ചന്ദ്രബാബു നായിഡുവിനെയും മകനെയും വീട്ടുതടങ്കലിലാക്കി; ഗുണ്ടൂരില്‍ നിരോധനാജ്ഞ

Posted on: September 11, 2019 10:50 am | Last updated: September 11, 2019 at 4:48 pm

അമരാവതി: ആന്ധ്ര മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും മകന്‍ നാരാ ലോകേഷും ഉള്‍പ്പടെ തെലുഗുദേശം പാര്‍ട്ടി (ടി ഡി പി)യുടെ പ്രമുഖ നേതാക്കളെ സംസ്ഥാനം ഭരിക്കുന്ന വൈ എസ് ആര്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വീട്ടുതടങ്കലിലാക്കി. ടി ഡി പി പ്രവര്‍ത്തകരെ ആക്രമിക്കുന്നതില്‍ പ്രതിഷേധിച്ച് വൈ എസ് ജഗന്‍മോഹന്‍ റെഡ്ഢി സര്‍ക്കാറിനെതിരെ പ്രതിഷേധ റാലി നടത്താനിരിക്കെയാണ് നേതാക്കളെ വീട്ടുതടങ്കലിലാക്കിയത്.

ഇന്ന് വന്‍ പ്രതിഷേധ പരിപാടികളാണ് ടി ഡി പി ആസൂത്രണം ചെയ്തിരുന്നത്. പ്രതിഷേധത്തിന് അധികൃതര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് സംസ്ഥാന വ്യാപക ഹര്‍ത്താലിനും നായിഡു ആഹ്വാനം ചെയ്തിരുന്നു. അതിനിടെ, ഇന്ന് രാവിലെ നായിഡുവിന്റെ വീട്ടിലേക്ക് പോകാനെത്തിയ ടി ഡി പി നേതാക്കളെയും പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റ് ചെയ്തു.

അക്രമ സാധ്യത കണക്കിലെടുത്ത് ഗുണ്ടൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 144 നിലവിലുള്ള സാഹചര്യത്തില്‍ ടി ഡി പിയുടെ പ്രതിഷേധം നടത്താന്‍ കഴിയില്ലെന്ന് ഡി ജി പി ഗൗതം സവാംഗ് വ്യക്തമാക്കി. സമാധാനം നിലനിര്‍ത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ക്കാനാണ് ടി ഡി പിയുടെ ശ്രമമെന്നും അത് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഢി പറഞ്ഞു.

ഗുണ്ടൂരിലെ അത്മാകൂറില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് പ്രദേശത്തു നിന്ന് നിരവധി പേര്‍ വീടൊഴിഞ്ഞു പോയിട്ടുണ്ട്.