുന്നുവെന്ന് സ്ഥിരീകരിച്ച് യുഎസ് ബഹിരാകാശ സ്ഥാപനമായ നാസ. വിക്രം ലാന്‍ഡര്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തേണ്ടിയിരുന്ന ഭാഗത്തിന്റെ ചിത്രം നാസയുടെ നിരീക്ഷണ പേടകം പകര്‍ത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ലാന്‍ഡര്‍ ഇടിച്ചിറങ്ങിയതായി നാസ സ്ഥിരീകരിച്ചത്. അതേസമയം, വിക്രം ലാന്‍ഡറിന്റെ ദൃശ്യം ചിത്രത്തിലില്ല.

സെപ്റ്റംബര്‍ 17 ന് നാസയുടെ ലൂണാര്‍ റീകണൈസന്‍സ് ഓര്‍ബിറ്റര്‍ (എല്‍ആര്‍ഒ) ബഹിരാകാശ പേടകമാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. സന്ധ്യാസമയത്താണ് ചിത്രങ്ങള്‍ എടുത്തതെന്നും ലാന്‍ഡറിനെ കണ്ടെത്താന്‍ ടീമിന് കഴിഞ്ഞില്ലെന്നും യുഎസ് ബഹിരാകാശ ഏജന്‍സി അറിയിച്ചു.

150 കിലോമീറ്റര്‍ വിസ്ത്രിതിയുള്ള പ്രദേശത്തിന്റെ ചിത്രമാണ് പേടകം പകര്‍ത്തിയത്. അതുകൊണ്ട് തന്നെ ലാന്‍ഡറിനെ ഈ ചിത്രത്തില്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഒക്‌ടോബറില്‍ ചന്ദ്രോപരിതലത്തിലെ വെളിച്ചം അനുകൂലമാകുമ്പോള്‍ ഓര്‍ബിറ്ററിന് പുതിയ ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ കഴിയുമെന്നും ഇതിലൂടെ വിക്രം ലാന്‍ഡറിനെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും നാസയിലെ ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തി.

ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തേണ്ടിയിരുന്ന വിക്രം ലാന്‍ഡറിന് അവസാന നിമിഷം വിക്ഷേപണ കേന്ദ്രവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. ഉപരിതലത്തിന് 2100 മീറ്റര്‍ മുകളില്‍ നിന്നാണ് ലാന്‍ഡര്‍ ഉപരിതലത്തില്‍ ഇടിച്ചിറങ്ങിയത്. ഇതേതുടര്‍ന്ന് പ്രഗ്യാന്‍ റോവറിന് കേടുപറ്റിയിരിക്കാമെന്നും നാസ അറിയിച്ചു.