സലീമിന്റെ വീട് വിജ്ഞാനത്തിന്റെയും വിസ്മയത്തിന്റെയും വിളനിലം

Posted on: September 2, 2019 12:38 pm | Last updated: September 2, 2019 at 12:38 pm
ലോകത്തിലെ ഏറ്റവും ചെറിയ പുസ്തകങ്ങളിലൊന്നായ രാസരസിക കൈവെള്ളയിലാക്കി സലീം പെടവണ്ണ

മഞ്ചേരി: സലീം പെടവണ്ണയുടെ മുള്ളമ്പാറയിലെ വസതിയിലെത്തുന്നവർ വിസ്മയിക്കും. അത്രയേറെ കൗതുക വസ്തുക്കളും പുരാവസ്തുക്കളും കൊണ്ട് സമ്പന്നമാണീ ഭവനം. ഈയിടെ സലീമിന്റെ വീട് സന്ദർശിക്കാനെത്തിയ ദക്ഷിണാഫ്രിക്കൻ പുരാവസ്തു ഗവേഷക സഈദ അലൻ അത്ഭുതപ്പെട്ടു. ഇത്തരം അമൂല്യശേഖരം വീടിനകത്ത് അലക്ഷ്യമായി സൂക്ഷിച്ചത് ഇവർക്ക് സഹിക്കാനായില്ല. ഇവ എത്രയും വേഗം മ്യൂസിയത്തിലേക്ക് മാറ്റണമെന്നായിരുന്നു അവരുടെ ആവശ്യം.

ലോകത്തിലെ ഏറ്റവും ചെറിയ പുസ്തകങ്ങളിലൊന്ന് കൊച്ചു കേരളത്തിൽ നിന്നുള്ളതാണെന്ന് എത്ര പേർക്കറിയാം? കേവലം 1.5 സെന്റിമീറ്റർ നീളവും 1.1 സെന്റി മീറ്റർ വീതിയുമുള്ള പുസ്തകത്തിന് 28 പേജുകളുണ്ട്. രാസരസിക എന്ന പേരിൽ കെ വി മണലിക്കര രചിച്ച ഗ്ര ന്ഥം ശ്രീകൃഷ്ണന്റെയും രാധയുടെയും രാസക്രീഡകളാണ് പ്രതിപാദിക്കുന്നത്.

അമ്പതിലധികം നാട്ടുരാജ്യങ്ങളുടെ നാണയങ്ങൾ സലീമിന്റെ ശേഖരത്തിലുണ്ട്. അത്യപൂർവമായ താളിയോല ഗ്രന്ഥങ്ങളാണ് മറ്റൊന്ന്. തിരുവിതാംകൂർ-കൊച്ചി ഭരണകാലത്തെ ആധാരങ്ങൾ, പാട്ടക്കരാറുകൾ, മുദ്ര പത്രങ്ങൾ, ചെമ്പോലകൾ, ടെലഗ്രാമുകൾ, ആശംസാ സന്ദേശങ്ങൾ എന്നിവയും താളിയോല ശേഖരത്തിലുണ്ട്. ലൈസൻസ്, ബ്രിട്ടീഷ് ഭരണകാലത്തെ റവന്യൂ രസീതുകൾ, വൈദ്യുത ബില്ലുകൾ, പോസ്റ്റ്കാർഡുകൾ എന്നിവയും കൗതുകദായകങ്ങളാണ്.

1920ൽ എച്ച് എം വി പുറത്തിറക്കിയ ഗ്രാമഫോൺ, രണ്ടാം ലോകമഹായുദ്ധ കാലത്ത് ജർമനിയിൽ ഉപയോഗിച്ച പെട്രോൾമാക്സ്, സ്വീഡിഷ് സൈന്യത്തിന്റെ സ്റ്റൗ, 1835ലെ കാർബൈഡ് വിളക്ക്, മണ്ണെണ്ണയിലും കൽക്കരിയിലും പ്രവർത്തിച്ചിരുന്ന ഇസ്തിരിപ്പെട്ടികൾ, അലാവുദ്ദീന്റെ വിളക്ക് മുതൽ തൂക്ക് വിളക്കുകൾ വരെ സന്ദർശകരിൽ അത്ഭുതം വിതറുന്നു. മലപ്പുറം കത്തി മുതൽ വിവിധയിനം അരിവാളുകൾ, ഒമാൻ-ഒടിയൻ-ഖൂർഖ കത്തികൾ, പള്ളിവാൾ, കഠാര, വാർ ആക്സ്, സ്പിയർ, മീൻകുന്തം എന്നിവ ശേഖരത്തിന്റെ മാറ്റ് കൂട്ടുന്നു.

പ്രാചീനകാലത്തെ അളവ് തൂക്ക ഉപകരണങ്ങൾ, മുനിമാരുടെ കമണ്ടലുകൾ, പള്ളികളിലെ കാരാപ്പ്, മെഴുകുതിരി സ്റ്റാന്റ്, ആഭരണം സൂക്ഷിക്കുന്ന കാൽപ്പെട്ടി, നെട്ടൂർപ്പെട്ടി, ആമാടപ്പെട്ടി, വെറ്റിലച്ചെല്ലം, പാൽച്ചെല്ലം, നെയ്ക്കുറ്റി, കൈതൊലപ്പായ നിർമാണത്തിനുള്ള വാക്കപ്പോള, സ്വർണമരവി, ഉപ്പുമരവി, മസാല മരിക, ആവണപ്പലക, വിത്ത്പാന, പുളിഅടി, ചമ്മന്തിമുട്ടി, വെറ്റില കുത്തി, കറിത്തോണി, എസ്പ്പാത്തി, കടക്കോൽ, കുഭാരചക്രം, കൈലാറ്റ, കാൽച്ചട്ടി, തുടി, പങ്കായം, മരമണി, ചെമ്പ്മണി, ആനമണി, കാൽക്കുട, ആനവട്ടം, പാതാളക്കരണ്ടി, ഒട്ടക വാരിയെല്ലിൽ തീർത്ത പെട്ടികൾ, ചില്ലോടുകൾ, ഒറ്റമരത്തിൽ തീർത്ത മഞ്ച, ഏത്തക്കുട്ട, പറങ്കിപ്പൂട്ട്, കാളവണ്ടി ചക്രം, കാളത്തൊട്ടി, വിവിധയിനം ചർക്കകൾ, ഷാളിഗ്രാം കല്ല്, 1915ലെ ഫോട്ടോസ്റ്റാറ്റ് മെഷ്യനായ സൈക്ലോസ്‌റ്റൈൽ, എല്ലംസ് പ്രിന്റർ എന്നിങ്ങനെ സലീമിന്റെ ശേഖരത്തിലുള്ള വസ്തുക്കൾ നിരവധിയാണ്.

നൂറ് കോടി വർഷം പഴക്കം കണക്കാക്കുന്ന ഫോസിൽ വുഡ് ആണ് ശേഖരത്തിലെ താരം. യു പി സ്‌കൂൾ മുതലാണ് സലീമിനെ ഇത്തരമൊരു ഹോബിയിലേക്ക് നയിച്ചത്.
ഫോണ്‍: 9947220882