പാലായില്‍ യു ഡി എഫിന് ചിഹ്നം കൈതച്ചക്ക

Posted on: September 7, 2019 5:33 pm | Last updated: September 8, 2019 at 10:21 am

പാലാ: കേരള കോണ്‍ഗ്രസിന്റെ രണ്ടില നിഷേധിക്കപ്പെട്ട സാഹചര്യത്തില്‍ പാലാ ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ജോസ് ടോമിന് കൈതച്ചക്ക ചിഹ്നം അനുവദിച്ചു. ആകെ 13 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.

സ്ഥാനാര്‍ഥിയെയും പാര്‍ട്ടിയെയും നോക്കിയാണ് ജനങ്ങള്‍ വോട്ടു ചെയ്യുന്നതെന്നും കൈതച്ചക്ക മാധുര്യമുള്ളതാണെന്നും ജോസ് ടോം പ്രതികരിച്ചു. കെ എം മാണിയുടെ പിന്‍ഗാമിയായാണ് താന്‍ മത്സരിക്കുന്നത്. ചിഹ്നം ഏതായാലും തനിക്ക് വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. 32 വര്‍ഷത്തിനിടെ ഇതാദ്യമായാണ് പാലായില്‍ രണ്ടില ചിഹ്നത്തിലല്ലാതെ യു ഡി എഫ് സ്ഥാനാര്‍ഥി മത്സരിക്കുന്നത്.

പി ജെ ജോസഫ്‌ജോസ് കെ മാണി പോര് മൂലമാണ് ജോസ് പക്ഷ സ്ഥാനാര്‍ത്ഥിയായ ജോസ് ടോമിന് പാര്‍ട്ടി ചിഹ്നമായ രണ്ടില കിട്ടാതെപോയത്. തന്നെ പാര്‍ട്ടി ചെയര്‍മാനായി അംഗീകരിക്കാതെ, ചിഹ്നം വിട്ടുതരില്ലെന്ന് പി ജെ ജോസഫ് നിലപാടെടുക്കുകയായിരുന്നു. ചിഹ്നം അനുവദിക്കണമെന്ന ജോസ് കെ മാണിയുടെ കത്തും പി ജെ ജോസഫ് അവഗണിച്ചു.