വാഹനവിപണിയില്‍ തകര്‍ച്ച തുടരുന്നു; കഴിഞ്ഞ മാസം രേഖപ്പെടുത്തിയത് 34.4 ശതമാനം ഇടിവ്

Posted on: September 2, 2019 5:49 pm | Last updated: September 2, 2019 at 5:49 pm

മുംബൈ: വാഹന വിപണിയില്‍ കഴിഞ്ഞ പത്ത് മാസമായി തുടരുന്ന കടുത്ത പ്രതിസന്ധിയുടെ ആക്കം കൂടുന്നു. 2019 ഓഗസ്റ്റിലെ വില്‍പ്പന റിപ്പോര്‍ട്ടുകളില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. പ്രമുഖ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്‌സ്, ഹ്യുണ്ടായ് എന്നിവയുടെ വില്‍പ്പന യഥാക്രമം 34.4 ശതമാനം, 58 ശതമാനം, 16.58 ശതമാനം ഇടിഞ്ഞു.

രാജ്യത്തെ പ്രമുഖ ആറ് നിര്‍മ്മാതാക്കള്‍ ഈ വര്‍ഷം ഓഗസ്റ്റില്‍ മൊത്തം 1,71,193 വാഹനങ്ങളാണ് ഡീലര്‍ഷിപ്പുകളിലേക്ക് അയച്ചത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ അയച്ച 2,59,925 വാഹനങ്ങളെ അപേക്ഷിച്ച് 34 ശതമാനം ഇടിവാണുണ്ടായത്. ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോയും ബജാജും യഥാക്രമം 20 ശതമാനവും 13 ശതമാനവും ഇടിവ് രേഖപ്പെടുത്തി.

നിര്‍മ്മാണ കണക്കുകളും പൈലിംഗ് ഇന്‍വെന്ററികളും ആശങ്കാജനകമാണെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് പ്രസിഡന്റ് രാജന്‍ വധേര പറഞ്ഞു. 2019 ഓഗസ്റ്റ് മാസത്തില്‍ വിവിധ കമ്പനികളില്‍ നിന്ന് പുറത്തുവന്ന വില്‍പ്പന റിപ്പോര്‍ട്ട് വളരെ മോശമാണ്. വാണിജ്യ വാഹന വില്‍പ്പനയും ഇരുചക്രവാഹന വില്‍പ്പനയും ഗണ്യമായി കുഞ്ഞുകൊണ്ടിരിക്കുന്നു. കഴിഞ്ഞ മാസം ധനമന്ത്രി ആരംഭിച്ച വിവിധ നടപടികളോട് വിപണി ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.