പി എസ് സി ചോദ്യപേപ്പര്‍ ചോര്‍ച്ച: സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി

Posted on: September 18, 2019 2:28 pm | Last updated: September 18, 2019 at 3:37 pm

കൊച്ചി: പി എസ് സി ചോദ്യപേപ്പര്‍ ചോര്‍ന്ന കേസ് സി ബി ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. കേസ് ഗൗരവ സ്വഭാവമുള്ളതാണെന്ന് കോടതി പറഞ്ഞു. എന്നാല്‍, സി ബി ഐ അന്വേഷണം ആവശ്യമില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. പി എസ് സി പരീക്ഷാ തട്ടിപ്പില്‍ സ്വതന്ത്ര ഏജന്‍സി നിഷ്പക്ഷ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

പി എസ് സി പരീക്ഷ കുറ്റമറ്റ രീതിയില്‍ നടത്തേണ്ടതാണ്. പരീക്ഷ കഴിയാതെ ചോദ്യങ്ങള്‍ പുറത്ത് പോകാന്‍ പാടില്ല. എന്നാല്‍, പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയിലെ ചോദ്യങ്ങള്‍ പരീക്ഷ അവസാനിക്കുന്നതിന് മുമ്പ് പുറത്തുവിടുകയാണ് പ്രതികള്‍ ചെയ്തത്. പരീക്ഷ നടന്ന ജൂലൈ 22ന് ഉച്ചക്ക് രണ്ടിനും മൂന്നിനുമിടയില്‍ ഇരുവര്‍ക്കും 93 മൊബൈല്‍ ഫോണ്‍ സന്ദേശങ്ങള്‍ ലഭിച്ചെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.