Connect with us

Kerala

ആദ്യദിനം തന്നെ ആവേശം; വരവറിയിച്ച് മേയര്‍ ബ്രോ - VIDEO

Published

|

Last Updated

തിരുവനന്തപുരം: സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ട ദിനം തന്നെ വട്ടിയൂര്‍കാവ് മണ്ഡലത്തില്‍ പ്രചാരണാവേശവുമായി ഇടത് സ്ഥാനാര്‍ഥി വി കെ പ്രശാന്ത്. നിരവധി വാഹനങ്ങള്‍ അണിനിരന്ന റോഡ് ഷോ വട്ടിയൂര്‍കാവിലെ തീപാറും പോരാട്ടത്തിന്റെ കാഹളമായി.

കനത്ത മത്സരം നടക്കുന്ന മണ്ഡലത്തില്‍ വര്‍ദ്ധിത ആവേശത്തോടെ നൂറ് കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് റോഡ് ഷോ നടത്തി വി കെ പ്രശാന്ത്‌ തന്റെ വരവറിയിച്ചു. സ്ഥാനാര്‍ഥിത്വം യുവാക്കള്‍ക്കുള്ള അംഗീകാരമെന്ന് പ്രതികരിച്ച മേയര്‍ ബ്രോ മണ്ഡലം തിരിച്ചു പിടിക്കുമെന്ന പ്രതീക്ഷയിലാണ്.

സാമുദായിക താത്പര്യങ്ങള്‍ക്കപ്പുറം യുവത്വത്തിനാണ് മണ്ഡലത്തില്‍ പ്രഥമ പരിഗണന ലഭിച്ചത്. ഇന്നലെ ചേര്‍ന്ന സി പി എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി കോര്‍പറേഷന്‍ മേയര്‍ വി കെ പ്രശാന്തിന്റെ സ്ഥാനാര്‍ഥിത്വം അംഗീകരിക്കുകയായിരുന്നു. സാമുദായിക സമവാക്യങ്ങള്‍ മാറ്റിവെച്ച് യുവ നേതാവിനെ തന്നെ കളത്തിലിറക്കാനായിരുന്നു സി പി എം ജില്ലാ സെക്രട്ടേറിയറ്റില്‍ പൊതുവെ ഉയര്‍ന്ന വികാരം. മേയര്‍ എന്ന നിലയിലുള്ള പ്രശാന്തിന്റെ മികച്ച പ്രതിച്ഛായയും പ്രളയകാലത്തെ സഹായ പ്രവര്‍ത്തനങ്ങളും യുവാക്കള്‍ക്കിടയിലുള്ള സ്വീകാര്യതയും പ്രശാന്തിന് മുതല്‍ക്കൂട്ടാകുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

യുവനേതാവ്, പഞ്ചായത്ത് അംഗം, അഭിഭാഷകന്‍ തുടങ്ങി വ്യത്യസ്തമായ മേഖലകളിലൂടെയാണ് പ്രശാന്ത് കടന്നു വന്നത്. കോര്‍പറേഷനില്‍ നിന്ന് ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്, 3,272 വോട്ട്. എസ് എഫ് ഐയിലൂടെയായിരുന്നു വി കെ പ്രശാന്തിന്റെ രാഷ്ട്രീയ രംഗത്തേക്കുളള രംഗ പ്രവേശം. പഠനകാലത്ത് സജീവ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു. തുമ്പ സെന്റ് സേവ്യേഴ്സ് കോളജിലാണ് പ്രീഡിഗ്രിക്ക് പഠിച്ചത്. ആ സമയത്ത് മാഗസിന്‍ എഡിറ്റര്‍, കോളജ് യൂനിയന്‍ ചെയര്‍മാന്‍ പദവികള്‍ വഹിച്ചു. നിലവില്‍ സി പി എം ജില്ലാ കമ്മിറ്റി അംഗമാണ്.

പേരൂര്‍ക്കട ലോ അക്കാദമിയില്‍ ചേര്‍ന്ന സമയത്ത് എസ് എഫ് ഐ ജില്ലാ കമ്മിറ്റിയംഗം, കഴക്കൂട്ടം ഏരിയ സെക്രട്ടറി പദവികളും വഹിച്ചിട്ടുണ്ട്. പിന്നീട് കഴക്കൂട്ടം പഞ്ചായത്തിലെ കരിയില്‍ വാര്‍ഡിലെ പ്രായം കുറഞ്ഞ മെമ്പറെന്ന പദവിയും പ്രശാന്തിന്റെ പേരിലാണുള്ളത്. പിതാവ് എസ് കൃഷ്ണന്‍ പഞ്ചായത്ത് ഉദ്യോഗസ്ഥനാണ്. മാതാവ് ജെ വസന്ത. ഭാര്യ രാജി. മകള്‍ ആലിയ.

വീഡിയോ:

Latest