മലയാളിയുടെ ഉടമസ്ഥതയിലുള്ള ആശുപത്രി അടച്ചു പൂട്ടി

Posted on: September 9, 2019 8:49 pm | Last updated: September 9, 2019 at 8:49 pm

അബുദാബി: മലയാളിയുടെ ഉടമസ്ഥതയില്‍ അല്‍ ഐന്‍, അബുദാബി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന യൂണിവേഴ്‌സല്‍ ഹോസ്പിറ്റല്‍ അടച്ചുപൂട്ടി. ആശുപത്രി അടച്ചുപൂട്ടാന്‍ അംഗീകാരം നല്‍കിയതായി ആരോഗ്യമേഖല റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. യൂനിവേഴ്സല്‍ ആശുപത്രിയുടെ ഉടമയുടെ അഭ്യര്‍ഥന പ്രകാരമാണ് അടച്ചു പൂട്ടാന്‍ അനുമതി നല്‍കിയത്. രോഗികളുടെ ചികിത്സ ഉറപ്പ് വരുത്തുന്നതിന് എല്ലാ രോഗികളെയും ഉടനടി ബദല്‍ ആശുപത്രികളിലേക്ക് മാറ്റുന്നതിന് പൂര്‍ണ പിന്തുണ നല്‍കിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

അബുദാബി നഗരത്തില്‍ എയര്‍പോര്‍ട്ട് റോഡിലാണ് ആശുപത്രി പ്രവര്‍ത്തിച്ചിരുന്നത്. അബുദാബിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഏറ്റവും ആധുനിക ആശുപത്രികളില്‍ ഒന്നായിരുന്നു യൂണിവേഴ്‌സല്‍ ആശുപത്രി. 200 കിടക്കകളുള്ള മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി രോഗികളെ സ്വീകരിക്കുന്നത് കുറച്ച് മുമ്പ് നിര്‍ത്തി. ശമ്പളവും സാമ്പത്തിക പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് ആശുപത്രി അടച്ചുപൂട്ടിയതെന്നും നിരവധി ജീവനക്കാര്‍ ഇതിനകം രാജി വെച്ചിട്ടുണ്ടെന്നും ആശുപത്രി ജീവനക്കാര്‍ പറഞ്ഞു. വര്‍ഷങ്ങളായി നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന അല്‍ഐനിലെ പ്രശസ്തമായ യൂണിവേഴ്സല്‍ ആശുപത്രി മൂന്ന് മുതല്‍ എട്ട് മാസത്തോളമാണ് ശമ്പള കുടിശ്ശിക വരുത്തിയിട്ടുള്ളതത്രെ.

രണ്ടാഴ്ച മുമ്പ് നാട്ടിലേക്ക് പോയ ആശുപത്രി ഉടമ തിരിച്ചു വരുമെന്ന് പ്രതീക്ഷയില്ലെന്ന് കാണിച്ച് ആശുപത്രിയിലെ ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റു ജീവനക്കാരും സംയുക്തമായി അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. 50 ഡോക്ടര്‍മാരും നൂറ്റമ്പതോളം നഴ്‌സുമാരും 170 ലേറെ മറ്റു ജീവനക്കാരും വര്‍ഷങ്ങളായി ഈ ആശുപത്രിയില്‍ ജോലി ചെയ്യുന്നു. ഡോക്ടര്‍മാരില്‍ കൂടുതലും മലയാളികളാണ്. നഴ്‌സുമാരില്‍ മുപ്പതോളം പേര്‍ മലയാളികളും ബാക്കിയുള്ളവര്‍ അറബ്, ഫിലിപ്പീന്‍സ് സ്വദേശികളുമാണ്.