Business
വിലയിടിവിൽ ഏലക്ക; സജീവമായി നാളികേര വിപണി

കൊച്ചി: ലേല കേന്ദ്രങ്ങളിലേക്ക് പുതിയ ഏലക്ക വരവ് ഉയർന്നത് വില ഇടിവിന് കാരണമായി. ഓണം അടുത്തതോടെ നാളികേരോത്പന്ന വിപണി സജീവമായിട്ടുണ്ട്. ഉത്പാദകർ കുരുമുളക് നീക്കം നിയന്ത്രിച്ചിട്ടും നിരക്ക് ഇടിഞ്ഞു. ടയർ കമ്പനികൾ ഇറക്കുമതി റബ്ബറിൽ പിടിമുറുക്കി. സ്വർണ വില റെക്കോർഡ് കുതിപ്പിന് ശേഷം അൽപ്പം കുറഞ്ഞിട്ടുണ്ട്.
ഉത്പാദകർ പുതിയ ഏലക്ക എത്തിച്ചതോടെ വാങ്ങലുകാർ വില കുറച്ചു. ജൂലൈയിൽ കിലോ 7,000 രൂപ വരെ ഉയർന്ന ഏലക്കയിപ്പോൾ 3,300 റേഞ്ചിലാണ്. വിളവെടുപ്പ് തുടങ്ങിയെന്ന ഒറ്റകാരണമാണ് റെക്കോർഡ് വിലയിൽ നിന്ന് ഏതാണ്ട് അമ്പത് ശതമാനം ഇടിയാൻ കാരണം. ഈ വാരം ലേല കേന്ദ്രങ്ങളിൽ ഏലക്ക വരവ് ഉയരാം.
കാർഷിക ചെലവുകൾ മുൻ നിർത്തി ആദ്യ ചരക്ക് പണമാക്കാനുള്ള ശ്രമത്തിലാണ് കർഷകർ. ഉത്പന്നത്തിന് നേരിട്ട വില തകർച്ചയും കർഷകരെ മനസിക പിരിമുറുക്കത്തിലാക്കുന്നു. കഴിഞ്ഞ മാസങ്ങളിൽ കുതിച്ചു കയറിയ ഏലക്ക വില ചെറുകിട വിപണികളിൽ ഇപ്പോഴും ഉയർന്ന റേഞ്ചിൽ നീങ്ങുകയാണ്. ആഭ്യന്തര വ്യാപാരികളും കയറ്റുമതിക്കാരും ചരക്ക് സംഭരിക്കുന്നുണ്ട്. വാരാന്ത്യം മികച്ചയിനം കിലോഗ്രാമിന് 3,338 രൂപയിലാണ്.
ഓണം അടുത്തതോടെ നാളികേര വിപണി സജീവമായി. ഇനിയുള്ള ദിവസങ്ങളിൽ വെളിച്ചെണ്ണയ്ക്ക് ഡിമാൻറ് ഉയരുമെന്നാണ് മില്ലുകാരുടെ കണക്ക് കൂട്ടൽ. പോയവാരം ആദ്യ പകുതിയിൽ കൊപ്ര സംഭരിക്കാൻ മില്ലുകാർ കാണിച്ച ഉത്സാഹം ഉൽപാദർക്കും ആവേശം പകർന്നു. വ്യവസായിക ഡിമാൻഡിൽ 10,170 രൂപ വരെ ഉയർന്ന കൊപ്ര പിന്നീട് 10,040 രൂപയായി താഴ്ന്നു. കൊച്ചിയിൽ എണ്ണ വില 200 രൂപ കുറഞ്ഞ് 15,000 രൂപയായി. തെളിഞ്ഞ കാലാവസ്ഥ മുൻ നിർത്തി പല ഭാഗങ്ങളിലും നാളികേര വിളവെടുപ്പിന് ഉൽപാദകർ ഉത്സാഹിച്ചു. ചെറുകിട കർഷകർ ഓണാവശ്യങ്ങൾക്ക് വേണ്ടിയുള്ള പണം കണ്ടത്താൻ പച്ചതേങ്ങ വിൽപ്പന നടത്തി.
കാലാവസ്ഥ അനുകൂലമായതിനാൽ ഒട്ടുമിക്ക തോട്ടങ്ങളിലും റബ്ബർ ടാപ്പിംഗിന് രംഗം ഉണർന്നു. രാജ്യാന്തര വിപണിയിൽ റബ്ബർ വില ഇടിഞ്ഞത് കണ്ട് ഇന്ത്യൻ വ്യവസായികൾ ആഭ്യന്തര മാർക്കറ്റിനെ തഴഞ്ഞു. വിദേശ റബ്ബർ ഇറക്കുമതിക്ക് മത്സരിക്കുകയാണ് വൻകിട കമ്പനികൾ. ടയർ നിർമാതാക്കളിൽ നിന്നുള്ള ആവശ്യം കുറഞ്ഞതോടെ നാലാം ഗ്രേഡ് റബ്ബർ 13,900 രൂപയിലും അഞ്ചാം ഗ്രേഡ് 13,500 ലുമാണ് നീങ്ങുന്നത്.
ഉത്സവ സീസൺ അടുത്തിട്ടും കുരുമുകളിന് ഉത്തരേന്ത്യയിൽ നിന്ന് ആവശ്യകരില്ല. ഡിമാൻഡ് മങ്ങിയത് വില തകർച്ചക്ക് ഇടയാക്കുന്നത് ഒഴിവാക്കാൻ കാർഷിക മേഖല ചരക്ക് നീക്കം നിയന്ത്രിച്ചു. 33,500 ൽ വിൽപ്പനക്ക് തുടക്കം കുറിച്ച അൺ ഗാർബിൾഡ് മുളക് വാരാന്ത്യം 33,100 രൂപയിലാണ്. ആഗോള വിപണിയിൽ മലബാർ മുളക് വില ടണ്ണിന് 5225 ഡോളറിലാണ്. വിളവെടുപ്പിന് ഒരുങ്ങുന്ന ബ്രസീൽ ടണ്ണിന് 20002200 ഡോളറിന് ചരക്ക് വാഗ്ദാനം ചെയ്തു.
ബ്രസീലിയൻ ചരക്ക് എത്തും മുമ്പേ സ്‌റ്റോക്ക് വിറ്റഴിക്കാൻ വിയറ്റ്‌നാമും ഇന്തോനേഷ്യയും രംഗത്തുണ്ട്.
സ്വർണം പുതിയ ഉയരം സ്വന്തമാക്കി. പവൻ 28,320 രൂപയിൽ വിൽപ്പനയാരംഭിച്ച റെക്കോർഡ് പ്രകടനത്തിലുടെ 28,880 വരെ ഉയർന്നു. ശനിയാഴ്ച പവൻ 28,480 രൂപയായി.