പൗരത്വ “ശുദ്ധികലശം’: ഇരകളെന്ത് ചെയ്യും?

ഈ മാസം മുപ്പത്തിയൊന്നിനാണ് അസാം പൗരത്വ പട്ടികയുടെ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. ചുരുങ്ങിയത് പത്ത് ലക്ഷം മുതല്‍ 12 ലക്ഷം വരെ ജനങ്ങളും കൂടിയാല്‍ 20 മുതല്‍ 22 ലക്ഷം ജനങ്ങള്‍ വരെയും പട്ടികക്ക് പുറത്തായിരിക്കുമെന്നാണ് അസാം എന്‍ ആര്‍ സിയുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഏറ്റവും ഒടുവിലായി പുറത്തുവരുന്ന വാര്‍ത്തകള്‍. 1971 മാര്‍ച്ച് 25ന് മുമ്പ് രാജ്യത്തെ വോട്ടര്‍ പട്ടികയിലോ മറ്റേതെങ്കിലും രേഖയിലോ ഉള്ളവര്‍ക്കും ഇതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് ജനിച്ചവര്‍ക്കുമാണ് പൗരത്വം ലഭിക്കുക. രാജ്യത്തിന് വേണ്ടി സ്വയം സമര്‍പ്പിച്ച് സേവനം ചെയ്യുന്ന അര്‍ധ സൈനിക വിഭാഗവും പോലീസുകാരും ഉള്‍പ്പെടെയുള്ളവര്‍ ഈ ശുദ്ധികലശത്തിനിടെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് നിന്ന് പുറത്താകുകയാണ്. നിരക്ഷരരായ ലക്ഷക്കണക്കിന് പേര്‍ എന്നാണ് തടവറയിലേക്ക് പോകേണ്ടി വരുന്നതെന്ന് ദിവസങ്ങള്‍ എണ്ണി നോക്കി നില്‍ക്കുന്നു. ദേശീയ പൗരത്വ പട്ടികയില്‍ നിന്ന് പുറത്താക്കപ്പെടുമെന്ന് കരുതുന്ന 89 ശതമാനം ജനങ്ങളും മാനസിക സമ്മര്‍ദം അനുഭവിക്കുന്നതായി സര്‍വേയില്‍ കണ്ടെത്തി. ബംഗ്ലാദേശില്‍ നിന്ന് കുടിയേറിയത് മുസ്‌ലിംകള്‍ മാത്രമാണെന്നും എന്‍ ആര്‍ സിയിലൂടെ ഇവരായിരിക്കും പുറത്താക്കപ്പെടുകയെന്നുമായിരുന്നു പ്രചരിപ്പിക്കപ്പെട്ടിരുന്നത്. എന്നാല്‍ പുതിയ കണക്കുകളനുസരിച്ച്, മുസ്‌ലിംകളേക്കാള്‍ കൂടുതല്‍ ഹിന്ദു വിഭാഗത്തില്‍പ്പെട്ടവരായിരിക്കും പുറത്തു പോകുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

Posted on: August 29, 2019 12:40 pm | Last updated: August 29, 2019 at 12:55 pm

മഹാ പ്രളയത്തില്‍ നിന്ന് കര കയറുന്നതേയുള്ളൂ അസാം. ബ്രഹ്മപുത്ര നദി കര കവിഞ്ഞൊഴുകിയപ്പോള്‍ ഉള്ളതെല്ലാം നഷ്ടപ്പെട്ട ജനത മറ്റൊരു മഹാ പ്രതിസന്ധി നേരിടാനിരിക്കുകയാണ്. നാഷണല്‍ രജിസ്റ്റര്‍ ഫോര്‍ സിറ്റിസണ്‍ (എന്‍ ആര്‍ സി)യുടെ അന്തിമ പട്ടിക പുറത്തു വരാന്‍ ഇനി രണ്ട് ദിനം മാത്രമാണുള്ളത്. ഈ മാസം മുപ്പത്തിയൊന്നിനാണ് അസാം പൗരത്വ പട്ടികയുടെ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. അന്തിമ പട്ടികയില്‍ ഇടം പിടിക്കാതെ എത്ര പേര്‍ക്ക് പുറത്തു പോകേണ്ടി വരുമെന്ന ആശങ്ക മാത്രമാണ് സംസ്ഥാനത്ത് മുഴുക്കെ ബാക്കി നില്‍ക്കുന്നത്. ചുരുങ്ങിയത് പത്ത് ലക്ഷം മുതല്‍ 12 ലക്ഷം വരെ ജനങ്ങളും കൂടിയാല്‍ 20 മുതല്‍ 22 ലക്ഷം ജനങ്ങള്‍ വരെയും പട്ടികക്ക് പുറത്തായിരിക്കുമെന്നാണ് അസാം എന്‍ ആര്‍ സിയുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഏറ്റവും ഒടുവിലായി പുറത്തുവരുന്ന വാര്‍ത്തകള്‍. ലക്ഷക്കണക്കിന് ജനങ്ങളാണ് പുറത്തു പോകുന്നത്. സംസ്ഥാനത്തെ ചില മേഖലകളില്‍ വലിയ ശതമാനത്തോളം പേരുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന ഗ്രാമങ്ങളില്‍ ചെറിയൊരു ശതമാനം ജനങ്ങള്‍ മാത്രമാണ് ഇപ്പോഴും സമ്പൂര്‍ണാര്‍ഥത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ ഗ്രാമങ്ങളില്‍ കൂടുതല്‍ പേരും അന്തിമ പട്ടികക്ക് പുറത്താകുമെന്നാണ് വിവിധ സന്നദ്ധ സംഘടനകള്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

എന്‍ ആര്‍ സി

1971ലെ ബംഗ്ലാദേശ് യുദ്ധകാലത്ത് അവിടെ നിന്ന് അസാം അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് ഒരുപാട് പേര്‍ കുടിയേറിയെന്നും ഇത് സംസ്ഥാനത്ത് വലിയ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ടെന്നും അസാമിലെ ചില ഉന്നത വിഭാഗങ്ങള്‍ നിരന്തരമായി പരാതി ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ യഥാര്‍ഥ പൗരന്മാരാരാണെന്നു കണ്ടെത്തുന്നതിനുള്ള പ്രത്യേകമായ പ്രക്രിയയാണ് നാഷണല്‍ രജിസ്റ്റര്‍ ഫോര്‍ സിറ്റിസണ്‍ (എന്‍ ആര്‍ സി). 2013ല്‍ സുപ്രീം കോടതി പുറപ്പെടുവിച്ച ഒരു ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടികള്‍ ആരംഭിച്ചത്. സുപ്രീം കോടതിയുടെ നിരീക്ഷണത്തില്‍ കോടതി തന്നെ നിയോഗിച്ച ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് എന്‍ ആര്‍ സി നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നത്. 1971 മാര്‍ച്ച് 25ന് മുമ്പ് രാജ്യത്തെ വോട്ടര്‍ പട്ടികയിലോ മറ്റേതെങ്കിലും രേഖയിലോ പേര് ഉള്ളവര്‍ക്കും ഇതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് ജനിച്ചവര്‍ക്കുമാണ് പൗരത്വം ലഭിക്കുക. അല്ലാത്തവരെ വിദേശിയായി കണക്കാക്കി ഡിറ്റന്‍ഷന്‍ സെന്ററുകളില്‍ തള്ളുന്നതാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്. 1951ലെ സെന്‍സസില്‍ ഉള്‍പ്പെടുക, 1971 മാര്‍ച്ച് 25ന് മുമ്പുള്ള ഇലക്ഷന്‍ വോട്ടര്‍ പട്ടികയില്‍ പേരുണ്ടാകുക, ഇവരുടെ പിന്മുറക്കാര്‍, 1966 ജനുവരി ഒന്നിന് ശേഷവും 1971 മാര്‍ച്ച് 25ന് മുമ്പും കേന്ദ്ര സര്‍ക്കാറിന്റെ അനുമതിയോടു കൂടി അസാമിലേക്ക് വന്നവര്‍, അസാമിലെ ആദിമ നിവാസികള്‍ തുടങ്ങിയവയാണ് അസാം പൗരത്വ പട്ടികയില്‍ ഇടം നേടാനായിട്ടുള്ള യോഗ്യതകളായി പറയുന്നത്. എന്നാല്‍ ഇന്ത്യയെ പോലെ നിരക്ഷരതയുള്ള രാജ്യത്ത് ഒരു പൗരത്വ ശുദ്ധിപ്രക്രിയ നടത്തുമ്പോള്‍ മറ്റു കാര്യങ്ങള്‍ കൂടി പരിഗണിക്കേണ്ടതുണ്ടെന്നാണ് അസാം പറയുന്നത്.

രാജ്യത്തിന് വേണ്ടി സ്വയം സമര്‍പ്പിച്ച് സേവനം ചെയ്യുന്ന അര്‍ധ സൈനിക വിഭാഗവും പോലീസുകാരും ഉള്‍പ്പെടെയുള്ളവര്‍ ഈ ശുദ്ധികലശത്തിനിടെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് നിന്ന് പുറത്താകുകയാണ്. സാക്ഷരരായ ജനതയായതു കൊണ്ട് ഇവര്‍ നിയമ പോരാട്ടം നടത്തുന്നു. നിരക്ഷരരായ ലക്ഷക്കണക്കിന് പേര്‍ ഒന്നുമറിയാതെ മാറി നില്‍ക്കുന്നു. മറ്റു ചിലര്‍ നിസഹായരായി എന്നാണ് തടവറയിലേക്ക് പോകേണ്ടി വരുന്നതെന്നു ദിവസങ്ങള്‍ എണ്ണി നോക്കി നില്‍ക്കുന്നു. എത്ര കാലം എങ്ങനെ കഴിയുമെന്നു പോലും അവര്‍ക്ക് നിശ്ചയമില്ല. അന്തിമ കരട് പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ടവര്‍ പൗരത്വം തെളിയിക്കുന്നതിനാവശ്യമായ എല്ലാ രേഖകളും സമര്‍പ്പിച്ച് പുതിയ പട്ടികയില്‍ പേര് ചേര്‍ക്കപ്പെട്ടിട്ടുണ്ടോയെന്ന് കാത്തിരിക്കുകയാണ്. എങ്ങനെയായിരുന്നാലും കുട്ടികളും പ്രായമായവരും ഉള്‍പ്പെടെയുള്ള നിരവധി പേരാണ് പൗരത്വ പ്രശ്‌നത്തിന്റെ പേരില്‍ ഡിറ്റന്‍ഷന്‍ ക്യാമ്പുകളിലേക്ക് പോകേണ്ടി വരിക.

മാനസിക സമ്മര്‍ദവും
ആത്മഹത്യയും

എന്നാല്‍, ഇങ്ങനെ കഴിയുന്നവരില്‍ മാനസിക സമ്മര്‍ദവും ആത്മഹത്യയും പെരുകുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. സ്വന്തം രാജ്യമെന്നും ഇവിടെ തന്നെ ജീവിച്ചു മരിക്കണമെന്നും വിശ്വസിച്ചവര്‍ക്ക് ഇതിനപ്പുറം എന്താണ് ചെയ്യാനാകുക. അസാമിലെ ദേശീയ പൗരത്വ പട്ടികയില്‍ നിന്ന് പുറത്താക്കപ്പെടുമെന്ന് കരുതുന്ന 89 ശതമാനം ജനങ്ങളും മാനസിക സമ്മര്‍ദം അനുഭവിക്കുന്നതായി നാഷണല്‍ ക്യാമ്പയിന്‍ എഗൈന്‍സ്റ്റ് ടോര്‍ച്ചര്‍ (എന്‍ സി എ ടി) എന്ന സംഘടന നടത്തിയ സര്‍വേയില്‍ കണ്ടെത്തി. ജൂലൈ 16 മുതല്‍ 20 വരെയുള്ള സമയങ്ങളില്‍ പൗരത്വ പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ടവര്‍ കൂടുതലുള്ള ബാക്സ, ഗോള്‍പാര, കാംരുപ് ജില്ലകളിലാണ് എന്‍ സി എ ടി സര്‍വേ നടത്തിയത്. ഓരോ ജില്ലയിലും സംഘടന അഭിമുഖം നടത്തിയ 91 പേരില്‍ 81 പേരും മാനസിക സമ്മര്‍ദം അനുഭവിക്കുന്നുവെന്നാണ് പറയുന്നത്. പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ടാല്‍ ഡിറ്റന്‍ഷന്‍ സെന്ററുകളിലേക്ക് പോകേണ്ടതും കോടതി വഴി പൗരത്വം തെളിയിക്കാന്‍ പണമില്ലാത്തതുമാണ് ഇവരെ വേട്ടയാടുന്ന പ്രധാന പ്രശ്നം. ഇത്തരം മനുഷ്യര്‍ ആത്മഹത്യ ചെയ്യുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍, തന്നെ വിദേശിയായി പ്രഖ്യാപിച്ചുവെന്ന് പറഞ്ഞ് 69കാരനായ നിരോദ് ബാരന്‍ ദാസ് എന്ന പ്രൊഫസര്‍ ആത്മഹത്യ ചെയ്തു. തുടര്‍ന്ന് ഇത്തരത്തില്‍ ധാരാളം പേര്‍ ആത്മഹത്യക്ക് വിധേയമാകുന്നുണ്ട്. ചുരുങ്ങിയത് ഈ കാരണത്തില്‍ ഈ വര്‍ഷം മാത്രമായി 33 പേര്‍ ആത്മഹത്യ ചെയ്തെന്നാണ് റിപ്പോര്‍ട്ട്.

മുസ്‌ലിംകള്‍ മാത്രമല്ല
ഇരകള്‍

ബംഗ്ലാദേശില്‍ നിന്ന് കുടിയേറിയത് മുസ്‌ലിംകള്‍ മാത്രമാണെന്നും എന്‍ ആര്‍ സിയിലൂടെ ഇവരായിരിക്കും പുറത്താക്കപ്പെടുകയെന്നുമായിരുന്നു പ്രചരിപ്പിക്കപ്പെട്ടിരുന്നത്. എന്നാല്‍ പുതിയ കണക്കുകളനുസരിച്ച്, മുസ്‌ലിംകളേക്കാള്‍ കൂടുതല്‍ ഹിന്ദു വിഭാഗത്തില്‍പ്പെട്ടവരായിരിക്കും പുറത്തു പോകുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ചില മേഖലയില്‍ നിന്നുള്ള ഹിന്ദു വിഭാഗത്തില്‍പ്പെട്ട ജനങ്ങളുടെ അപേക്ഷയിലാണ് കൂടുതലായി പ്രശ്നങ്ങള്‍ കണ്ടെത്തിയതെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ഇത്തരം മേഖലകളില്‍ നിന്നുള്ള 50 ശതമാനത്തോളം രേഖകളും കെട്ടിച്ചമച്ചതാണെന്ന് വിലയിരുത്തുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്ക് പട്ടിക പ്രസിദ്ധീകരിച്ച് 60 ദിവസത്തിനുള്ളില്‍ ട്രൈബ്യൂണലിനെ സമീപിച്ച് കോടതി വഴി പട്ടികയില്‍ കയറാന്‍ അവസരമുണ്ട്. ഇത് 120 ദിവസമായി വര്‍ധിപ്പിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതിനിടെ, പൗരത്വ പട്ടിക കൂടുതല്‍ ശക്തമാക്കണമെന്നാവശ്യപ്പെട്ട് അസാമിലെ യഥാര്‍ഥ പൗരന്‍മാരെന്ന് അവകാശപ്പെട്ട സംഘടനയുടെ ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. പൗരത്വ പട്ടികയുടെ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് അസാം സാന്‍മിലിത മഹാ സംഘ എന്ന സംഘടനയാണ് രംഗത്തെത്തിയത്. ഒരു വിദേശിയെ പോലും എന്‍ ആര്‍ സിയില്‍ ഉള്‍പ്പെടുത്താന്‍ സമ്മതിക്കില്ലെന്നും ഇവര്‍ പറയുന്നു. അസാമിലെ യഥാര്‍ഥ പൗരന്‍മാരെന്ന് അവകാശപ്പെടുന്ന വിവിധ വര്‍ഗ, വിഭാഗങ്ങളുടെ സംയുക്ത കൂട്ടായ്മയാണ് അസാം സാന്‍മിലിത മഹാസംഘ (എ എസ് എം). ഈ മാസം 31ന് പ്രസിദ്ധീകരിക്കുന്ന എന്‍ ആര്‍ സി പട്ടിക അന്തിമ പൗരത്വ പട്ടികയാക്കാന്‍ കഴിയില്ല. 1971 മാര്‍ച്ച് 25ന് പകരം 1951 അടിസ്ഥാന വര്‍ഷമായി പരിഗണിച്ച് പട്ടിക തയ്യാറാക്കണമെന്നാണ് സംഘടനയുടെ ആവശ്യം. ഇക്കാര്യത്തില്‍ തങ്ങള്‍ നല്‍കിയ ഹരജിയില്‍ സുപ്രീം കോടതി ഭരണഘടനാ ബഞ്ച് വിധി പ്രസ്താവിക്കുന്നത് വരെ എങ്ങനെ ഇത് അന്തിമ പട്ടികയായി അംഗീകരിക്കാനാകുമെന്ന് സംഘടനയുടെ പ്രസിഡന്റ് ചോദിക്കുന്നു.

പൗരനാണെങ്കിലും കൃത്യമായ രേഖ കൈവശമില്ലാത്ത ഒരു വലിയ വിഭാഗം ജനങ്ങള്‍ തങ്ങളുടെ പൗരത്വം തെളിയിക്കാന്‍ മാര്‍ഗമില്ലാതിരിക്കുകയാണ്. ജനിക്കുകയും ജീവിക്കുകയും ചെയ്ത നാട്ടില്‍ നിന്ന് അന്യവത്കരിക്കപ്പെടുന്നതിനോളം മറ്റെന്താണ് ഒരു മനുഷ്യന് ജീവിതത്തില്‍ വേദനയായി കൂടുതല്‍ അനുഭവിക്കാനുണ്ടാകുക. പൗരത്വമെന്ന പോളിറ്റിക്കല്‍ സ്റ്റേറ്റിന്റെ നിര്‍വചനത്തില്‍ ഒരു വലിയ ജനതക്ക് നഷ്ടമാകുന്നത് പരമ പ്രധാനമായ ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ്.