Connect with us

Kerala

ഭാഷയുടെ പേരില്‍ സംഘര്‍ഷ വേദി തുറക്കാന്‍ ശ്രമം; സംഘ്പരിവാര്‍ നീക്കത്തിനെതിരെ പിണറായി

Published

|

Last Updated

തിരുവനന്തപുരം: ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഹിന്ദി സംസാരിക്കാത്തതു കൊണ്ട് താന്‍ ഇന്ത്യക്കാരനല്ല എന്ന് ഒരു ഇന്ത്യന്‍ പൗരനും തോന്നേണ്ട സാഹചര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദി രാഷ്ട്രഭാഷയായി അംഗീകരിക്കപ്പെട്ടിരിക്കുമ്പോള്‍ തന്നെ വ്യത്യസ്ത ഭാഷകളെ അംഗീകരിക്കുന്ന രൂപമാണ് രാജ്യത്തുള്ളത്. അത് ഇല്ലാതാക്കുന്ന നീക്കത്തില്‍ നിന്ന് സംഘ്പരിവാര്‍ പിന്മാറണം. എഫ് ബിയില്‍ നല്‍കിയ പോസ്റ്റില്‍ മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തിന് ഒരു ഭാഷയുണ്ടാകേണ്ടത് അനിവാര്യമാണെന്നും ലോകത്ത് അതിലൂടെയായിരിക്കണം ഇന്ത്യ തിരിച്ചറിയപ്പെടേണ്ടതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യയെ ഒരുമിപ്പിക്കുന്നതിന് ഒരു ഭാഷക്ക് സാധിക്കുമെങ്കില്‍ അത് രാജ്യത്ത് ഏറ്റവും കൂടുതല്‍ സംസാരിക്കുന്ന ഹിന്ദിക്കായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഒന്നായി നിലനിര്‍ത്താന്‍ ഹിന്ദി ഭാഷക്ക് സാധിക്കുമെന്നും മാതൃഭാഷക്കൊപ്പം ഹിന്ദി ഉപയോഗിക്കുന്നത് വര്‍ധിപ്പിക്കണമെന്നും അമിത് ഷാ ഹിന്ദി ദിവസത്തിനോടനുബന്ധിച്ച് ട്വിറ്ററില്‍ കുറിച്ചു. സര്‍ദാര്‍ വല്ലഭായ് പട്ടേലും മഹാത്മാ ഗാന്ധിയും സ്വപ്നം കണ്ട ഒരു രാജ്യം ഒരു ഭാഷ എന്ന ലക്ഷ്യത്തിനായി ജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു.

മുഖ്യമന്ത്രിയുടെ എഫ് ബി പോസ്റ്റിന്റെ പൂര്‍ണ രൂപം:
“രാജ്യവ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടും ഹിന്ദി അജന്‍ഡ യില്‍ നിന്ന് പിന്മാറാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തയാറാകാത്തത് ഭാഷയുടെ പേരില്‍ സംഘ്പരിവാര്‍ പുതിയ സംഘര്‍ഷ വേദി തുറക്കുന്നതിന്റെ ലക്ഷണമാണ്. രാജ്യത്തെ ഒരുമിപ്പിച്ച് നിര്‍ത്താനാകുക ഹിന്ദിക്കാണെന്ന ധാരണ ശുദ്ധ ഭോഷ്‌കാണ്. ദക്ഷിണേന്ത്യയിലെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ ഹിന്ദി സംസാരിക്കുന്നവരല്ല. അവിടങ്ങളിലെ പ്രാഥമിക ഭാഷയാക്കി ഹിന്ദിയെ മാറ്റണം എന്നത് അവരുടെയാകെ മാതൃഭാഷകളെ പുറന്തള്ളലാണ്. പെറ്റമ്മയെപ്പോലെ മാതൃഭാഷയെ സ്‌നേഹിക്കുന്ന മനുഷ്യന്റെ ഹൃദയവികാരത്തിനു നേരെയുള്ള യുദ്ധ പ്രഖ്യാപനമാണത്.

ഹിന്ദി രാഷ്ട്രഭാഷയായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഭാഷയുടെ പേരില്‍ രാജ്യത്ത് പറയത്തക്ക തര്‍ക്കങ്ങളൊന്നും നിലനില്‍ക്കുന്നില്ല. ഹിന്ദി സംസാരിക്കാത്തതു കൊണ്ട് താന്‍ ഇന്ത്യക്കാരനല്ല എന്ന് ഒരു ഇന്ത്യന്‍ പൗരനും തോന്നേണ്ട സാഹചര്യവുമില്ല. വ്യത്യസ്ത ഭാഷകളെ അംഗീകരിക്കുന്ന രാഷ്ട്ര രൂപമാണ് ഇന്ത്യയുടേത്. അതിന് ഭംഗം വരുത്തുന്ന നീക്കത്തില്‍ നിന്ന് സംഘ്പരിവാര്‍ പിന്മാറണം. രാജ്യവും ജനങ്ങളും നേരിടുന്ന സുപ്രധാന പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ഇത്തരം നീക്കങ്ങള്‍ തിരിച്ചറിയപ്പെടുന്നുണ്ട് എന്ന് സംഘ്പരിവാര്‍ മനസ്സിലാക്കുന്നത് നന്ന്.”

---- facebook comment plugin here -----

Latest