ഐഎന്‍എക്‌സ് മീഡിയ അഴിമതി: പി ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി മൂന്ന് ദിവസം കൂടി നീട്ടി

Posted on: August 30, 2019 5:56 pm | Last updated: August 30, 2019 at 5:56 pm

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി മൂന്ന് ദിവസത്തേക്ക് കൂടി നീട്ടി. സെപ്റ്റംബര്‍ 2 വരെ അദ്ദേഹം സിബിഐ കസ്റ്റഡിയില്‍ തുടരും. ഓഗസ്റ്റ് 26 ന് അനുവദിച്ച നാല് ദിവസത്തെ കസ്റ്റഡി ചോദ്യം ചെയ്യലിന്റെ കാലാവധി അവസാനിക്കുന്ന വെള്ളിയാഴ്ച ഡല്‍ഹി കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് മൂന്ന് ദിവസത്തേക്ക് കൂടി നീട്ടിയത്. ആഗസ്റ്റ് 21 ന് അറസ്റ്റിലായതിന് ശേഷം എട്ട് ദിവസമായി ചിദംബരം സിബിഐ കസ്റ്റഡിയിലാണ്. ഓഗസ്റ്റ് 20 ന് ഡല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ നിരസിച്ചതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

കേസില്‍ ചിദംബരത്തിന്റെ കസ്റ്റഡി ചോദ്യം ചെയ്യല്‍ അഞ്ച് ദിവസത്തേക്ക് നീട്ടണമെന്ന് സിബിഐ ആവശ്യപ്പെട്ടു. ചോദ്യം ചെയ്യലിനോട് ചിദംബരം സഹകരിക്കുന്നില്ലെന്നും അതിനാല്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നും സിബിഐ കോടതിയെ ബോധിപ്പിച്ചു.

ചിദംബരത്തെ ഭാഗികമായി ചോദ്യം ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ രേഖകള്‍ പരിശോധിക്കേണ്ടതിനാല്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നും സിബിഐയെ പ്രതിനിധീകരിച്ച് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ (എ എസ് ജി) കെ എം നടരാജ് പറഞ്ഞു. എന്നാല്‍ രേഖകളുടെ എണ്ണത്തെക്കുറിച്ച് അറിയാമായിരുന്നിട്ടും എന്തുകൊണ്ടാണ് നിങ്ങള്‍ ആദ്യ ഘട്ടത്തില്‍ തന്നെ അഞ്ച് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടതെന്ന് കോടതി ചോദിച്ചു. രണ്ടാം തവണയും നിങ്ങള്‍ അഞ്ച് ദിവസം മാത്രം ചോദിച്ചു. എന്തുകൊണ്ട് ഈ സമീപനമെന്നും കോടതി ചോദിച്ചു.

ചിദംബരം ചോദ്യങ്ങള്‍ക്ക് എങ്ങനെ ഉത്തരം നല്‍കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇതെല്ലാം എന്ന് എ എസ് ജി നടരാജ് മറുപടി നല്‍കി. കേസ് ഡയറി പരിശോധിച്ച കോടതി, കൂടുതല്‍ കസ്റ്റഡി ചോദ്യം ചെയ്യലിനായി സിബിഐ നല്‍കിയ കാരണം അവ്യക്തമാണെന്ന് നിരീക്ഷിച്ചു. അറസ്റ്റിന്റെ ആദ്യ ദിവസം തന്നെ ചിദംബരത്തെ 15 ദിവസത്തേക്ക് സിബിഐ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമായിരുന്നുവെന്നും കോടതി പറഞ്ഞു.

എല്ലാ ദിവസവും 8-10 മണിക്കൂര്‍ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ചിദംബരം നേരായ ഉത്തരങ്ങള്‍ നല്‍കുന്നില്ലെന്ന് സിബിഐ പറഞ്ഞു. അതിനാല്‍ തന്നെ കസ്റ്റഡി കൂടുതല്‍ നീട്ടേണ്ടത് ആവശ്യമാണെന്നും എ.എസ്.ജി വ്യക്തമാക്കി.