Connect with us

National

റോഡിലെ കുഴികളിലൂടെയൊരു 'ചാന്ദ്ര പര്യടനം'; പ്രതിഷേധം വൈറല്‍, അറ്റകുറ്റപ്പണി തുടങ്ങി -Video

Published

|

Last Updated

ബെംഗളൂരു: റോഡില്‍ രൂപപ്പെട്ട കുഴികളെ ചന്ദ്രനിലെ ഗര്‍ത്തങ്ങളായി പ്രതീകവത്കരിച്ച് ചിത്രകാരന്റെ വേറിട്ടതും കൗതുകകരവുമായ പ്രതിഷേധം. പ്രശസ്ത തെരുവു കലാകാരനും സാമൂഹിക പ്രവര്‍ത്തകനുമായ ബാദല്‍ നഞ്ചുണ്ടസ്വാമിയാണ് ബെംഗളൂരു നഗരത്തില്‍ ശ്രദ്ധേയമായ പ്രതിഷേധം നടത്തിയത്.

ബഹിരാകാശ യാത്രികന്റെ വസ്ത്രവും ഉപകരണങ്ങളും ധരിച്ച് ചെളിയും മണ്ണും വെള്ളവും നിറഞ്ഞ കുഴികളിലൂടെ ചന്ദ്രനില്‍ സഞ്ചരിക്കുന്നന്നതിന് സമാനമായ
വീഡിയോ ദൃശ്യമാണ്‌ നഞ്ചുണ്ടസ്വാമി പുറത്തുവിട്ടത്. നഗരത്തിലെ തിരക്കേറിയ തുംഗനഗര്‍ മെയിന്‍ റോഡില്‍ നിന്നുള്ളതാണ് ഒരു മിനുട്ട് നീളുന്ന ദൃശ്യം. റോഡിലൂടെ വാഹനങ്ങള്‍ കടന്നുപോകുന്നതിനിടെയായിരുന്നു ഈ കലാകാരന്‍ പ്രതീകാത്മക പ്രതിഷേധമൊരുക്കിയത്. ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ രണ്ടിന്റെ ലാന്‍ഡിംഗിന് മുന്നോടിയായി ഓര്‍ബിറ്ററില്‍ നിന്ന് ചന്ദ്രോപരിതലത്തില്‍ ഇറങ്ങാനുള്ള ലാന്‍ഡര്‍ വേര്‍പെട്ട അവസരത്തിലാണ് ദൃശ്യം പുറത്തുവന്നതെന്നത് ആകസ്മികമായി.

“Hello bbmp @BBMPCOMM @BBMP_MAYOR @bbmp എന്ന അടിക്കുറിപ്പോടെയും #thelatest #streetart #nammabengaluru #herohalli” എന്ന ഹാഷ് ടാഗോടെയുമാണ് നഗരത്തിലാകമാനമുള്ള റോഡുകളുടെ പരിതാപകരമായ അവസ്ഥയെ കുറിച്ച് അധികൃതരുടെ ശ്രദ്ധ ക്ഷണിക്കുന്നതിനായി വീഡിയോ ക്ലിപ്പ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. നിസ്സംഗത പാലിക്കുന്ന അധികൃതരെ ഉണര്‍ത്തുന്നതിനായാണ് നഞ്ചുണ്ടസ്വാമി വ്യത്യസ്തമായി പ്രതികരിച്ചതെങ്കിലും വീഡിയോ ക്ലിപ്പ് ട്വിറ്ററില്‍ പെട്ടെന്ന്‌
വൈറലായി. പ്രതിഷേധം ക്ലിക്കായതോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ കുഴികള്‍ അടയ്ക്കാന്‍ നഗരസഭ നടപടി ആരംഭിച്ചു കഴിഞ്ഞു. ത്വരിതഗതിയില്‍ പ്രതികരിച്ചതിനും നടപടി സ്വീകരിച്ചതിനും മേയര്‍ ഉള്‍പ്പടെയുള്ള അധികൃതര്‍ക്കും ശക്തമായ പിന്തുണയേകിയ ജനങ്ങള്‍ക്കും നഞ്ചുണ്ടസ്വാമി ട്വിറ്ററില്‍ നന്ദി അറിയിച്ചു.
കുഴികളടയ്ക്കുന്നതില്‍ ബ്രൂഹറ്റ് ബെംഗളൂരു മഹാനഗര പാലികെ (ബി ബി എം പി) കാണിക്കുന്ന ഉദാസീനതക്കെതിരെ കടുത്ത പ്രതികരണങ്ങളാണ് പോസ്റ്റിന് കീഴെ വന്നിരുന്നത്.

ഇതിനു മുമ്പും റോഡുകളിലെ കുഴികളിലും ഗര്‍ത്തങ്ങളിലും രസകരമായ ചിത്രങ്ങള്‍ വരച്ചും രൂപങ്ങളുണ്ടാക്കിയും നഞ്ചുണ്ടസ്വാമി ജനശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. മത്സ്യകന്യക, മുതല, കൂട്ടിലടച്ച പുലി, താമര, ക്ലോസറ്റ്, തവള, വോട്ടിംഗ് മെഷീന്‍ തുടങ്ങി പലവക ചിത്രങ്ങള്‍ കുഴികള്‍ക്കു മീതെ വരച്ച് നടത്തിയ പ്രതിഷേധങ്ങള്‍ ഫലം കാണുകയും ചെയ്തിരുന്നു.

പ്രതിഷേധമുയര്‍ന്നതോടെ തകര്‍ന്ന റോഡുകള്‍ നന്നാക്കുന്നതിന് എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കുമെന്ന് ബന്ധപ്പെട്ട വകുപ്പിലെ ഒരുയര്‍ന്ന ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞിരുന്നു. കനത്ത മഴ കാരണമാണ് റോഡുകള്‍ തകര്‍ന്നതെന്ന് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. തുടര്‍ച്ചയായ മഴ മൂലം അറ്റകുറ്റപ്പണികള്‍ നടത്താനും സാധിക്കുന്നില്ല.

വീഡിയോ കാണാം:

 

പ്രതിഷേധത്തെ തുടര്‍ന്ന് റോഡ് നന്നാക്കുന്നു:

---- facebook comment plugin here -----

Latest