Connect with us

Ongoing News

ബംഗ്ലാ കടുവകളെ എറിഞ്ഞിട്ടു; അണ്ടര്‍ 19 ഏഷ്യാ കപ്പ് ഇന്ത്യക്ക്

Published

|

Last Updated

കൊളംബോ: അണ്ടര്‍ 19 ക്രിക്കറ്റ് ഏഷ്യാകപ്പ് കിരീടം ഇത്തവണയും ഇന്ത്യക്ക്. വാശിയേറിയ കലാശപ്പോരില്‍ ബംഗ്ലാദേശിനെതിരെ അഞ്ച് റണ്‍സിന് തോല്‍പിച്ചാണ് ഇന്ത്യന്‍ യുവ നിര കിരീടം നിലനിര്‍ത്തിയത്. ഇത് ഏഴാം തവണയാണ് ഇന്ത്യ ചാമ്പ്യന്‍മാരാകുന്നത്.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ബാറ്റിംഗില്‍ തകര്‍ന്നടിഞ്ഞെങ്കിലും ബോളിംഗ് നിര കരുത്ത് കാട്ടുകയായിരുന്നു. 107 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശിനെ ഇന്ത്യ 5 റണ്‍സ് അകലെ 101 ന് പുറത്താക്കുകയായിരുന്നു. അതര്‍വ അങ്കലോക്കറിന്റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് 33 ഓവറില്‍ ബംഗ്ലാദേശ് ബാറ്റിംഗ് നിരയെ തകര്‍ത്തെറിഞ്ഞത്. ആകാശ് സിംഗ് മൂന്ന് വിക്കറ്റും വിദ്യാധര്‍ പാട്ടീല്‍ സുഷാന്ത് മിശ്ര എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

ഇന്ത്യയുടെ 106 റണ്‍സിന് മറുപടി ബാറ്റംഗിനിറങ്ങിയ ബംഗ്ലാദേശിന് മൂന്ന് റണ്‍സ് നേടുന്നതിനിടെ ആദ്യ വിക്കറ്റും 40 റണ്‍സെടുക്കുന്നതിനിടെ 5 വിക്കറ്റും നഷ്ടമായി. ബാറ്റിംഗ് നിരയില്‍ നാല് താരങ്ങള്‍ മാത്രമാണ് രണ്ടക്കം കണ്ടത്. നായകന്‍ അക്ബറലിയുടെ 23 റണ്‍സ് മാത്രമാണ് അവര്‍ക്ക് ആശ്വാസമായത്. മൃതുന്‍ ജോയ് ചൗധരി 21 റണ്‍സ് നേടി.

32.4 ഓവറില്‍ 106 റണ്‍സിനു പുറത്തായ ഇന്ത്യന്‍ നിരയില്‍ മൂന്ന് താരങ്ങള്‍ക്ക് മാത്രമാണ് രണ്ടക്കം കാണാനായത്. 37 റണ്‍സെടുത്ത കരണ്‍ ലാലാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. നായകന്‍ ധ്രുവ് ജൂറല്‍ 33 റണ്‍സ് നേടി. എട്ട് റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യയെ എട്ടാമനായെത്തിയ കരണ്‍ ലാലാണ് നൂറിലേക്ക് കരകയറ്റിയത്. ബംഗ്ലാദേശിനായി ഷമീം ഹുസൈന്‍, മൃത്തുഞ്ജയ് എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.