അവര്‍ സൈക്കിളിലാണെങ്കിലും കുറ്റാന്വേഷകരാണ്

Posted on: September 8, 2019 8:57 pm | Last updated: September 8, 2019 at 8:57 pm

ദുബൈ: 26 അംഗങ്ങളുള്ള ദുബൈ പോലീസ് സൈക്കിള്‍ പട്രോളിംഗിന് മികച്ച നേട്ടം. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ 83 കുറ്റവാളികളെ അറസ്റ്റ് ചെയ്യാനും കുറ്റകൃത്യങ്ങള്‍ തടയാനും താമസ കുടിയേറ്റ നിയമലംഘകരെയും വ്യാജ ചരക്കുകളുടെ പ്രൊമോട്ടര്‍മാരെയും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞു.
അവരുടെ ദ്രുതഗതിയിലുള്ള ചലനം, റിപ്പോര്‍ട്ടുകളോടുള്ള പെട്ടെന്നുള്ള പ്രതികരണം എന്നിവ നഷ്ടപ്പെട്ട കുട്ടികളെ കണ്ടെത്തുന്നതിനും റെക്കോര്‍ഡ് സമയങ്ങളില്‍ മാതാപിതാക്കളുമായി അവരെ ഒന്നിപ്പിക്കുന്നതിനും വഴിയൊരുക്കിയെന്ന് ദുബൈ പോലീസ് കമാന്‍ഡര്‍-ഇന്‍-ചീഫ് മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റി പറഞ്ഞു. സാമൂഹിക ചുമതലകള്‍ നിര്‍വഹിക്കുന്നതിനും ജനകീയ സേവനങ്ങളില്‍ ഏര്‍പ്പെടുന്നതിനും വിനോദസഞ്ചാര മേഖലയിലെ സന്ദര്‍ശകരെ സഹായിക്കുന്നതിനും ഈ സേന വഴിയൊരുക്കി.

ഒന്നര വര്‍ഷം മുമ്പ് ദുബൈ പോലീസ് തലവന്‍ മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റി 26 അംഗ സൈക്കിള്‍ പട്രോള്‍ സംഘത്തെ നിയോഗിച്ചതിന് ശേഷം ഒട്ടേറെ കുറ്റകൃത്യങ്ങള്‍ തടയാന്‍ സാധിച്ചു. സംഘത്തിന്റെ ഈ പ്രത്യേക വൈഭവത്തെ മേജര്‍ ജനറല്‍ അല്‍ മര്‍റി അഭിനന്ദിച്ചു. സംഘത്തിന്റെ ഊര്‍ജസ്വലതയും ജോലിയിലെ മികവും പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു. പൊതുജനങ്ങള്‍ക്ക് മികച്ച സേവനം നല്‍കാന്‍ സാധിക്കുന്നതില്‍ സന്തോഷം പ്രകടിപ്പിച്ചു.

തെരുവുകളില്‍ ചുറ്റിക്കൊണ്ടിരിക്കും സൈക്കിള്‍ പോലീസ് പട്രോള്‍ സംഘം ദുബൈയുടെ തെരുവുകളില്‍ എപ്പോഴും ചുറ്റിക്കറങ്ങിക്കൊണ്ടിരുന്നാണ് നിയമലംഘകരെ പിടികൂടുകയും മറ്റു സേവനങ്ങള്‍ നടത്തുകയും ചെയ്യുന്നത്. ലാ മെര്‍, സിറ്റി വോക്, ദേര സൂഖ്, ബര്‍ ദുബൈ, ജെ ബി ആര്‍, അല്‍ മുറഖബാദ്, അല്‍ റിഗ്ഗ എന്നിവിടങ്ങളിലൊക്കെ ഇവരെ കാണാം. ഗ്ലോബല്‍ വില്ലേജിലും ദുബൈ കുതിരയോട്ട മത്സര സ്ഥലങ്ങളിലും സേവനം നല്‍കുന്നു. കമ്യൂണിറ്റി ഹാപ്പിനസ്, സെയ്ഫ് സിറ്റി, ഇന്നവേഷന്‍ ഇന്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ കപ്പാസിറ്റി തുടങ്ങിയ പദ്ധതികളുടെ ഭാഗമാണ് സംഘം.
യു എ ഇ വിഷന്‍ 2021, ദുബൈ പ്ലാന്‍ 2021 എന്ന പദ്ധതികള്‍ പ്രകാരമുള്ള സ്ഥായിയായ വികസനമാണ് ഉദ്ദേശിക്കുന്നത്. ദുബൈ ഏറ്റവും സുരക്ഷിതമാക്കി മാറ്റുകയും ലക്ഷ്യമാണ്. ആഗോള വിനോദ സഞ്ചാര കേന്ദ്രമായ ദുബൈ ദശലക്ഷക്കണക്കിന് പേരെ ആകര്‍ഷിക്കുന്നു. എല്ലാ മേഖലകളിലും ഇവര്‍ക്ക് സുരക്ഷിതത്വവും മികച്ച സേവനവും നല്‍കേണ്ടത് പോലീസിന്റെ ബാധ്യതയാണെന്ന് കരുതുന്നതായും അല്‍ മര്‍റി പറഞ്ഞു. കഴിഞ്ഞ വര്‍ഷം സൈക്കിള്‍ പട്രോള്‍ സംഘം ടൂറിസം പോലീസ് വിഭാഗം ഉമ്മു സുഖീം മുതല്‍ ബുര്‍ജ് അല്‍ അറബ് വരെ കുറ്റകൃത്യങ്ങളില്ലാത്ത പ്രദേശമാക്കുന്നതിനായി പ്രവര്‍ത്തിച്ചിരുന്നു.

സെല്‍ഫ് ഡിഫന്‍സ്, ആള്‍ക്കൂട്ട നിയന്ത്രണം, പബ്ലിക് ഓര്‍ഡര്‍, ഫസ്റ്റ് എയിഡ്, അഗ്‌നിശമനം, ടെയ്‌സര്‍ ഗണ്‍ ഉപയോഗം, നിയമലംഘകരെ നിരീക്ഷിക്കല്‍, സി പി ആര്‍, സൈക്കിളില്‍ സഞ്ചരിക്കുമ്പോള്‍ വെടിവക്കുക, പടവുകള്‍ കയറുക തുടങ്ങിയവയിലൊക്കെ വിദഗ്ധ പരിശീലനം നേടിയ സംഘമാണ് സൈക്കിള്‍ പോലീസ് സേനയിലുള്ളത്. എല്ലാ മൂന്ന് മാസത്തിലും ചുരുങ്ങിയത് 20 കിലോ മീറ്ററില്‍ കൂടാതെ സൈക്കിളില്‍ സഞ്ചരിച്ച് ശാരീരിക ശേഷി പരിശോധിക്കുകയും ചെയ്യുന്നു.