വ്യാജ ത്വരീഖത്തുകളെ കരുതിയിരിക്കുക: സമസ്ത

Posted on: September 14, 2019 2:41 pm | Last updated: September 14, 2019 at 2:41 pm

തൃശൂർ: തൃശ്ശൂർ ജില്ലയിലെ എടക്കഴിയൂർ, വെന്മേനാട് പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ത്വരീഖത്ത് എന്ന പേരിലുള്ള ചിലരുടെ പ്രവർത്തനങ്ങൾ ശരീഅത്ത് വിരുദ്ധമാണെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജില്ലാ കമ്മിറ്റി അറിയിച്ചു. കോഴിക്കോട് ജില്ലക്കാരനായ ഒരു വൈദ്യനാണ് നേതൃത്വം നൽകുന്നത്. ഇവരുടെ വാദഗതികൾ തീർത്തും ശരീഅത്ത് വിരുദ്ധമാണ്. നിസ്‌കാരം വേണ്ടെന്ന് പറയുന്ന അവർ മറ്റുള്ളവരെ നിസ്‌കാരത്തിൽ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യുന്നു.

റമസാനിൽ ഉച്ചക്ക് ബിരിയാണി വിളമ്പി നോമ്പ് മുറിപ്പിച്ചതും വിസമ്മതിച്ചവരെ നിർബന്ധപൂർവം മുറിപ്പിച്ചതും ഹജ്ജിന് പോകാനൊരുങ്ങിയ അനുയായികളെ പിന്തിരിപ്പിച്ചതും വിവാദങ്ങൾക്കിടയാക്കിയിരുന്നു. ഇത്തരം ശരീഅത്ത് വിരുദ്ധ നടപടികൾ നടക്കുന്ന “മൗല’ സംഘത്തിൽ മുസ്‌ലിംകൾ ഉൾപ്പെടരുതെന്നും പെട്ടുപോയവർ സത്യം മനസ്സിലാക്കി പിന്തിരിയണമെന്നും ജില്ലാ കമ്മറ്റി അഭ്യർഥിച്ചു.
ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളാൽ സ്ഥിരപ്പെട്ടതും നബിയും സ്വഹാബത്തും താബിഉകളും വിശ്വവിഖ്യാതരായ ത്വരീഖത്തിന്റെ മശാഇഖുമാരും കാണിച്ചുതന്നതുമായ വഴിയാണ് അഹ്‌ലുസുന്നത്തി വൽ ജമാഅ. ഖുർആനും തിരുസുന്നത്തും അനുസരിച്ച് എങ്ങനെ ജീവിക്കണമെന്നും ആരാധന നടത്തണമെന്നും മുൻഗാമികൾ പഠിപ്പിച്ചു തന്നിട്ടുണ്ട്. ഇസ്‌ലാമിക ശരീഅത്ത് നിയമങ്ങൾ പാലിക്കുന്നതിൽ അതിസൂക്ഷ്മതയുടെ പാത സ്വീകരിക്കലാണ് ത്വരീഖത്തുകൾ. ശരീഅത്തിന്റെ നിയമങ്ങൾ പാലിക്കാത്ത ത്വരീഖത്ത് ഇസ്‌ലാം അംഗീകരിക്കുന്നില്ല. സമസ്ത ജില്ലാ പ്രസിഡണ്ട് താഴപ്ര മുഹ്്യിദ്ദീൻ കുട്ടി മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു.

വെന്മേനാട് ടി പി അബൂബക്കർ മുസ്്ലിയാർ ഉദ്ഘാടനംചെയതു. സയ്യിദ് ഫസൽ ഹൈദ്രൂസി, ഐ എം കെ ഫൈസി, മുസ്തഫ കാമിൽ സഖാഫി, അബ്ദുർറഹ്്മാൻ ഫൈസി കല്ലൂർ, അബ്ദുല്ല അൻവരി, മുഹമ്മദ് അൻവരി, അബ്ദുല്ലത്തീഫ് അസ്ഹരി അബൂബക്കർ മുസ്്ലിയാർ ബ്രാലം, പി എം ഷഫീർ സഖാഫി, എ എ ഇസഹാഖ് ഫൈസി, യൂസുഫൽ ഹസനി കല്ലൂർ , അബ്ദുൽ ഖാദർ സഖാഫി കല്ലൂർ, ഉമ്മർ മുസ്‌ലിയാർ കടുങ്ങല്ലൂർ ചർച്ചയിൽ പങ്കെടുത്തു. ജില്ലാ ജനറൽ സെക്രട്ടറി മൊയ്തു ബാഖവി മാടവന സ്വാഗതം പറഞ്ഞു.