Ongoing News
പാലാരിവട്ടം മേല്‍പ്പാലം അഴിമതി: ടി ഒ സൂരജ് അടക്കം നാല് പേര്‍ അറസ്റ്റില്‍

കൊച്ചി: കഴിഞ്ഞ യു ഡി എഫ് സര്‍ക്കാറഇന്റെ കാലത്ത് നടന്ന പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജ് ഉള്‍പ്പെടെ നാല് പേരെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. സൂരജിനെ കൂടാതെ കിറ്റ്‌കോ മുന്‍ എം ഡി ബെന്നി പോള്‍, നിര്‍മാണ കമ്പനി എം ഡി സുമിത് ഗോയല്‍, കിറ്റ്‌കോ ഉദ്യോഗസ്ഥന്‍ തങ്കച്ചന്‍ എന്നിവരാണ് അറസ്റ്റിലായത്. അഴിമതി, വഞ്ചന, ഗൂഢാലോചന, ഫണ്ട് ദുര്‍വിനിയോഗം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. കേസില്‍ 17 പെരാണ് പ്രതിപട്ടികയിലുള്ളത്.
കഴിഞ്ഞ ദിവസം നടത്തിയ ചോദ്യം ചെയ്യലിന് ശേഷമാണ് ഇന്ന് അറസ്റ്റുണ്ടായത്.
സൂരജ് സെക്രട്ടറിയായിരിക്കുമ്പോഴാണ് പാലത്തിന് കരാര്‍ നല്‍കുന്നത്. അന്നത്തെ മന്ത്രിസഭ തീരുമാനത്തിന് അനുസരിച്ച് ഉത്തരവിറക്കുക മാത്രമാണ് താന്‍ ചെയ്തതെന്നാണ് സൂരജ് ചോദ്യംചെയ്യലില്‍ പറഞ്ഞത്. സൂരജിന്റെ അറസ്റ്റോടെ പാലാരിവട്ടം പാലത്തിന് സാങ്കേതിക തകരാറാണെന്ന വാദമാണ് പൊളിയുന്നത്.
ദേശീയ പാത വിഭാഗത്തെ ഒഴിവാക്കിയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്പ്‌മെന്റ് കോര്‍പറേഷന് പാലത്തിന്റെ നിര്‍മാണ ചുമതല നല്‍കിയത്.
അഴിമതിക്ക് കളമൊരുക്കാനാണ് ഇത്തരം ഒരു തീരുമാനം എടുത്തതെന്ന് അന്നേ ആരോപണം ഉയര്‍ന്നിരുന്നു.
സൂരജിന്റെ അറസ്റ്റോടെ നിര്‍ണായ തീരുമാനമെടുത്ത രാഷ്ട്രീയ നേതൃത്വത്തിലേക്കും അന്വേഷണം നീളുമെന്നാണ് റിപ്പോര്‍ട്ട്. അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായ ഇബ്രാഹീം കുഞ്ഞിനെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.
കേസില്‍ ഏത് ഉന്നതര്‍ പങ്കാളികളായാലും ശിക്ഷിക്കപ്പെടുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ പ്രതികരിച്ചു. സൂരജ് അടക്കമുള്ള ഉദ്യോഗസ്ഥരുടെ അറസ്‌റ്റോടെ പാലാ ഉപതിരഞ്ഞെടുപ്പില്‍ ഇത് ചര്‍ച്ചയാകുമെന്ന കാര്യം ഉറപ്പാണ്.