പൗരത്വത്തില്‍ കൈപ്പൊള്ളി ബി ജെ പി; സമാശ്വാസവുമായി ആഭ്യന്തര മന്ത്രാലയം

Posted on: September 2, 2019 10:51 pm | Last updated: September 2, 2019 at 10:51 pm

ന്യൂഡല്‍ഹി: എന്‍ ആര്‍ സി പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ടവരെ നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നത് വരെ തടവില്‍ വെക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം. നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നത് വരെ മറ്റുള്ള പൗരന്‍മാരെ പോലെ അവര്‍ക്ക് എല്ലാ അവകാശങ്ങളുമുണ്ടാകുമെന്നും മന്ത്രാലയം ഉറപ്പ് നല്‍കുന്നു. 19 ലക്ഷം പേരെ പുറത്തു നിര്‍ത്തി പ്രസിദ്ധീകരിച്ച അസാം ദേശീയ പൗരത്വ രജിസ്റ്റര്‍ ബി ജെ പിക്ക് തിരിച്ചടിയാകുമെന്ന വിലയിരുത്തലിനിടെയാണ് ആഭ്യന്തര മന്ത്രാലയം സമാശ്വാസ വാക്കുകളുമായി രംഗത്ത് വന്നിരിക്കുന്നത്. രജിസ്റ്ററില്‍ നിന്ന് പുറത്തായവരില്‍ നല്ലൊരു ശതമാനം ബംഗാളി ഹിന്ദുക്കളാണെന്നതാണ് ബി ജെ പിയെ കുഴക്കുന്നത്. അസാമിലെ ബി ജെ പി നേതൃത്വം പട്ടികക്കെതിരെ ശക്തമായി രംഗത്തു വന്നത് ഈ പശ്ചാത്തലത്തിലാണ്.

തൊഴിലെടുക്കാനുള്ള സ്വാതന്ത്ര്യം, വിദ്യാഭ്യാസത്തിനുള്ള സ്വാതന്ത്ര്യം, സ്വത്ത് കൈവശം വെക്കാനുള്ള സ്വാതന്ത്യം തുടങ്ങിയ എല്ലാ സ്വാതന്ത്ര്യങ്ങളും പുറത്തായവര്‍ക്കും തത്കാലം ഉണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് ട്വിറ്റര്‍ വഴി വ്യക്തമാക്കി. പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ടവര്‍ക്ക് ആഗസ്റ്റ് 31 മുതല്‍ 120 ദിവസത്തിനുള്ളില്‍ വിദേശ ട്രൈബ്യൂണലിനെ സമീപിക്കാമെന്നും മന്ത്രാലയം പറയുന്നു. നിലവിലെ 100 വിദേശ ട്രൈബ്യൂണകള്‍ക്കൊപ്പം പുതിയ 200 പുതിയ ട്രൈബ്യൂണലുകള്‍ ഉണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രി അമിത് ഷാ അടുത്തയാഴ്ച അസാം സന്ദര്‍ശിക്കുന്നുണ്ട്.

ദേശീയ പൗരത്വ പട്ടികക്കെതിരെ ആഞ്ഞടിച്ച് അസാം ബി ജെ പി നേതാക്കള്‍ രംഗത്ത് വന്നിരുന്നു. 1971 ന് മുമ്പ് ബംഗ്ലാദേശില്‍ നിന്ന് കുടിയേറിയ നിരവധി യഥാര്‍ഥ പൗരന്മാര്‍ പട്ടികയില്‍ നിന്ന് പുറത്തായെന്നാണ് അസാം മന്ത്രി ഹിമന്ത ബിശ്വ ശര്‍മ ട്വീറ്റ് ചെയ്തത്. അഭയാര്‍ഥി സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കാന്‍ അധികൃതര്‍ വിസമ്മതിച്ചതാണ് ഇതിന് കാരണം. തനിക്ക് എന്‍ ആര്‍ സിയില്‍ വിശ്വാസമില്ലെന്നും അനധികൃത കുടിയേറ്റക്കാരെ നീക്കം ചെയ്യാന്‍ ഇത് സഹായിക്കുമെന്ന് കരുതുന്നില്ലെന്നും ശര്‍മ പറയുന്നു.

ഹിന്ദുക്കളെ അകറ്റിനിര്‍ത്താനും മുസ്‌ലിംകളെ സഹായിക്കാനുമുള്ള ഗൂഢാലോചനയുടെ ഭാഗമാണ് എന്‍ ആര്‍ സി എന്നാണ് തീപ്പൊരി ബി ജെ പി. എം എല്‍ എ ശിലാദിത്യ ദേവിന്റെ ആരോപണം. എന്‍ ആര്‍ സി സോഫ്റ്റ്‌വെയര്‍ ഹാക്ക് ചെയ്തതായും പൗരന്മാരുടെ പട്ടിക തയ്യാറാക്കുന്ന പ്രക്രിയ അഴിമതിയില്‍ കുടുങ്ങിയതായും ദേവ് ആരോപിച്ചു.

അതേസമയം, ഇപ്പോള്‍ കേന്ദ്ര സര്‍ക്കാറിന്റെ പരിഗണനയിലുള്ള പൗരത്വ ഭേദഗതി ബില്‍ വരുന്നതോടെ പൗരത്വ രജിസ്റ്ററില്‍ പുറത്തായ മുസ്‌ലിമേതരരെല്ലാം പൗരന്‍മാരാകുമെന്നാണ് റിപ്പോര്‍ട്ട്. അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള മുസ്‌ലിമേതരരെ അഭയാര്‍ഥികളായി പരിഗണിച്ച് പൗരത്വം നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് നിര്‍ദിഷ്ട ബില്ല്.