വിട്ടുവീഴ്ചക്കില്ലെന്ന് ജോസ് കെ മാണിയും ജോസഫും; അനിശ്ചിതത്വമൊഴിയാതെ യു ഡി എഫ് സ്ഥാനാര്‍ഥി നിര്‍ണയം

Posted on: September 1, 2019 9:30 am | Last updated: September 11, 2019 at 1:24 pm

കോട്ടയം: പാലാ ഉപ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിലെ തര്‍ക്കം മുറുകുന്നു. സ്ഥാനാര്‍ഥിയെ ഇന്നു തന്നെ പ്രഖ്യാപിക്കുമെന്ന് മാണി വിഭാഗം നേതാവ് ജോസ് കെ മാണി വ്യക്തമാക്കി. രണ്ടില ചിഹ്നത്തില്‍ തന്നെയായിരിക്കും മത്സരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിക്കാന്‍ സാധിക്കില്ലെന്നാണ് പി ജെ ജോസഫിന്റെ നിലപാട്. കൂടുതല്‍ ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ടെന്നും ചൊവ്വാഴ്ച പ്രഖ്യാപനം നടത്താനാകുമെന്നാണ് കരുതുന്നതെന്നും ജോസഫ് പ്രതികരിച്ചു.

നിഷ ജോസ് കെ മാണി സ്ഥാനാര്‍ഥിയാകുന്നതിനോട് യോജിപ്പില്ലെന്നു തന്നെയാണ് ജോസഫ് ആവര്‍ത്തിച്ചു വ്യക്തമാക്കിയത്. വിജയ സാധ്യത മുന്‍നിര്‍ത്തി മാത്രമെ സ്ഥാനാര്‍ഥിയെ നിശ്ചയിക്കാനാകൂ. ആരുടെയും ഏകപക്ഷീയ തീരുമാനം അംഗീകരിക്കാനാകില്ലെന്നും മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവെ ജോസഫ് പറഞ്ഞു.