National
പ്രധാന മന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര സ്ഥാനമൊഴിഞ്ഞു; പിന്‍ഗാമിയാകാന്‍ പി കെ സിന്‍ഹ

ന്യൂഡല്‍ഹി: പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര സ്ഥാനമൊഴിഞ്ഞു. പ്രധാന മന്ത്രിയുടെ അഭ്യര്‍ഥന പരിഗണിച്ച് രണ്ടാഴ്ച കൂടി അദ്ദേഹം പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തു തുടരുമെന്നാണ് വിവരം. പി കെ സിന്‍ഹയാകും മിശ്രയുടെ പിന്‍ഗാമിയാവുക. ഉത്തര്‍ പ്രദേശ് ഐ എ എസ് കേഡറിലെ 1967 ബാച്ച് ഉദ്യോഗസ്ഥനായ
നരേന്ദ്ര മിശ്ര മുമ്പ് ട്രായ് തലവന്‍, ടെലികോം സെക്രട്ടറി, ഫെര്‍ട്ടിലൈസേഴ്‌സ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മോദി രണ്ടാമതും പ്രധാന മന്ത്രി പദത്തിലെത്തിയപ്പോഴാണ് മിശ്ര അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിതനായത്.
മോദിയുടെ വിശ്വസ്തനായ മിശ്ര 2014ല്‍ മോദി പ്രധാന മന്ത്രിയായ കാലം മുതല്‍ അദ്ദേഹത്തിന്റെ ടീമിലുണ്ട്. മികച്ച ഓഫീസറായിരുന്ന നൃപേന്ദ്ര മിശ്ര ജീവിതത്തിന്റെ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണെന്നും അദ്ദേഹത്തിന് ആശംസകള്‍ നേരുകയാണെന്നും പ്രധാന മന്ത്രി ട്വീറ്റ് ചെയ്തു. 2014ല്‍ പ്രധാന മന്ത്രി പദത്തില്‍ എത്തിയ കാലം മുതല്‍ ഇതേവരെ അദ്ദേഹത്തില്‍ നിന്ന് പല കാര്യങ്ങളും പഠിച്ചു. ആ അറിവുകള്‍ വിലപ്പെട്ടതാണ്.