Kerala
ബഷീറിന്റെ കൊലപാതകം: കാന്തപുരം മുഖ്യമന്ത്രിയെ കണ്ടു

തിരുവനന്തപുരം: സിറാജ് തിരുവനന്തപുരം യൂനിറ്റ് മേധാവി കെ എം ബഷീറിനെ ഐ എ എസ് ഓഫീസറായ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ച് വാഹനമിടിച്ച് കൊന്ന സംഭവവുമായി ബന്ധപ്പെട്ട് സിറാജ് ചെയര്‍മാന്‍ കൂടിയായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. കേസിന്റെ ആദ്യഘട്ടത്തില്‍ ചില വീഴ്ചകളുണ്ടായെങ്കിലും നിലവില്‍ നല്ല രീതിയിലാണ് അന്വേഷണം പോകുന്നതെന്ന് മുഖ്യമന്ത്രി കാന്തപുരത്തെ അറിയിച്ചു. അപകടത്തിന് ശേഷം കാണാതായ ബഷീറിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെത്തുന്നതിന് നടപടി സ്വീകരിക്കണമെന്ന് കാന്തപുരം ആവശ്യപ്പെട്ടു.
പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം നിലവില്‍ തൃപ്തികരമാണെന്ന് കാന്തപുരം പറഞ്ഞു. ആദ്യഘട്ടത്തില്‍ തെളിവുകള്‍ നഷ്ടപ്പെട്ടെങ്കിലും ശേഷിക്കുന്ന ശാസ്ത്രീയവും സാങ്കേതികവുമായ തെളിവുകള്‍ ശേഖരിച്ചു വരികയാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്. സംഘത്തിന്റെ തുടര്‍ റിപ്പോര്‍ട്ട് സത്യസന്ധമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷം ആവശ്യമെങ്കില്‍ നിയമ നടപടികളുള്‍പ്പെടെയുള്ള തുടര്‍ നടപടികളിലേക്ക് കടക്കുമെന്ന് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം കാന്തപുരം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ സിറാജ് ഡയറക്ടര്‍ എ സൈഫുദ്ദീന്‍ ഹാജി, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സിദ്ദീഖ് സഖാഫി നേമം, യൂസുഫ് ഹൈദര്‍ പങ്കെടുത്തു.