Kerala
മാവോയിസ്റ്റ് ഭീഷണി: പ്രളയം വലിയ നാശം വിതച്ച പാതാര്‍ രാഹുല്‍ സന്ദര്‍ശിക്കില്ല

നിലമ്പൂര്‍: ഉരുള്‍പൊട്ടലില്‍ ഒരു ടൗണ്‍ തന്നെ തകര്‍ന്നിഞ്ഞ മലപ്പുറം ഭൂതാനത്തിനടുത്തെ പാതാര്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കില്ല. മാവോയിസ്റ്റ് ഭീഷണിയെത്തുടര്‍ന്നാണ് സന്ദര്‍ശനം ഒഴിവാക്കിയത്. സുരക്ഷാ പ്രശ്‌നങ്ങളെത്തുടര്‍ന്ന് പോലീസ് ആവശ്യപ്പെട്ടതുകൊണ്ടാണ് നാളെ നടത്താനിരുന്ന സന്ദര്‍ശനം റദ്ദാക്കിയതെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.
ഇന്ന് വയനാട്ടില്‍ സന്ദര്‍ശനം നടത്തിയ രാഹുല്‍ ഗാന്ധി, പ്രളയ ബാധിതര്‍ക്ക് യഥാസമയം നഷ്ടപരിഹാരം കിട്ടാനായി കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് പറഞ്ഞു. കേന്ദ്രത്തിലോ കേരളത്തിലോ കോണ്‍ഗ്രസിന് അധികാരമില്ല. എന്നാല്‍ ജനങ്ങളില്‍ ഒരാളായി നിന്ന് ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്നാണ് രാഹുല്‍ ഗാന്ധി തിരുവമ്പാടിയില്‍ പറഞ്ഞു.
മുക്കം കാരശ്ശേരിയിലെ എം പി ഓഫീസ് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്തു. പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവരെ ചടങ്ങില്‍ ആദരിച്ചു. കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബത്തിന് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി സമാഹരിച്ച 15 ലക്ഷം രൂപ രാഹുല്‍ഗാന്ധി കൈമാറി.