ഭര്‍ത്താവിന് യുപിഎസ്‌സി പരീക്ഷാ ഭ്രമം; വിവാഹമോചനം തേടി ഭാര്യ കോടതിയില്‍

Posted on: August 31, 2019 8:14 pm | Last updated: August 31, 2019 at 8:14 pm

ഭോപ്പാല്‍: മുഴുസമയവും യുപിഎസ്‌സി പരീക്ഷക്ക് തയ്യാറെടുക്കുന്ന ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം തേടി ഭാര്യ കോടതിയില്‍. മധ്യപ്രദേശിലാണ് സംഭവം. കോച്ചിംഗ് ക്ലാസ് ഉടമയായ ഭര്‍ത്താവിന്റെ മത്സരപരീക്ഷകളോടുള്ള അഭിനിവേശം സഹിക്കവയ്യാതെ ഭാര്യ വിവാഹമോചന ഹരജി നല്‍കുകയായിരുന്നു. അടുത്തിടെയാണ് ഇരുവരും വിവാഹിതരായത്.

യുപിഎസ്‌സിക്കും മറ്റ് സംസ്ഥാനതല മത്സരപരീക്ഷകള്‍ക്കുമുള്ള തയ്യാറെടുപ്പുകളില്‍ സ്വയം ഒതുങ്ങുന്ന ഭര്‍ത്താവില്‍ നിന്ന് തനിക്ക് അവഗണന നേരിടുന്നതായി യുവതി പറഞ്ഞുവെന്ന് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ (ഡിഎല്‍എസ്എ) കൗണ്‍സിലര്‍ നൂറുന്നീസ് ഖാന്‍ വെളിപ്പെടുത്തി. സൗഹൃദ വേളയില്‍ ഭര്‍ത്താവ് തന്നോട് നിസ്സംഗത പുലര്‍ത്തിയിരുന്നതായും യുവതി പറഞ്ഞു.

തന്റെ കുടുംബത്തിലെ ഏക മകനാണ് ഇയാള്‍. മാതാപിതാക്കളിലൊരാള്‍ക്ക് അസുഖം ബാധിച്ചതിനാല്‍ ഇയാള്‍ തിടുക്കത്തില്‍ വിവാഹിതനാവുകയായിരുന്നു.

മാതാപിതാക്കളുടെ അടുത്തേക്ക് പോയ ശേഷം താനും ഭാര്യയും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും തന്റെ അടുത്തേക്ക് തിരിച്ചുവരാന്‍ അവള്‍ തയ്യാറല്ലെന്നും കാണിച്ച് യുവാവും വിവാഹമോചനത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്.

കേസ് പരിഗണിക്കുന്നതിനുമുമ്പ് ഇരു പാര്‍ട്ടികളും തമ്മില്‍ നാല് തവണ കൂടി കൗണ്‍സിലിംഗ് നടത്തുമെന്ന് കൗണ്‍സിലര്‍ പറഞ്ഞു. അവരുടെ ദാമ്പത്യം സംരക്ഷിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുമെന്നും അവര്‍ വ്യക്തമാക്കി.