കേസ് ഡയറി അതിവേഗം സമർപ്പിക്കാൻ അന്വേഷണ സംഘം

Posted on: September 11, 2019 6:14 am | Last updated: September 11, 2019 at 1:16 pm

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ച് ഓടിച്ച കാറിടിച്ച് സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ എം ബഷീർ കൊല്ലപ്പെട്ട കേസിൽ കേസ് ഡയറി വേഗത്തിൽ സമർപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘം. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഡി ജി പി കർശന നിർദേശം നൽകിയിരുന്നു. എന്നാൽ അപകടം നടന്ന് ഒരു മാസവും ഒരാഴ്ചയും പിന്നിടുമ്പോഴും പ്രത്യേക അന്വേഷണ സംഘത്തിന് പ്രധാനപ്പെട്ട മൂന്ന് റിപ്പോർട്ടുകൾ ഇനിയും ലഭിക്കാനുണ്ട്.

ഫോറൻസിക് പരിശോധനാ റിപ്പോർട്ട്, മോട്ടോർ വാഹന പരിശോധനാ റിപ്പോർട്ട്, അപകടത്തിൽ പെട്ട കാർ പരിശോധിച്ച ഫോക്‌സ് വാഗൺ കമ്പനിയുടെ റിപ്പോർട്ട് എന്നിവയാണ് ലഭിക്കാനുള്ളത്. ഫോറൻസിക് , മോട്ടോർ വാഹന റിപ്പോർട്ടുകൾ വേഗത്തിൽ ലഭിക്കാൻ ഇതിനകം അന്വേഷണ സംഘം കത്ത് നൽകിയിട്ടുണ്ട്. ഫോക്‌സ് വാഗൺ കമ്പനിയുടെ റിപ്പോർട്ട് വേഗത്തിൽ ലഭിക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസവും കമ്പനിക്ക് നിർദേശം നൽകിയിരുന്നു. ഇതനുസരിച്ച് ഉടൻ തന്നെ ഇവർ റിപ്പോർട്ട് നേരിട്ടെത്തി സമർപ്പിക്കുമെന്നും വ്യക്തമാക്കിയിരുന്നു.

അപകടത്തിൽ കേസെടുത്ത മ്യൂസിയം പോലീസ് പ്രതികൾക്കൊപ്പം ചേർന്ന് കേസ് അട്ടിമറിക്കാനുള്ള ശ്രമം നടത്തിയതിനെ തുടർന്ന് പത്രപ്രവർത്തക യൂനിയൻ, തിരുവനന്തപുരം പ്രസ്‌ക്ലബ്, സിറാജ് മാനേജ്‌മെന്റ് എന്നിവരുടെ ആവശ്യത്തെ തുടർന്നാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചത്. കേസ് അട്ടിമറിക്കാൻ കൂട്ടു നിന്ന മ്യൂസിയം ക്രൈം എസ് ഐ ജയപ്രകാശിനെ സസ്‌പെൻഡ് ചെയ്ത ശേഷമാണ് പ്രത്യേക അന്വേഷണ സംഘത്തെ തീരുമാനിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്.

ക്രമസമാധാനപാലന ചുമതലയുള്ള എ ഡി ജി പി ഡോ. ഷെയ്ക്ക് ദർവേഷ് സാഹിബാണ് അന്വേഷണത്തിന്റെ മേൽനോട്ടം. തിരുവനന്തപുരം സിറ്റി നർക്കോട്ടിക്ക് സെൽ അസി. കമ്മീഷണർ ഷീൻ തറയിലിനെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ചാണ് അന്വേഷണ സംഘം പ്രവർത്തനം തുടങ്ങിയതെങ്കിലും പിന്നീട് ക്രൈം ബ്രാഞ്ച് എസ് പി. എ ഷാനവാസിന് മുഖ്യചുമതല നൽകി.
വിഴിഞ്ഞം കോസ്റ്റൽ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എ അജി ചന്ദ്രൻ നായർ, ക്രൈം ബ്രാഞ്ച് ആസ്ഥാനത്തെ ഇൻസ്‌പെക്ടർ എസ് എസ് സുരേഷ് ബാബു എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങൾ. സംഭവവുമായി ബന്ധപ്പെട്ട് പോലീസിനെതിരെ ഉയർന്ന ആരോപണങ്ങൾ ഉൾപ്പെടെ അന്വേഷിക്കാനാണ് സംഘത്തെ നിയോഗിച്ചത്.

എന്നാൽ ലോക്കൽ പോലീസിനെ ന്യായീകരിക്കുന്ന വിധത്തിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചതോടെ പ്രത്യേക അന്വേഷണ സംഘവും വിമർശനമേറ്റു വാങ്ങേണ്ടി വന്നിരുന്നു. ഇതിന് ശേഷമാണ് സംഘത്തിന്റെ മുഖ്യ അന്വേഷണ ചുമതല എസ് പി ഷാനാവാസിന് നൽകിയത്. ഇതിനിടെ കേസിൽ ആരോപണ വിധേയനായ മ്യൂസിയം സി ഐ സുനിലിനെ സ്ഥലം മാറ്റിയിരുന്നു. അപകടം നടന്ന സമയത്ത് സ്റ്റേഷൻ ഹൗസ് ഓഫീസറായ സുനിൽ സ്ഥലത്തുണ്ടായിരുന്നില്ല. ക്രൈം എസ് ഐ ജയപ്രകാശിനായിരുന്നു പകരം ചുമതല. വാഹനമോടിച്ചിരുന്ന ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധന നടത്താതെ സ്വകാര്യ ആശുപത്രിയിലേക്ക് വിട്ടയച്ച് കാറോടിച്ചത് ഒപ്പമുണ്ടായിരുന്ന യുവതി വഫാ ഫിറോസാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചും, ക്രൈം എസ് ഐ കേസ് വഴിതിരിച്ചുവിടാൻ തുടക്കത്തിൽ തന്നെ ഇടപെട്ടു. എന്നാൽ, ഈ ഇടപെടൽ സി ഐ സുനിലിന്റെ നിർദ്ദേശ പ്രകാരമായിരുന്നുവെന്നാണ് ആരോപണം.

ലോക്കൽ പോലീസ് കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിനാൽ തുടക്കം മുതൽ വലിയ പാളിച്ചകളാണ് ഉണ്ടായിരുന്നത്. മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്ത എഫ് ഐ ആറിൽ അപകടം ഉണ്ടാക്കിയ കാർ ആരാണ് ഓടിച്ചിരുന്നതെന്ന് രേഖപ്പെടുത്തിയിരുന്നില്ല. സംഭവ സ്ഥലത്ത് വെച്ചു തന്നെ അപകടം ഉണ്ടാക്കിയ കാറിലുണ്ടായവരെ തിരിച്ചറിഞ്ഞിരുന്നുവെങ്കിലും അവരുടെ പേരു വിവരങ്ങളും എസ് ഐ ജയപ്രകാശ് എഫ് ഐ ആറിൽ രേഖപ്പെടുത്തിയിട്ടില്ല. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരുന്നത്. ഇന്ത്യൻ ശിക്ഷാ നിയമം 279, 304 എന്നീ വകുപ്പുകൾ പ്രകാരമാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്.
ശ്രീറാം വെങ്കിട്ടരാമനെ സംരക്ഷിക്കുന്നതിനായി മദ്യപിച്ച് വാഹനമോടിച്ചുവെന്ന പരാമർശവും എഫ് ഐ ആറിലില്ല. പ്രതികൾക്ക് ജാമ്യം ലഭിക്കുന്ന തരത്തിലായിരുന്നു എഫ് ഐ ആർ തയ്യാറാക്കിയിരുന്നത്. പിന്നീട് മാധ്യമങ്ങളുടേയും ബന്ധപ്പെട്ടവരുടേയും നിരന്തര സമ്മർദ്ദത്തിനൊടുവിലാണ് ജാമ്യമില്ലാ വകുപ്പ് ചാർജ് ചെയ്യുന്നതും വെങ്കിട്ടരാമനെ റിമാൻഡ് ചെയ്യുന്നതും.