കഥാഖ്യാനത്തിന്റെ ചിമിഴൊതുക്കം

അതിഥി വായന രാജ്യദ്രോഹികളുടെ വരവ് | ഷാഹുൽ ഹമീദ് കെ ടി
Posted on: September 9, 2019 7:07 pm | Last updated: September 9, 2019 at 7:08 pm
രാജ്യദ്രോഹികളുടെ വരവ് | ഷാഹുൽ ഹമീദ് കെ ടി

കാലം മാറുന്നു; കഥയും. എത്ര നന്നായെഴുതിയാലും നീണ്ടൊരു കഥ വായിക്കാൻ വായനക്കാരൻ ഒന്നു മടിക്കും. അത്രമേൽ ദൈർഘ്യമേറിയ കഥ വായിക്കാൻ തക്കൊരു മനസ്സല്ല ഇന്ന് മലയാളിയുടെത്. കമ്പോളാധിഷ്ഠിത നവസംസ്‌കാരം സൃഷ്ടിച്ച വായനാപരിസരം, എന്തിനെയും അതിജീവിക്കാനുള്ള ത്വര നിർമിച്ചെടുത്ത സാംസ്‌കാരിക പൊതുബോധം- ഇവയൊക്കെ വായനയെയും വായനാവിഭവ സ്വീകരണത്തെയും നിർണയിക്കാൻ മാത്രം ശക്തി സംഭരിച്ചിരിക്കുന്നു. കരുത്ത് കൊണ്ടല്ല, കാപട്യം കൊണ്ടാണ് കരുക്കൾ നീക്കേണ്ടതെന്ന് തിരിച്ചറിയുന്നിടത്ത് പരാജയ ബോധം പതുക്കെ പത്തിവിടർത്തുന്നത് കാണാം.

വായനക്കാർ കുറയുന്നു എന്നത് എക്കാലത്തെയും പരിഭവം പറച്ചിലാണ്. ഏതുതരം വായനക്കാരാണ് കുറയുന്നത്? ഏത് വായനാമണ്ഡലത്തിലാണ് അവരുടെ കുറവനുഭവപ്പെടുന്നത്? നവമാധ്യമങ്ങളുടെ വിസ്‌ഫോടന കാലത്ത് വിലാസിനിയുടെ അവകാശികൾ പോലുള്ളവ വായിച്ചുതീർക്കാൻ ആരെയാണ് ലഭിക്കുക? ആർക്കാണങ്ങനെ ധൂർത്തടിക്കാൻ സമയമുള്ളത്? ബാക്കിയാവുന്ന സമയത്തെ സറണ്ടർ ചെയ്ത് കീശ വീർപ്പിക്കാൻ തക്കം പാർക്കുന്ന മലയാളിക്കെവിടെ “ആൾക്കൂട്ടം’ വായിച്ചെടുക്കാൻ സമയം! ബഷീറിന്റെ നോവലുകളും ബെന്യാമിന്റെ ആടുജീവിതവും വായിച്ചവരൊക്കെയും ആരാച്ചാരും ഇട്ടിക്കോരയും മനുഷ്യനൊരാമുഖവും വായിച്ചുതീർത്തു എന്നു കരുതാനാവില്ല. വലുപ്പം വായനയെ ബാധിക്കാതിരിക്കുന്നില്ലെന്നാണ് സൂചന.

ചെറുകഥയിലേക്ക് തന്നെ തിരിച്ചുവരാം. നാതിദീർഘമായ സംവാദമാണ് കഥ എന്ന വില്യം സരോയന്റെ നിർവചനമുയർത്തുന്ന സംശയം, കഥയുടെ ദൈർഘ്യം എത്രമാത്രമാവാം എന്നതാണ്. കാലത്തിനും ദേശത്തിനും സംസ്‌കാരത്തിനും അനുസൃതമായ ദൈർഘ്യം എന്നു സ്വീകരിക്കുന്നതായിരിക്കും ഉചിതം. നോവലിനേക്കാൾ ലളിതവും ഏകകേന്ദ്രിത സംഭവാധിഷ്ഠിതവും ഏകേതിവൃത്തകേന്ദ്രിതവും ഏതാനും കഥാപാത്രങ്ങൾ മാത്രം ഉൾക്കൊള്ളുന്നതും ഒരു ചെറിയ കാലയളവിൽ സംഭവിക്കുന്നതുമാണല്ലോ ചെറുകഥ. ഇത്തരം പാരമ്പര്യ നിർവചനങ്ങളെ പുതുകഥകൾ പലപ്പോഴും മറികടക്കുന്നു. എഡ്ഗർ അലൻപോയുടെ അഭിപ്രായത്തിൽ ഒറ്റയിരുപ്പിൽ വായിച്ചു തീർക്കാവുന്നതാണ് കഥ. എന്നാൽ ഇന്ന്, മറ്റേതൊരു സാഹിത്യരൂപവും പോലെ കഥകളും വല്ലാതെ മാറിയിരിക്കുന്നു. ഒറ്റയിരുപ്പിലല്ല, ഒറ്റ നിൽപ്പിൽ വായിച്ചു തീർക്കാനാവുമോ എന്നതാണ് പരീക്ഷണം. അത്തരം അന്വേഷണം ചെന്നെത്തുന്നത് മിനിക്കഥകളിലും കുറുങ്കഥകളിലുമാണ്. നേരമില്ലാ നേരങ്ങളിൽ വായിച്ചുതീർക്കാവുന്ന ഇമ്മാതിരി കഥകൾ നമ്മുടെ കഥാപാരമ്പര്യത്തിന്റെ തുടർച്ചയെ പ്രതിനിധാനം ചെയ്യുന്നുണ്ടോ എന്നതും സംവാദാത്മകമാണ്. ഒറ്റയിരുപ്പിൽ/ നിൽപ്പിൽ വായിച്ചുതീർക്കാവുന്ന കഥകൾ എന്നു വിളിക്കാവുന്ന ഗണത്തിലാണ് ഷാഹുൽ ഹമീദ് കെ ടിയുടെ “രാജ്യദ്രോഹികളുടെ വരവ്’ ഉൾപ്പെടുന്നത്. കൃത്യതയും ക്രിറ്റിക്കൽ സ്വഭാവമുള്ളവയുമാണ് ഷാഹുലിന്റെ കഥകൾ. പരമാവധി ഒതുക്കി പറയുകയും ഒതുക്കലിന്റെ തീർച്ചയിൽ മൂർച്ചകൂട്ടിയ ഭാഷയുമാണ് കഥകളുടെ സാമാന്യസ്വഭാവങ്ങൾ. ആക്ഷേപഹാസ്യത്തിന്റെയും രാഷ്ട്രീയാംശത്തിന്റെയും ചേരുവയിൽ നിന്ന് വേണ്ടത് അരിച്ചെടുത്ത് നുണയാവുന്നതാണ്. ചിലപ്പോൾ തിക്തരസം പിണയും; അതു ജീവിതത്തിന്റെ തിക്താനുഭവങ്ങളിൽ നിന്ന് അറിയാതെ അടിഞ്ഞുകൂടിയതാണ്. അതിനാരോടും കയർത്തിട്ടു കാര്യമില്ല. നൂറിനെ പത്താക്കിയും പത്തിനെ ഒന്നാക്കിയും ആറ്റിക്കുറുക്കിയെടുക്കുന്ന ജീവിതകഥാ കഷായത്തിന് കയ്പല്ലാതെ മധുരമേറുമെന്ന് കരുതുന്നതല്ലേ വിഡ്ഢിത്തം? പറയാനുള്ളതൊക്കെയും ഷാഹുൽ ഹമീദിന്റെ “രാജ്യദ്രോഹികളുടെ വരവ്’ വിളിച്ചുപറയുന്നുണ്ട്. ബധിരകർണങ്ങളിൽ അതു നിരന്തരം അലോസരം സൃഷ്ടിക്കുന്നുണ്ട്. കണ്ണടച്ചിരുട്ടാക്കുന്നവരുടെ കണ്ണുകളെ കുത്തിനോവിക്കുന്നുമുണ്ട്. മൂന്ന് ഭാഗങ്ങളായി 110 കഥകൾ. ആദ്യ ഭാഗത്ത് രാഷ്ട്രീയാതിപ്രസരമുള്ള കഥകളും രണ്ടാം ഭാഗത്ത് പരിസ്ഥിതിയുമായി ബന്ധപ്പെട്ട കഥകളുമാണ്. അവസാന ഭാഗത്ത് പുതിയ കാലത്തിന്റെ നോവുകളും നൊമ്പരങ്ങളും ചേർത്തുവെച്ചിരിക്കുന്നു.

ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഇരുണ്ട അംശങ്ങളോടുള്ള നിലപാട്, വെളിപാടുകളായി പുറത്തേക്ക് ചിതറുന്നുണ്ട് ചില കഥകളിൽ. ദളിതന്റെ ജീവിതം അവനെ ആത്മഹത്യയിലേക്ക് ആനയിക്കുന്നു. കഴുത്തിൽ കയറു കുരുക്കാനൊരുങ്ങുമ്പോഴാണ് കാഫ്കയുടെ “രൂപാന്തരീകരണ’ത്തിലെ നായകനെപ്പോലെ അയാൾക്ക് രൂപമാറ്റം സംഭവിച്ചത്. തലയിൽ കൊമ്പു മുളക്കുകയും കാലുകളിൽ കുളമ്പു രൂപപ്പെടുകയും ചെയ്തു. ദളിത് സ്വത്വത്തെ മായ്ച്ചുകളഞ്ഞുള്ള പശുരൂപപ്രാപ്തി. യൂനിവേഴ്‌സിറ്റിയിൽ നിന്ന് പുറത്താക്കിയ വൈസ് ചാൻസലർ, പശുവായി മാറിയ ദളിതനെ വണ്ടിയിൽ നിന്നിറങ്ങി വന്ന് വണങ്ങുന്നു; നിന്ദിച്ചവർ വന്ദിച്ചു നിൽക്കുന്നു; വംശീയമായി അധിക്ഷേപിച്ചവർ വിധേയരായി മാറുന്നു. ചെറുതെങ്കിലും ‘പശുജന്മം’ എന്ന കഥ ദളിത്- ന്യൂനപക്ഷജന്മത്തിന്റെ ദൈന്യത്തെയാണ് വെളിപ്പെടുത്തുന്നത്. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഉച്ചിയിൽ കുത്തി നോവിക്കുന്നുണ്ടിത്.

ഭരണകൂടങ്ങൾ വംശീയവിദ്വേഷത്തിന്റെ കലിപൂണ്ടലറിയപ്പോൾ, സ്വരാജ്യവും അഭയമാവുമെന്നു കരുതിയ അയൽരാജ്യവും കൈവെടിഞ്ഞപ്പോൾ, അശരണർക്ക് അഭയം നൽകുന്ന തീരം പ്രതീക്ഷിച്ച് കടലിലേക്കെടുത്തു ചാടേണ്ടിവന്നവർ. രണ്ട് വഴികളാണ് മുന്നിൽ തെളിയുന്നത്. ഒന്ന്, മരണം; രണ്ട്, സമാധാനം പൂക്കുന്ന ദേശം. അങ്ങനെയൊരജ്ഞാത ദേശത്തായിരിക്കുമോ അവരണയുക? വംശീയതയുടെ നെറികേടുകളെ അവതരിപ്പിക്കുന്ന “കടലലർച്ചകൾ’ ഇത്തരം ചോദ്യങ്ങളുയർത്തുന്നു. വംശഹത്യകളുടെ നിഷ്ഠുരതകളാണ് രൗദ്രം, നിഷ്‌കാസിതൻ, ഉദ്ഖനനം തുടങ്ങിയവയിലെയും പ്രതിപാദ്യം.

തേടുന്നവനെ കിട്ടിയില്ലെങ്കിൽ കിട്ടുന്നവനെ മാവോയിസ്റ്റാക്കുന്ന ഭരണകൂട ഭീകരത “ഭയാനകം’. പോലീസും പട്ടാളവും ഭരണകൂടത്തിന്റെ പ്രതിനിധാനങ്ങളാണെന്നും ഭയം ജനിപ്പിക്കുന്ന കൃത്യങ്ങളിലൂടെ ഭരണകൂടത്തോടുള്ള ഭയഭക്തിബഹുമാനങ്ങൾ നിലനിർത്തുകയാണ് ലക്ഷ്യമെന്നും മിഷേൽ ഫൂക്കോ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മണ്ണിന് വേണ്ടി വാദിക്കുന്നവൻ മാവോവാദിയായി മുദ്രകുത്തപ്പെടുന്നു (മാവോവാദിയാവുക എന്നത് ഒരു കുറ്റമല്ലെന്ന കോടതിവിധി ഓർക്കുക). അല്ലെങ്കിൽ ഏറ്റുമുട്ടലിൽ മരിച്ച മാവോവാദിയായിത്തീരുന്നു. രണ്ടായാലും ഭീകരമെന്ന് “ഭയാനകം’ എന്ന കഥ. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ കുംഭകോണ ദുർഗന്ധം വമിക്കുന്ന നുറുങ്ങു കഥകളും ഈ ഭാഗത്തെ സമ്പുഷ്ടമാക്കുന്നുണ്ട്.

ആതുരസേവനരംഗത്ത് പ്രവർത്തിക്കുന്ന കഥാകാരന്റെ നേരനുഭവങ്ങളും കഥയെ സമ്പന്നമാക്കുന്നു. എ പി എൽ/ ബി പി എൽ വിഭജനത്തിന്റെ അടിസ്ഥാനത്തെ ചോദ്യം ചെയ്യുന്നു ചില കഥകൾ. ആശുപത്രിയിൽ വിതരണം ചെയ്യുന്ന റൊട്ടിയും പാലും കാർഡ് എ പി എൽ ആയതിന്റെ പേരിൽ ലഭിക്കാതെ പോവുന്ന ദരിദ്രയുടെ ദയനീയ ചിത്രം വായനക്കാരന്റെ ഉള്ളുണർത്താൻ പോന്നതാണ്. പ്രകൃതിപാഠങ്ങളാണ് രണ്ടാം ഭാഗത്തുള്ള കഥകളുടെ പൊതുപ്രമേയം. കുടിലചിത്തരായ മനുഷ്യരുടെ പ്ലാസ്റ്റിക്ഭ്രമം “പ്ലാസ്റ്റിക് ലൈഫ്’ എന്ന കഥയിൽ കാണാം. സ്വാർഥസൗകര്യം മാത്രം നോക്കി, ഒടുവിൽ ജീവിതം തന്നെ പ്ലാസ്റ്റിക്കാകുന്നു. “ഇക്കോഫ്രണ്ട്‌ലി’ ആശുപത്രി ഗ്രാമത്തിൽ തുടങ്ങിയപ്പോൾ ഇത്ര പെട്ടെന്ന് തങ്ങളുടെ കൃഷിഭൂമി സിറിഞ്ചുകളുടെ അവശിഷ്ടഭൂമിയായി മാറുമെന്ന് അവർ ഓർത്തില്ല (ഇക്കോ ഫ്രണ്ട്‌ലി).

മൂന്ന് വർഷത്തെ ഗൾഫ് ജീവിതത്തിന് ശേഷം പുഴ കാണാൻ നാട്ടിൽ ഓടിയെത്തിയവന് പുറപ്പെട്ടേടത്തുതന്നെ തിരിച്ചെത്തിയ വിചിത്രാനുഭൂതി. പുഴയിൽ മൂന്ന് ഒട്ടകങ്ങൾ മേഞ്ഞുനടക്കുന്നു. അമ്പരപ്പോടെ ഓടിയെത്തിയ അയാളെ ചിലർ തടയുന്നു. അപ്പോഴാണ് അയാൾക്ക് അവിടെ സിനിമാ ഷൂട്ടിംഗ് നടക്കുകയാണെന്ന് മനസ്സിലായത്. രാജസ്ഥാനിലെ മരുഭൂമിയിലേക്ക് ഷൂട്ടിംഗ് സംഘത്തെ കൊണ്ടുപോവാൻ പണമില്ലാത്ത നിർമാതാവ് പുഴയിൽ വെച്ച് ഷൂട്ടിംഗ് നടത്തുകയാണ്. പ്രകൃതിനാശത്തിന്റെ ശക്തമായ ആവിഷ്‌കാരമായി മാറുന്നു “പുഴ വിളിക്കുമ്പോൾ’ എന്ന കഥ. ഹരിത രാഷ്ട്രീയം, ഗ്ലോബലൈസേഷൻ, ഉറുമ്പുകൾ, അപരിചിതർ, കൃഷിപാഠം തുടങ്ങിയ “തീരെ ചെറിയ കഥ’കൾ പ്രകൃത്യാവബോധം സൃഷ്ടിക്കുന്നവയാണ്.
ഫാന്റസി ടച്ചുള്ള കഥയാണ് ഉറുമ്പുകൾ. പ്രകൃതിവിരുദ്ധവും നിന്ദ്യവുമായ പ്രവൃത്തികളുടെ ഫലം അനുഭവിക്കാൻ വിധിക്കപ്പെടുന്നവരുടെ ദുരന്തം ഭീകരമാവുന്നു. സ്വപ്‌നസമാന ദൃശ്യങ്ങളിലൂടെ ചില ദുരന്ത യാഥാർഥ്യങ്ങളെ അനുഭവിപ്പിക്കുകയാണ് ഈ കഥ. വിജയിച്ചവരേക്കാൾ നാം കേൾക്കേണ്ടത് പരാജിതരെയാണെന്ന് ഷാഹുൽ ഹമീദ് വ്യക്തമാക്കുന്നു. കുത്തകകൾ എങ്ങനെയാണ് നമ്മുടെ കൃഷിയിടങ്ങളിൽ ഇടപെടുന്നതെന്ന് ‘കൃഷിപാഠം’. വിത്തും വളവും വെറുതെ തരാമെന്ന് പറയും ആദ്യം. പിന്നെ വില ഈടാക്കും. കളപോവാനുള്ള ഉഗ്രവിഷം തരും. പിന്നീട് വിത്ത് വിളയാത്ത ഊഷരഭൂമിയാക്കി നമ്മുടെ വിളനിലങ്ങളെ മാറ്റും. അപ്പോൾ അവരത് വിലക്കെടുക്കാമെന്ന് വാഗ്ദാനം ചെയ്യും. ചൂഷണം ഏത് വഴിക്കാണ് വരികയെന്ന് തിരിച്ചറിയാതെ പോവുന്ന ജനതയുടെ അമ്പരപ്പും അങ്കലാപ്പുമാണ് ഇത്തരം കഥകളുടെ ജീവൻ.

ആത്മരതിയുടെ ആധിക്യം അപായകരമാവുന്നത് വ്യക്തമാക്കുന്ന “സെൽഫികൾ’, കവികളെ കൊണ്ടുള്ള പൊറുതികേടിനെ ആക്ഷേപഹാസ്യത്തോടെ ആവിഷ്‌കരിക്കുന്ന “ക(ലി)വികാലം’ എന്നീ കഥകൾ സമാഹാരത്തിന്റെ അവസാന ഭാഗത്തെ സവിശേഷമാക്കുന്നു. സ്വാർഥവിചാരം ചെറുപ്പം മുതലേ പിടികൂടുന്നതിന്റെ സൂചനയും മനുഷ്യബന്ധങ്ങളുടെ വിലയിടിയുന്നതിന്റെ വേദനയും “ചാനൽയുദ്ധ’ത്തിൽ കാണാം. ഭരണകൂടത്തിന്റെ മനുഷ്യത്വമില്ലായ്മ “പ്രാഥമികാരോഗ്യകേന്ദ്ര’ത്തിലും പരിസ്ഥിതിബോധത്തിന്റെ അഭാവം ‘വിദ്യാലയ’ത്തിലും പ്രകടമാവുന്നു. അധ്യയന വർഷാരംഭത്തിൽ ക്ലാസ് മുറി വൃത്തിയാക്കുന്നതിന്റെ ഭാഗമായി പക്ഷിക്കൂടുകൾ വലിച്ചെറിഞ്ഞ്, കണ്ണുകീറാത്ത അണ്ണാൻ കുഞ്ഞുങ്ങളെ അഴുക്കുചാലിൽ കളഞ്ഞ് “ഭൂമിയുടെ അവകാശികൾ’ പഠിപ്പിക്കാൻ തുനിയുമ്പോൾ, പുസ്തകത്തിൽ നിന്ന് ആ പാഠം അപ്രത്യക്ഷമായതിന്റെ വിചിത്രാനുഭവമാണ് “വിദ്യാലയ’ത്തിലുള്ളത്. അപ്രത്യക്ഷമാവുന്ന പാഠം നൽകുന്ന “പാഠ’മെന്ത് എന്നതാണ് വായനക്കാരന്റെ അന്വേഷണപഥം.
അന്ധവിശ്വാസത്തിനെതിരെയുള്ള സിനിമ, പൂജ നടത്തി ആരംഭിക്കുന്നതിന്റെ കാപട്യവും ഭഗവതിയുടെ പള്ളിവേട്ട പോലും വീട്ടിലിരുന്ന് ലൈവായി കാണുന്നതിന്റെ പരിഹാസ്യതയും ചില കഥകൾ വെളിവാക്കുന്നു. സ്ത്രീജന്മങ്ങളെ കണ്ണീർപുഴയിൽ മുക്കിക്കളയുന്ന പരമ്പരകളെ പരിഹസിക്കുന്നതിനും കഥാകാരന് മടിയൊന്നുമില്ല. മരണം, ജീവിതദീനത എന്നിവയെ ആശുപത്രിയുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ധാരാളം ചെറുകഥകൾ ഷാഹുൽ ഹമീദിന്റെതായിട്ടുണ്ട്. ലുക്കേമിയയുടെ അർഥം തിരക്കുന്ന രോഗബാധിതയായ കുട്ടിയുടെ ചിത്രം (അമ്മയും കുട്ടിയും) വായനക്കാരനെ പിടിച്ചുലക്കുന്നു. ചുരുക്കം വാക്കുകൊണ്ട് അനുവാചകന്റെ ഹൃദയത്തെ എങ്ങനെ പ്രകമ്പനം കൊള്ളിക്കാം എന്നതിന് ദൃഷ്ടാന്തം കൂടിയാണ് ഈ കഥ. ലുക്-മിയ എന്ന അമ്മയുടെ വിശദീകരണം ചിരിയുണർത്തേണ്ടതാണ്; എന്നാൽ അതുണ്ടാക്കുന്ന സന്ത്രാസം വാക്കുകൾക്കതീതമാണ്. കഥാകാരന്റെ ക്രാഫ്റ്റ് പ്രകടമാവുന്ന ഇത്തരം സന്ദർഭങ്ങളാണ് കെ ടി ഷാഹുൽ ഹമീദിനെ കഥാലോകത്തോട് ചേർത്തുനിർത്തുന്നത്.

“മിസ്ഡ് കോൾ’ ഷാഹുലിന് മാത്രം സാധ്യമാവുന്ന ഒരു ചെറുകഥയാണ്. അമ്മ മരിച്ച വിവരത്തിന് അനുജൻ ജ്യേഷ്ഠന് മിസ്ഡ് കോൾ അടിക്കുന്നു. അത് കണ്ട ജ്യേഷ്ഠൻ തിരിച്ചും. പിന്നീട് അങ്ങോട്ടുമിങ്ങോട്ടും ഓരോ മിസ്ഡ് കോൾ കൂടി. ഈ സമയം മരിച്ചിടത്തു നിന്ന് എഴുന്നേറ്റ അമ്മ താലിമാല പൊട്ടിച്ചുകൊണ്ട് മകനോട് പറഞ്ഞത് “ഇതു കൊണ്ടുപോയി വിറ്റ് പത്തു കാശ് ഫോണിലിട്, കൊറച്ച് നിന്റെ ചേട്ടനും കൊടുക്ക്’ എന്നാണ്. എതൊരാളും നടുങ്ങിപ്പോകുന്ന വാക്കുകൾ. ഈ സമയത്താണ് വൺ ഫിഫ്റ്റി ബാലൻസുണ്ടെന്ന ഫോണിന്റെ അറിയിപ്പു വരുന്നത്. മനുഷ്യത്വം വാർന്നുപോവുന്നതിന്റെ ഞെട്ടിക്കുന്ന കഥാനുഭവമാണ് “മിസ്ഡ് കോൾ’.

തീരെ ചെറിയ കഥകൾ കൊണ്ട് വലിയ ആഘാതങ്ങളേൽപ്പിക്കാൻ കഴിയുന്നു എന്നതാണ് ഈ സമാഹാരത്തിലെ കഥകളുടെ സവിശേഷത. പ്രകൃതിബോധവും ജീവിതബോധവും രാഷ്ട്രീയാവബോധവും സമ്മേളിക്കുന്ന കഥാസന്ദർഭമെന്ന് ഇതിനെ വിളിക്കാം. സമകാലിക ഇന്ത്യൻ ദേശീയത ഒളിപ്പിച്ചുവെച്ച (?) വംശീയത ഭീകരരൂപം പൂണ്ടുനിൽക്കുന്നതിന്റെ അപകടസാധ്യത കഥകൾ ധ്വനിപ്പിക്കുന്നുണ്ട്. പരിസ്ഥിതി പ്രത്യയശാസ്ത്രത്തോടും കീഴാളപക്ഷ മാനവികതയോടും ഹൃദയൈക്യം പ്രാപിച്ചുകൊണ്ടുള്ള രചനകളാണ് ഷാഹുലിന്റെത്. പ്രത്യയശാസ്ത്ര പ്രതിബദ്ധതയിൽ പക്ഷാന്തരങ്ങളില്ല. നേർക്കുനേർ പോരാട്ടങ്ങളുടെ ശക്തി, കാപട്യമില്ലായ്മയുടെ ധീരത, സത്യസന്ധതയുടെ നൈർമല്യം ഇവ ഇദ്ദേഹത്തിന്റെ കഥകളെ കരുത്തുറ്റതാക്കുന്നു. എങ്കിലും, ഈ നൂറ്റിപ്പത്തിൽ പതിരെല്ലാം പാറ്റിക്കളഞ്ഞ് ഒരറുപതിൽ നിർത്തിയിരുന്നെങ്കിൽ കരുത്തിരട്ടിക്കുമായിരുന്നു. ചിന്തയാണ് പ്രസാധകർ. വില 150 രൂപ.

ഡോ. ഉണ്ണി ആമപ്പാറയ്ക്കൽ
[email protected]