മരടിലെ ഫ് ളാറ്റുകള്‍ പൊളിക്കുംമുമ്പെ പരിസ്ഥിതി ആഘാത പഠനം നടത്തണമെന്ന് സുപ്രീം കോടതിയില്‍ ഹരജി

Posted on: September 17, 2019 10:37 pm | Last updated: September 18, 2019 at 11:44 am

ന്യൂഡല്‍ഹി: മരടിലെ ഫ്‌ളാറ്റ് സമുച്ചയം പൊളിച്ച് മാറ്റുംമുന്നെ പരിസ്ഥിതി ആഘാത പഠനം നടത്തണമെന്ന് ആവശ്യപ്പെട്ട് സമീപവാസി സുപ്രീംകോടതിയെ സമീപിച്ചു. 20നകം പൊളിച്ച് മാറ്റാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ച ഫ്‌ളാറ്റ് സമുച്ചയത്തിന് 100 മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന എം.ജി അഭിലാഷാണ് സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയത്.

കൂറ്റന്‍ ഫ്‌ളാറ്റ് സമുച്ചയം പൊളിച്ചുമാറ്റുന്നത് ഏറെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നതാണ്. അത്തരമൊരു സാഹചര്യമുണ്ടായാല്‍ ഏറെ ഗുരുതരമായി ബാധിക്കുക സമീപവാസികളെയാണ്. ഈ സാഹചര്യത്തില്‍ ഐ.ഐ.ടിയുടെ മേല്‍നോട്ടത്തില്‍ പരിസ്ഥിതി ആഘാത പഠനം നടത്തണം. അതിനുശേഷം മാത്രമേ ഫ്‌ളാറ്റ് സമുച്ചയം പൊളിച്ച് നീക്കാന്‍ അനുവദിക്കാവൂവെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

ഇതുമായി ബന്ധപ്പെട്ട ഒരു ഹര്‍ജിയും മറ്റൊരു ബഞ്ചും കേള്‍ക്കരുതെന്ന് കേസില്‍ വിധിപറഞ്ഞ ജ. അരുണ്‍മിശ്രയുടെ ഉത്തരവ് നിലനില്‍ക്കുമ്പോള്‍ തന്നെയാണ് സുപ്രീംകോടതിയില്‍ വിഷയത്തില്‍ മറ്റൊരു റിട്ട് ഹര്‍ജി കൂടിയെത്തിയത്.