ഉത്തര്‍പ്രദേശിലും പൗരത്വ പട്ടിക കൊണ്ടുവരാന്‍ ബി ജെ പി സര്‍ക്കാറിന്റെ നീക്കം

Posted on: September 16, 2019 12:32 pm | Last updated: September 16, 2019 at 2:15 pm

ലഖ്‌നോ: ഉചിതമായ സമയത്ത് അസം മാതൃകയില്‍ ഘട്ടം ഘട്ടമായി ഉത്തര്‍ പ്രദേശിലും പൗരത്വ പട്ടിക കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്യസുരക്ഷക്ക് പ്രധാനപ്പെട്ടതും വളരെ ധീരവുമായ നടപടിയാണ് അസമിലുണ്ടായത്. അവിടെ നടപ്പിലാക്കിയ രീതി ഞങ്ങള്‍ക്ക് മുന്നിലൊരു മാതൃകയാണ്. അവരുടെ അനുഭവം ഉപയോഗിച്ച് ഘട്ടം ഘട്ടമായി ഉത്തര്‍പ്രദേശിലും നടപ്പിലാക്കാന്‍ കഴിയും. ദേശസുരക്ഷയെ സംബന്ധിച്ചെടുത്തോളം ഇത് വളരെ പ്രധാനപ്പെട്ടതാണ്. പാവങ്ങളുടെ അവകാശങ്ങള്‍ അനധികൃത കുടിയേറ്റക്കാര്‍ തട്ടിയെടുക്കുന്നത് അവസാനിപ്പിക്കാന്‍ ഇതിലൂടെ കഴിയും- യോഗി പറഞ്ഞു.

അസമിന് പിന്നാലെ ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളും പൗരത്വ പട്ടിക നടപ്പാക്കാന്‍ നീക്കം നടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഹരിയാനയില്‍ പൗരത്വ പട്ടിക കൊണ്ടു വരുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞിരുന്നു.