Connect with us

National

ചിന്മയാനന്ദക്കെതിരെ പീഡനാരോപണം ഉന്നയിച്ച പെണ്‍കുട്ടിയെ കോടതിയിലെത്തിച്ച് മൊഴിയെടുത്തു

Published

|

Last Updated

ലഖ്‌നൗ: ബി ജെ പി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ സ്വാമി ചിന്മയാനന്ദിനെതിരെ പീഡന കുറ്റം ആരോപിച്ച പെണ്‍കുട്ടിയെ മൊഴി രേഖപ്പെടുത്തുന്നതിനായി പ്രാദേശിക കോടതിയില്‍ ഹാജരാക്കി. 23കാരിയായ നിയമ വിദ്യാര്‍ഥിയെയാണ് യു പി ഷാജഹാന്‍പൂരിലെ കോടതിയില്‍ തിങ്കളാഴ്ച ഹാജരാക്കിയത്. പ്രത്യേക അന്വേഷണ സംഘം കനത്ത സുരക്ഷയിലാണ് പെണ്‍കുട്ടിയെ കൊണ്ടുവന്നത്.

ഷാജഹാന്‍പൂരില്‍ കോളജ് നടത്തുന്ന ചിന്മയാനന്ദ തന്നെ ഒരു വര്‍ഷം മുമ്പ് പീഡിപ്പിച്ചതായും സ്ഥാപനത്തിലെ നിരവധി വിദ്യാര്‍ഥിനികളെ നശിപ്പിച്ചതായും ആരോപിച്ച് പീഡനത്തിന് ഇരയായ പെണ്‍കുട്ടി സാമൂഹിക മാധ്യമത്തില്‍ കുറിപ്പും വീഡിയോയും പോസ്റ്റ് ചെയ്തിരുന്നു. ചിന്മയാനന്ദയുടെ കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു പെണ്‍കുട്ടി. വീഡിയോ വൈറല്‍ ആയതോടെ ചിന്മയാനന്ദിനെതിരെ പോലീസ് കേസെടുത്തു. എന്നാല്‍, ആരോപണം നിഷേധിച്ച ചിന്മയാനന്ദ തന്നില്‍ നിന്ന് പണം തട്ടാനുള്ള അടവാണിതെന്ന് പ്രതികരിച്ചിരുന്നു.

വ്യാഴാഴ്ച ചിന്മയാനന്ദയെ പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) എട്ട് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഞായറാഴ്ച വീണ്ടും ചോദ്യം ചെയ്യലിന് വിധേയനാക്കി. പെണ്‍കുട്ടി പോസ്റ്റ് ചെയ്ത വീഡിയോ ദൃശ്യത്തിലുള്ള മൂന്നു പേരെയും ചിന്മയാനന്ദയുടെ ഉടമസ്ഥതയിലുള്ള ലോ കോളജിലെയും പി ജി കോളജിലെയും പ്രിന്‍സിപ്പല്‍മാരെയും എസ് ഐ ടി ചോദ്യം ചെയ്തു. സുപ്രീം കോടതി നിര്‍ദേശ പ്രകാരം സെപ്തംബര്‍ മൂന്നിനാണ് കേസ് അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചത്.
വെള്ളിയാഴ്ച ചിന്മയാനന്ദയുടെ ആശ്രമത്തിലുള്ള കിടപ്പുമുറി പെണ്‍കുട്ടിയുടെ സാന്നിധ്യത്തില്‍ ഫോറന്‍സിക് സംഘം പരിശോധിച്ചിരുന്നു. ചിന്മയാനന്ദക്കെതിരായ തെളിവുകളുള്ള ഒരു പെന്‍ ഡ്രൈവ് പെണ്‍കുട്ടി അന്വേഷണ സംഘത്തിന് കൈമാറുകയും ചെയ്തു.

---- facebook comment plugin here -----

Latest