National
അസമില്‍ 19 ലക്ഷത്തിന് മുകളില്‍ പേര്‍ രാജ്യത്തെ പൗരന്‍മാരല്ലാതായി: അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: അസമില്‍ 19,06,657 പേരെ പുറത്ത് നിര്‍ത്തി അന്തിമ ദേശിയ പൗരത്വ രജിസ്റ്റര്‍ (എന്‍ ആര്‍ സി) പ്രസിദ്ധീകരിച്ചു. ിൃരമമൈാ.ിശര.ശി എന്ന വെബ്‌സൈറ്റിലാണ് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ഇതില്‍ 3,68,000 പേര്‍ കഴിഞ്ഞ ജൂലൈയില്‍ പട്ടികയില്‍ ഇടം നേടാതിരുന്നിട്ടും രേഖകള്‍ സമര്‍പ്പിക്കാത്തവരാണ്.
3,11,21,004 (മൂന്ന്‌കോടി 11 ലക്ഷത്തി ഇരുപത്തിയൊന്നായിരത്തി നാല് ) പേര്‍ പട്ടികയില്‍ ഇടംപിടിച്ചു.
പട്ടികയില്‍ നിന്ന് പുറത്തായവരെ ഉടന്‍ വിദേശികളായി കണക്കാക്കില്ലെന്ന് കേന്ദ്രം നേരത്തെ അറിയിച്ചിട്ടുണ്ട്. ഇവരുടെ ഭാഗം കേള്‍ക്കുന്നതിന് 1000 ട്രൈബ്യൂണലുകള്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിലവില്‍ 100 ട്രൈബ്ര്യൂണലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പേര് ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് രേഖകളുമായി നളെ മുതല്‍ പുറത്താക്കപ്പെട്ടവര്‍ക്ക് ട്രൈബ്യൂണലിനെ സമീപിക്കാം. ഇതിന് നാല് മാസം അനുവദിച്ചിട്ടുണ്ട്. ആറ് മാസത്തിനുള്ളില്‍ ഇത്തരം അപ്പീലുകളില്‍ ട്രൈബ്യൂണല്‍ തീരുമാനം എടുക്കും. ഈ വിധി എതിരായാല്‍ ഹൈക്കോടതിയെയും പിന്നീട് സുപ്രീംകോടതിയെയും സമീപിക്കാനുമാകും.പൗരത്വം തെളിയിക്കാന്‍ നിയമ സഹായം നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
ലിസ്റ്റ് പ്രസിദ്ധീകരിച്ച സാഹചര്യത്തില്‍ അസമിയില്‍ സുരക്ഷാ സന്നാഹം കൂടുതല്‍ ശക്തമാക്കി. എതിര്‍പ്പുകളും പ്രതിഷേധങ്ങളും ഉണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്താണിത്.
പൗരത്വരജിസ്റ്ററില്‍ പേരില്ലെന്ന അഭ്യൂഹത്തെ തുടര്‍ന്ന് അറുപതുകാരി ആത്മഹത്യ ചെയ്തു. തെസ്പൂരിലെ ദോലാബാരി സ്വദേശിനിയായ ഷയേറ ബീഗമാണ് കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തത്. പൗരത്വരജിസ്റ്ററില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിന്റ പേരില്‍ നേരത്തെ 32 പേര്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ പറയുന്നത്. ജൂലൈയില്‍ മാത്രം ആറ് പേര്‍ മരിച്ചു.
2013 ലാണ് ദേശീയ പൗരത്വ പട്ടിക പുതുക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചത്. കഴിഞ്ഞ ജൂലൈ 30 നകം പട്ടിക പ്രസിദ്ധീകരിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പ്രകൃതിക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നത്തേക്ക് മാറ്റി വെക്കുകയായിരുന്നു.
അസം അതിര്‍ത്തി വഴിയുള്ള നുഴഞ്ഞുകയറ്റക്കാരുടെ എണ്ണം ഇന്ത്യയില്‍ വര്‍ധിക്കുന്നതായുള്ള പരാതിയെ തുടര്‍ന്നാണ് ദേശീയ പൗരത്വ പട്ടിക പുതുക്കി പ്രസിദ്ധീകരിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. 2018 ജൂലായ് 30ന് പ്രസിദ്ധീകരിച്ച ആദ്യകരട് പട്ടികയില്‍ നിന്ന് ധാരാളം പേര്‍ പുറത്തായിരുന്നു.