Kerala
പാല: സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ ഏഴംഗ സമിതി രൂപവത്കരിച്ച് കേരള കോണ്‍ഗ്രസ്-എം

കോട്ടയം: പാലാ ഉപ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ തോമസ് ചാഴിക്കാടന്‍ അധ്യക്ഷനായി ഏഴംഗ സമിതി രൂപവത്കരിച്ച് കേരള കോണ്‍ഗ്രസ്-എം. സ്ഥാനാര്‍ഥിയെ ഞായറാഴ്ച പ്രഖ്യാപിച്ചേക്കും. ഇടതു മുന്നണണിയുടെ സ്ഥാനാര്‍ഥി മാണി സി കാപ്പന്‍ മണ്ഡലത്തില്‍ പ്രചാരണം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.
കെ എം മാണി നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ നിഷ ജോസ് കെ മാണി സ്ഥാനാര്‍ഥിയാകണമെന്ന നിര്‍ദേശം മാണി ഗ്രൂപ്പില്‍ നിന്ന് ശക്തമായി ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, ജയസാധ്യതയുള്ള പൊതു സമ്മതന്‍ സ്ഥാനാര്‍ഥിയാകണമെന്ന നിലപാടാണ് പി ജെ ജോസഫ് വിഭാഗത്തിനും കോണ്‍ഗ്രസിനുമുള്ളത്. നിഷയെ സ്ഥാനാര്‍ഥിയാക്കിയാല്‍ കുടുംബ വാഴ്ച വേണ്ടെന്ന നിലപാടുമായി മാണി വിരുദ്ധര്‍ ഒന്നിച്ചെതിര്‍ക്കുമെന്ന ഭീഷണി നിലനില്‍ക്കുന്നുണ്ട്. 2004ല്‍ ജോസ് കെ മാണി മൂവാറ്റുപുഴയില്‍ മത്സരിച്ചപ്പോള്‍ ഈ അനുഭവമുണ്ടായിരുന്നു. ആ തിരഞ്ഞെടുപ്പില്‍ അദ്ദേഹം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.