മില്‍മ പാലിന്റെ വില വര്‍ധന ഇന്നു മുതല്‍ പ്രാബല്യത്തില്‍

Posted on: September 19, 2019 9:29 am | Last updated: September 19, 2019 at 1:55 pm

തിരുവനന്തപുരം: മില്‍മ പാലിന്റെ വില വര്‍ധന ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ലിറ്ററിന് നാല് രൂപയാണ് വില കൂടിയിട്ടുള്ളത്. മഞ്ഞനിറമുള്ള കവറിലും ഇളം നീലനിറമുള്ള കവറിലുമുള്ള പാലിന് ലിറ്ററിന് 44 രൂപയാണ് പുതിയ വില. കടും നീല കവറില്‍ വരുന്നതിന് 46 രൂപയാകും. കാവി, പച്ച നിറമുള്ള കവറുകളിലുള്ള കൊഴുപ്പ് കൂടിയ പാലിന്റെ പുതുക്കിയ വില 48 രൂപയാണ്. അതേസമയം, പുതിയ വില രേഖപ്പെടുത്തിയ കവര്‍ തയാറാകും വരെ പഴയ വിലയുള്ള പാക്കറ്റുകള്‍ തന്നെയായിരിക്കും ഉപയോഗിക്കുക.

കാലിത്തീറ്റയടക്കമുള്ള ഉത്പാദന വസ്തുക്കളും വില വലിയ തോതില്‍ വര്‍ധിച്ചതോടെയാണ് പാലിന്റെ വില വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാറിന് ശിപാര്‍ശ നല്‍കിയതെന്ന് മില്‍മ അധികൃതര്‍ പറഞ്ഞു. ശിപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. കൂട്ടിയ വിലയില്‍ മൂന്നു രൂപ 35 പൈസ ക്ഷീര കര്‍ഷകര്‍ക്ക് ലഭിക്കും.