കശ്മീര്‍: യു എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ പാക് വാദങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ

Posted on: September 10, 2019 9:51 pm | Last updated: September 11, 2019 at 10:14 am

ജനീവ: യു എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ കശ്മീര്‍ സംബന്ധിച്ച പാക് വാദങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ. കശ്മീരില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് നടക്കുന്നതെന്നും അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നുമുള്ള പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറൈശിയുടെ പരാമര്‍ശം കള്ളമാണ്. ജമ്മു കശ്മീരില്‍ താത്ക്കാലിക നിയന്ത്രണങ്ങള്‍ മാത്രമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അത് പിന്‍വലിച്ചു വരികയുമാണ്. കശ്മീരില്‍ തിരഞ്ഞെടുപ്പ് അടക്കമുള്ള പ്രക്രിയകള്‍ വീണ്ടും ആരംഭിക്കും. ഭീകരവാദം സ്‌പോണ്‍സര്‍ ചെയ്യുകയും വളര്‍ത്തുകയും ചെയ്യുന്ന പാകിസ്ഥാന്‍ പച്ചക്കള്ളങ്ങളാണ് പ്രചരിപ്പിക്കുന്നത്. കശ്മീര്‍ തങ്ങളുടെ ആഭ്യന്തര വിഷയമാണെന്ന് വ്യക്തമാക്കിയ ഇന്ത്യ മൂന്നാമതൊരു കക്ഷി ഇക്കാര്യത്തില്‍ ഇടപെടരുതെന്ന് ആവശ്യപ്പെട്ടു.

കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളില്‍ ആശങ്കയുണ്ടെന്നും ഇന്ത്യ കശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തണമെന്നും
യു എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ അധ്യക്ഷന്‍ മിഷേല്‍ ബാച്ചലെ പറഞ്ഞപ്പോഴാണ് നിലപാടുമായി പാക് വിദേശകാര്യ മന്ത്രി എഴുന്നേറ്റത്. കശ്മീരിലേക്ക് യു എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ അന്വേഷണക്കമ്മീഷനെ നിയോഗിക്കണമെന്നും പാക് പ്രതിനിധി ആവശ്യപ്പെട്ടു.

വിദേശകാര്യ മന്ത്രാലയത്തിലെ കിഴക്കന്‍ ഏഷ്യയുടെ ചുമതലയുള്ള സെക്രട്ടറി വിജയ് ഠാക്കൂര്‍ സിംഗ്, പാക്കിസ്ഥാന്‍ പുറത്താക്കിയ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബിസാരി എന്നിവരടക്കമുള്ള ഉന്നതതല സംഘം കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തു. വിജയ് ഠാക്കൂര്‍ സിംഗാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് കൗണ്‍സിലില്‍ പ്രസ്താവന നടത്തിയത്.