പാലായില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി വോട്ട് മറിച്ചെന്ന് ബിജെപി മണ്ഡലം പ്രസിഡന്റ്

Posted on: September 23, 2019 11:19 pm | Last updated: September 24, 2019 at 11:17 am

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പില്‍ എന്‍ ഡി എ സ്ഥാനാര്‍ഥി എന്‍ ഹരി വോട്ടുമറിച്ചെന്ന് ബി ജെ പി പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ബിനു പുളിക്കകണ്ടം. 5000 വോട്ട് മറിക്കാമെന്നായിരുന്നു യു ഡി എഫുമായി ധാരണ. 2016ല്‍ കെ എം മാണിക്ക് വേണ്ടിയും ഹരി വോട്ടു മറിച്ചതായും ബിനു ആരോപിച്ചു. ഇക്കാര്യങ്ങള്‍ പുറത്തറിയുമെന്ന് ഹരി ഭയപ്പെട്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ജില്ലാ പ്രസിഡന്റ് കൂടിയായ എന്‍ ഹരി ബിനുവിനെ ഇന്നലെ പാര്‍ട്ടിയില്‍നിന്നും സസ്പെന്റ് ചെയ്തതിന് പിന്നാലെയാണ് ബിനുവിന്റെ വെളിപ്പെടുത്തല്‍. എന്‍ ഡി എ സ്ഥാനാര്‍ഥി എന്‍ ഹരിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ബിനു സജീവമായിരുന്നില്ല. തിരഞ്ഞെടുപ്പ് പ്രക്രിയകളില്‍ ഗുരുതര വീഴ്ച വരുത്തിയെന്ന് കണ്ടെത്തി ബിനുവിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. നിലവില്‍ പാലാ നഗരസഭാ കൗണ്‍സിലര്‍ കൂടിയായ ബിനു പുളിക്കകണ്ടം നേരത്തെ കേരളാ കോണ്‍ഗ്രസ് (എം)ലായിരുന്നു. കഴിഞ്ഞ ദിവസം ജോസ് കെ.മാണി വിഭാഗം വിട്ട് ജോസഫ് വിഭാഗത്തിലേക്ക് ചേക്കേറിയ കുര്യാക്കോസ് പടവന്റെ അടുത്ത അനുയായി ആയിട്ടാണ് ബിനു അറിയപ്പെടുന്നത്. ഹരി വോട്ട് മറിച്ചത് തനിക്ക് അറിയാമായിരുന്നെന്നും അതിനാണ് തനിക്കെതിരെ നടപടിയെന്നുമാണ് ബിനുവിന്റെ ആരോപണം. താന്‍ നേരത്തെ രാജി സമര്‍പ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ തനിക്കെതിരെ നടപടിയില്‍ പ്രസക്തിയില്ലെന്നും ബിനു പറഞ്ഞു.