125 ആദിവാസികള്‍ക്ക് കൂടി പോലീസില്‍ നിയമനം: മുഖ്യമന്ത്രി

Posted on: August 29, 2019 11:20 pm | Last updated: August 30, 2019 at 10:52 am

തിരുവനന്തപുരം: സംസ്ഥാനത്തെ ആദിവാസി ജനവിഭാഗത്തില്‍പ്പെട്ട 125 പേര്‍ക്ക് കൂടി പോലീസ് സേനയില്‍ നിയമനം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് പേജ് വഴിയാണ് മുഖ്യമന്ത്രി തീരുമാനം അറിയിച്ചത്. വയനാട്,പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഉള്ളവര്‍ക്കാണ് പ്രത്യേക നിയമനം നല്‍കുന്നത്.

നേരത്തെ 75 പേര്‍ക്ക് പ്രത്യേക റിക്രൂട്ട്‌മെന്റ് വഴി നിയമനം നല്‍കിയിരുന്നു. അതിന്റെ രണ്ടാം ഘട്ടമായാണ് 125 പേര്‍ക്കുള്ള നിയമനം. ആദിവാസി വിഭാഗത്തില്‍ ഏറ്റവും താഴേക്കിടയില്‍ ഉള്ളവര്‍ക്ക് നിയമനം നല്‍കാനാണ് തീരുമാനം.
പണിയന്‍, അടിയന്‍, ഊരാളി, കാട്ടുനായ്ക്കന്‍, ചോലനായ്ക്കന്‍, കുറുമ്പര്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക് മുന്‍ഗണന ലഭിക്കും.

ആദിവാസി വിഭാഗത്തില്‍ പെട്ടവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.