National
ചിദംബരത്തിന്റെ ജാമ്യഹരജിയില്‍ വിധി അടുത്തമാസം അഞ്ചിന്; അതുവരെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് പാടില്ല

ന്യൂഡല്‍ഹി: ഐ എന്‍ എക്‌സ് മീഡിയ കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ധനമന്ത്രിയുമായ പി ചിദംബരത്തിന്റെ ജാമ്യഹരജിയില്‍ സുപ്രീംകോടതി അടുത്തമാസം അഞ്ചിന് വിധി പറയും. അഴിമതി കേസില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ ചിദംബരം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ജാമ്യഹരജി പരിഗണിക്കുന്നതുവരെ എന്‍ഫോഴ്‌സ്‌മെന്റ് ്ചിദംബരത്തെ അറസ്റ്റ് ചെയ്യരുതെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. നിലവില്‍ കേസുമായി ബന്ധപ്പെട്ട് സി ബി ഐയുടെ കസ്റ്റഡിയിലാണ് ചിദംബരം.
മൂന്ന് ദിവസത്തിനകം ചിദംബരത്തിനെതിരായി ശേഖരിച്ച തെളിവുകള്‍ മുദ്ര വച്ച കവറില്‍ കൈമാറാനും സുപ്രീംകോടതി എന്‍ഫോഴ്‌സ്‌മെന്റിനോട് നിര്‍ദേശിച്ചു. രേഖകള്‍ ആധികാരികമായിരിക്കണമെന്നും ജസ്റ്റിസ് ആര്‍ ഭാനുമതി, എ എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബഞ്ച് ആവശ്യപ്പെട്ടു.
ഇതിന് മുമ്പ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോഴൊക്കെ ചിദംബരം ചോദ്യങ്ങളോട് സഹകരിച്ചില്ലെന്ന വാദത്തിനെതിരെ അഭിഭാഷകരായ കപില്‍ സിബലും മനു അഭിഷേക് സിംഗ്‌വിയും ശക്തമായ വാദങ്ങളുയര്‍ത്തി. പ്രധാനപ്പെട്ട ഒരു ചോദ്യങ്ങളും എന്‍ഫോഴ്‌സ്‌മെന്റ് ചിദംബരത്തോട് ചോദിച്ചിട്ടില്ലെന്ന് വാദം. ചോദ്യം ചെയ്യലിന്റെ രേഖകളും അതിന് ചിദംബരം നല്‍കിയ മറുപടികളും എന്‍ഫോഴ്‌സ്‌മെന്റിനോട് ഹാജരാക്കാന്‍ നിര്‍ദേശിക്കണമെന്നും ചിദംബരത്തിന്റെ അഭിഭാഷകര്‍ വാദിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് രേഖകള്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടത്.