Articles
ഇ കെ ഹസന്‍ മുസ്‌ലിയാര്‍: സലഫിവിരുദ്ധ പോരാട്ടത്തിലെ മുന്നണിപ്പോരാളി

കേരളീയ ഇസ്‌ലാമിക സമൂഹത്തില്‍ അടിക്കുറിപ്പ് ആവശ്യമില്ലാത്ത പണ്ഡിത ശ്രേഷ്ടനാണ് ശൈഖുനാ ഇ കെ ഹസന്‍ മുസ്‌ലിയാര്‍. 40 വര്‍ഷത്തോളമായിട്ടും വായിച്ചു തീര്‍ന്നിട്ടില്ലാത്ത ആ ജീവിതം അടുത്തറിഞ്ഞ ശിഷ്യനും മര്‍കസ് ശരീഅത്ത് മുദരിസുമായ
പി സി അബ്ദുല്ല മുസ്‌ലിയാര്‍ (പൊയിലൂര്‍) നാളെ കോഴിക്കോട്ട് നടക്കുന്ന സെമിനാറിന്റെ പശ്ചാത്തലത്തില്‍ ശൈഖുനായെ ഓര്‍ക്കുന്നു.
ശൈഖുനാ വിടവാങ്ങി നാല് പതിറ്റാണ്ട് തികയുന്നു. ഇപ്പോഴും അദ്ദേഹം നമുക്കിടയില്‍ ലൈവായിരിക്കുന്നത്- ചര്‍ച്ചയാകുന്നത് എന്തുകൊണ്ടാണ്?
സൂറഃ മര്‍യം 96ാം വചനത്തിന്റെ ആശയമാണ് ഇതിനുള്ള മറുപടി. ചാഞ്ചല്യമില്ലാത്ത ഉറച്ച വിശ്വാസവും കാപട്യം ഒന്നുമില്ലാത്ത കറകളഞ്ഞ കര്‍മശുദ്ധിയും ഒരാളിലുണ്ടായാല്‍ അല്ലാഹു അത്തരക്കാരെ സ്‌നേഹഭാജനമായി സ്വീകരിക്കുമെന്നാണ് ഈ വചനത്തിന്റെ ആശയം. ശൈഖുനാ ഇ കെ ഹസന്‍ മുസ്‌ലിയാര്‍ താന്‍ വിശ്വസിക്കുന്ന കാര്യങ്ങളില്‍ യാതൊരു സംശയവും ആശയക്കുഴപ്പവും ചാഞ്ചല്യവുമില്ലാത്ത പണ്ഡിതനായിരുന്നു. നന്മയുടെയും സുകൃതത്തിന്റെയും എല്ലാ വഴികളിലും അദ്ദേഹം ഉണ്ടായിരുന്നു. അപ്പോള്‍ അദ്ദേഹം അല്ലാഹുവിന്റെ അടുക്കല്‍ സ്വീകാര്യനായി. റബ്ബിന്റെ ഇഷ്ടപാത്രമായി. അല്ലാഹുവിന്റെ ഇഷ്ടക്കാരന്‍ ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യനും അമരക്കാരനുമാകുന്നത് സ്വാഭാവികം.
ഹദീസിലും വരുന്നുണ്ടല്ലോ ഈ ആശയം?
ഉണ്ട്, മേല്‍പറഞ്ഞ ഖുര്‍ആന്‍ വചനത്തിന് ഇമാം ബയ്‌ളാവിയും മറ്റും നല്‍കിയ വ്യാഖ്യാനത്തില്‍ സ്വഹീഹു മുസ്‌ലിമില്‍ നിന്നുള്ള ഒരു ഹദീസ് ഉദ്ധരിക്കുന്നുണ്ട്. ആ ഹദീസിന്റെ സാരാംശം ഇങ്ങനെയാണ്: അല്ലാഹു ഒരാളെ സ്‌നേഹഭാജനമായി സ്വീകരിച്ചാല്‍ അക്കാര്യം ജിബ്‌രീല്‍(അ)മിനെ വിളിച്ചു പറയും. ജിബ്‌രീല്‍(അ) അതു മലക്കുകള്‍ക്കിടയില്‍ വിളംബരപ്പെടുത്തും. ഇതോടെ ഭൂമിയിലും ഈ വിളംബരമെത്തും. പിന്നെ ജനങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിനു സ്വീകാര്യതയുണ്ടാകും, ഭൗതിക ലോകത്തുനിന്നു മറഞ്ഞാലും കാലമെത്ര കഴിഞ്ഞാലും ഈ സ്വീകാര്യതക്കു മങ്ങലേല്‍ക്കുകയില്ല. ശൈഖുനാ ഹസന്‍ മുസ്‌ലിയാര്‍ ഇപ്പോഴും സ്മരിക്കപ്പെടുന്നതിന്റെ പൊരുളിതാണ്.
അധികാരവും സ്വാധീനവും കൊണ്ട് സമൂഹത്തില്‍ വലിയ തോതില്‍ മാറ്റങ്ങളുണ്ടാക്കിയവര്‍, ഗഹനമായ രചനകള്‍ കൊണ്ട് കാലത്തെ തേജോമയമാക്കിയവര്‍… ഇങ്ങനെ ശ്രദ്ധേയരായവരാണ് സാധാരണയില്‍ ഇത്തരത്തില്‍ കാലോചിതമായി സ്മരിക്കപ്പെടുക. അത്രയൊന്നും പറയാനില്ലല്ലോ ശൈഖുനായെക്കുറിച്ച്?
ശരിയാണ്, അധികാര സ്ഥാനങ്ങള്‍ വാണിട്ടില്ല, ധാരാളം എഴുതിയിട്ടുണ്ടെങ്കിലും വലിയ തോതിലുള്ള തസ്വ്‌നീഫാതുകള്‍(രചനകള്‍) ഇല്ല. എന്നിട്ടും ശൈഖുനാ കാലത്തില്‍ നിന്ന് മാഞ്ഞു പോകുന്നില്ല. അത് ആ വിശ്വാസത്തിന്റെയും കര്‍മങ്ങളുടെയും മാഹാത്മ്യം കൊണ്ടു തന്നെയാണ്. മറ്റൊന്ന് ഗഹനവും അഗാധവുമായ അറിവ്, ആഴത്തിലുള്ള അറിവുകൊണ്ട് നേടിയെടുത്ത അസാമാന്യമായ ആത്മവിശ്വാസം, പഠിച്ചെടുത്തതിനോടു കാണിച്ച നേരും കൂറും, അറിഞ്ഞതും പഠിച്ചതും പറയാനും പഠിപ്പിക്കാനും പ്രകടിപ്പിക്കാനും കാണിച്ച ആത്മധൈര്യം… ഈ സവിശേഷതകള്‍ ശൈഖുനായെ സംബന്ധിച്ചിടത്തോളം അസാമാന്യമായിരുന്നു. ഊഹിക്കാകുന്നതിലും ഏറെ അളവിലുണ്ടായിരുന്നു. നോക്കൂ, പഠിച്ചും അറിഞ്ഞും നിങ്ങള്‍ക്ക് ഒരു കാര്യത്തില്‍ ചില ബോധ്യങ്ങള്‍ ഉണ്ടാകാം. അതാണു ശരിയെന്ന് നിങ്ങള്‍ക്കറിയാം. എന്നാല്‍ അതിനപ്പുറം ഒരു ശരിയുമില്ല എന്ന അറിവാണ് തഹ്ഖീഖ്- ജ്ഞാനസ്ഥിരത. ശൈഖുന ഹസന്‍ മുസ്‌ലിയാര്‍ ഇത്തരത്തില്‍ ജ്ഞാനസ്ഥിരത നേടിയ മഹാനായിരുന്നു. പാണ്ഡിത്യം കൊണ്ട് ഇതുണ്ടാകുകയില്ല. “തൗഫീഖിയ്യ്” എന്നാണ് ഇതിന്റെ മതസംജ്ഞ. അതായത് വരദാനം എന്നൊക്കെപ്പറയുന്ന ചിലതില്ലേ, അല്ലാഹുവിന്റെ ഭാഗത്തു നിന്ന് ലഭിക്കുന്ന പ്രത്യേക തരത്തിലുള്ള ജ്ഞാന ദാനം. അത് പഠിച്ചുണ്ടാക്കുന്നതല്ല. “ലദുന്നിയ്യ്” എന്നൊക്കെ പറയുന്നതിന്റെ ചെറുപതിപ്പ്.
ഇസ്‌ലാമിക സമൂഹത്തിന്റെ വിശ്വാസപരവും കര്‍മപരവുമായ ഏകീകരണത്തിനും കെട്ടുറപ്പിനും വേണ്ടി ഒരായുഷ്‌കാലമത്രയും കഠിനാധ്വാനം ചെയ്ത സാത്വികനായ പണ്ഡിതനായി ശൈഖുന പ്രകീര്‍ത്തിക്കപ്പെടേണ്ടതല്ലേ?
തീര്‍ച്ചയായും. ശൈഖുനായെ കൂട്ടത്തില്‍ ശ്രദ്ധേയനാക്കുന്നത് അദ്ദേഹത്തിന്റെ ഈ രംഗത്തെ പ്രശംസനീയമായ സേവനം തന്നെയാണ്. 1920കള്‍ വരെ കേരളത്തിലെ ഇസ്‌ലാമിക സമൂഹം ഭിന്നതകളൊന്നുമില്ലാത്ത ഏക സമൂഹമായിരുന്നു. അവരുടെ പള്ളികളും പള്ളിക്കൂടങ്ങളും മഹല്ലുകളും കൂട്ടായ്മകളും ഒന്നായിരുന്നു. മുസ്‌ലിംകളോ അവരുടെ കൂട്ടായ്മകളോ ആചാരാനുഷ്ടാനങ്ങളോ സമൂഹത്തിനോ നാട്ടിനോ യാതൊരു അലോസരവും ഉണ്ടാക്കിയിരുന്നില്ല. അങ്ങനെയിരിക്കെയാണ് ആഗോളതലത്തില്‍ മുസ്‌ലിംകളെ വിശ്വാസപരമായും സാമൂഹികമായും ഭിന്നിപ്പിക്കാന്‍ ഒരുമ്പെട്ടിറങ്ങിയ ഒരു വിഭാഗം കേരളത്തിലും രംഗത്തുവരുന്നത്. ഇന്നു നാം കാണുന്ന ആഗോള ഭീകരതയുടെ ആശയ സ്രോതസ്സായ, സലഫിസം എന്നു വ്യവഹരിക്കപ്പെടുന്ന ഭീകരപ്രസ്ഥാനം. ഈ ആപത്തില്‍ നിന്ന് ഇസ്‌ലാമിക സമൂഹത്തെയും രാജ്യത്തെയും രക്ഷപ്പെടുത്താന്‍ കേരളത്തിലെ പണ്ഡിതന്മാര്‍ നടത്തിയ പോരാട്ടങ്ങളുടെ മുന്‍നിരയില്‍ നിന്നുവെന്നതാണ് ശൈഖുനയെ ശ്രദ്ധേയനാക്കുന്നത്.
ഈ രംഗത്ത് വേറെയും പണ്ഡിതന്മാരുണ്ടായിരുന്നല്ലോ?
ഉണ്ട്, നിരവധി പേരുണ്ട്. മഹാജ്ഞാനികളുടെയും ആത്മീയ പുണ്യ പുരുഷന്മാരുടെതുമെന്ന പോലെ ആശയ പോരാട്ടം നടത്തിയ ധീരജ്ഞാനികളുടെയും ഒരു പരമ്പര നമുക്കുണ്ട്. പാങ്ങില്‍ അഹ്മദ്കുട്ടി മുസ്‌ലിയാരും പതി അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാരും റശീദുദ്ദീന്‍ മൂസാ മുസ്‌ലിയാരും വഴി കടന്നുവന്ന ഒരു പരമ്പര. ആ പരമ്പരയിലെ കരുത്തുറ്റ കണ്ണിയായിരുന്നു ശൈഖുനാ ഇ കെ ഹസന്‍ മുസ്‌ലിയാര്‍. ഒരു കാലത്തെ ഇസ്‌ലാമിക സമൂഹത്തെ ആദര്‍ശ പ്രചോദിതമാക്കിയ, വലിയ തോതില്‍ ഊര്‍ജം അവരിലേക്കു സന്നിവേശിപ്പിച്ച മഹാനായിരുന്നു ശൈഖുനാ. നാല് പതിറ്റാണ്ടു പിന്നിടുമ്പോഴും അദ്ദേഹം സ്മരിക്കപ്പെടുന്നുവെന്നത് ഇങ്ങനെ നിരീക്ഷിക്കുമ്പോള്‍ അതിശയമൊന്നുമല്ല.
ശിഷ്യനായി, സഹചാരിയായി ഏറെക്കാലം ശൈഖുനാക്കൊപ്പം കഴിഞ്ഞിട്ടുണ്ടല്ലോ, അനുഭവങ്ങള്‍?
അവിസ്മരണീയമാണ് ശൈഖുനായുടെ ശിഷ്യനായി കഴിഞ്ഞ കാലം. വലിയ ഗൗരവക്കാരനാണ്, ശുണ്ഠിക്കാരനാണ്, കണിശക്കാരനാണ് എന്നൊക്കെപ്പറഞ്ഞാല്‍ നേരാണ്. പക്ഷേ, അതൊക്കെ താന്‍ വിശ്വസിക്കുന്ന ആദര്‍ശത്തിന്റെ കാര്യത്തില്‍ മാത്രമാണ്. വ്യക്തിപരമായി ശൈഖുനാ വിനീതനും ദയാലുവും ശാന്തനും വലിയ പരോപകാരിയും ആയിരുന്നു. ഈ സവിശേഷതകളുടെ ആദ്യത്തെ ഗുണഭോക്താക്കള്‍ ഞങ്ങള്‍ ശിഷ്യന്മാരായിരുന്നു.
എന്നുവച്ചാല്‍?
ശമ്പളമായും മറ്റും ലഭിക്കുന്ന പണവും മറ്റു പാരിതോഷികങ്ങളും മക്കളും കുടുംബവും അനുഭവിച്ചതു പോലെ ഞങ്ങള്‍ ശിഷ്യന്മാര്‍ക്കും കിട്ടിയിട്ടുണ്ട്. ഭൗതികമായ ഒന്നിനോടും താത്പര്യമില്ലായിരുന്നു. ഭക്ഷണ പ്രിയനായിരുന്നില്ല, എന്തും കഴിക്കും, വസ്ത്രം വൃത്തിയായിരിക്കണം- മുന്തിയതാകണമെന്നില്ല. വിശ്രമം- ഉറക്ക് നന്നേ കുറവായിരുന്നു. ഷൂവിന്റെ മടമ്പ് പൊട്ടിയാല്‍ ആ ഭാഗം മുറിച്ചു കളഞ്ഞ് ചെരിപ്പാക്കി ഉപയോഗിക്കും! ഉടുതുണി പുതിയതാണെങ്കില്‍ പഴയ ഷര്‍ട്ടായിരിക്കും. പരിപാടികള്‍ക്കു വേണ്ടിയുള്ള ദീര്‍ഘ യാത്രയില്‍ പാണ്ടിവണ്ടി മുതല്‍ പത്രവണ്ടി വരെ വാഹനമായിരിക്കും!
ഒറ്റ ബിന്ദുവിലായിരുന്നു ശ്രദ്ധയത്രയും- താന്‍ ശരിയെന്നു വിശ്വസിക്കുന്ന ഇസ്‌ലാം- അഹ്‌ലുസ്സുന്നഃ. അതിനപ്പുറം ഒരു ലോകമില്ല, താത്പര്യങ്ങളുമില്ല. ആ ജന്മം അടിമുടി സാര്‍ഥകമായിരുന്നു.
പി സി അബ്ദുല്ല മുസ്‌ലിയാര്‍/
ഒ എം തരുവണ