Connect with us

Articles

പ്രതിമകള്‍ക്കെന്ത് സാമ്പത്തിക മാന്ദ്യം

Published

|

Last Updated

ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ ഇന്ന് ഏറെ ചര്‍ച്ചചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നുണ്ട്. ആഴ്ചകള്‍ക്കു മുമ്പ് ഇന്ത്യയുടെ അഭിമാനമായി കുറഞ്ഞ ചെലവില്‍ ചന്ദ്രയാന്‍ 2 കുതിച്ചതുമായി ബന്ധപ്പെട്ട് ശാസ്ത്ര സാങ്കേതിക മേഖലയില്‍ മുന്‍പന്തിയിലുള്ള രാജ്യങ്ങള്‍ ഏറെ അത്ഭുതത്തോടെയാണ് പ്രതികരിച്ചത്. ശാസ്ത്ര സാങ്കേതിക രംഗത്ത് ഇന്ത്യ ചരിത്രം തീര്‍ക്കുന്നുണ്ടെങ്കിലും ആഭ്യന്തരമായി ചികഞ്ഞു പരിശോധിക്കുമ്പോള്‍, പ്രത്യേകിച്ചും രാജ്യത്ത് അധിവസിക്കുന്ന ന്യൂനപക്ഷങ്ങള്‍ ഏറെ പ്രതിസന്ധിയും പ്രയാസവും നേരിടുന്നുണ്ടെന്നത് മാറ്റി നിര്‍ത്താവതല്ല. ഒരു രാജ്യത്തെ വിവിധ മത വിഭാഗങ്ങളില്‍പ്പെട്ട ജനങ്ങളുടെ മത, സാമൂഹിക, സാംസ്‌കാരിക മേഖലകളെയും ജീവിത രീതികളെയും പരിഗണിക്കുകയും അവരുടെ സൈ്വര്യജീവിതത്തിന് വിഘാതം സൃഷ്ടിക്കുന്ന തരത്തിലുള്ള നീക്കങ്ങള്‍ക്ക് മുതിരാതിരിക്കുകയും ചെയ്യുമ്പോഴാണ് യഥാര്‍ഥ ഭരണകര്‍ത്താക്കളാകുന്നത്.

എന്നാല്‍ ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് ശ്രീരാമ പ്രതിമാ നിര്‍മാണവുമായി രംഗത്തുവരുന്ന സംഘ്പരിവാര്‍ സര്‍ക്കാറും അവര്‍ക്ക് പിന്തുണ നല്‍കുന്നവരും ന്യൂനപക്ഷങ്ങളുടെ ജീവിതത്തിന് മേല്‍ കൂടുതല്‍ പ്രതിസന്ധികള്‍ ഉയര്‍ത്തിവിടുകയാണ്.
ഇന്ത്യന്‍ സമൂഹത്തെ ഒന്നടങ്കം സാമുദായിക ധ്രുവീകരണത്തിന്റെയും വര്‍ഗീയ സംഘര്‍ഷങ്ങളുടെയും പാതയിലേക്ക് തള്ളിയിട്ടതായിരുന്നു ബാബരി മസ്ജിദിന്റെ തകര്‍ച്ച. അന്നേ പുകഞ്ഞുകൊണ്ടിരുന്ന മതധ്രുവീകരണ ശ്രമങ്ങളുടെ തുടര്‍ച്ചയെന്നോണമാണ് നിലവില്‍ ഭരണരംഗത്തുള്ളവരുടെയും പോക്ക്. കഴിഞ്ഞ അധികാര കാലയളവിലാണ് ബി ജെ പി സര്‍ക്കാര്‍ ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കുക എന്നത് മുഖ്യ അജന്‍ഡകളിലൊന്നായി രൂപം കൊടുക്കുന്നത്.

തുടര്‍ന്നിങ്ങോട്ട് അതിനായുള്ള കൃത്യവും തുടര്‍ച്ചയുമുള്ള നീക്കമാണ് പ്രകടമായത്. പ്രധാനമായും ഹിന്ദുത്വ വര്‍ഗീയവത്കരണത്തിന് ആക്കം കൂട്ടുന്ന ആസൂത്രിതമായ പദ്ധതികള്‍. രാമക്ഷേത്ര നിര്‍മാണത്തിനു പുറമെ, മഥുര ക്ഷേത്രത്തിനടുത്തുള്ള മസ്ജിദ് പിടിച്ചെടുക്കുമെന്നും അയോധ്യയില്‍ നടന്ന ധരംസഭയില്‍ യോഗി പ്രഖ്യാപിച്ചിരുന്നു. ചരിത്രവും സ്ഥലനാമങ്ങളും ഹൈന്ദവവത്കരിച്ചും വികലമാക്കിയും നടത്തുന്ന നീക്കങ്ങള്‍ രാജ്യത്തിന്റെ പാരമ്പര്യ മൂല്യത്തോട് പൊരുത്തപ്പെടുന്നതല്ല.

മതേതര രാഷ്ട്രം എന്ന അതിപ്രധാനമായ മൂല്യത്തിലധിഷ്ഠിതമായി തുടര്‍ന്നു പോരുന്ന ഇന്ത്യാ മഹാരാജ്യത്തിന്റെ മഹത്തായ പാരമ്പര്യത്തിനാണ് ഇപ്പോള്‍ കളങ്കമേറ്റുകൊണ്ടിരിക്കുന്നത്. മുഖ്യമായും ഗോരക്ഷാ ഗുണ്ടകളുടെ ആക്രമണങ്ങളോടെ തുടക്കം കുറിച്ച രാജ്യത്തെ മുസ്‌ലിം വിരുദ്ധ തേരോട്ടം വിവിധങ്ങളായ അക്രമ പ്രവര്‍ത്തനങ്ങളിലൂടെ കടന്നുവന്ന് ഇതിനകം ആള്‍ക്കൂട്ട ആക്രമണവും ജയ്ശ്രീറാം വിളിയും പിന്നിട്ട് തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ മത ധ്രുവീകരണത്തിലേക്ക് വഴിതെളിക്കുന്നതായി മാറാം ഈ രാമ പ്രതിമാ നിര്‍മാണവും. ബി ജെ പി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങള്‍ നിലവില്‍ പ്രതിമാ നിര്‍മാണത്തില്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്. ആരാണ് ഏറ്റവും വലിയ പ്രതിമ നിര്‍മിക്കുകയെന്ന മാത്സര്യ ബുദ്ധിയോടെയുള്ള നീക്കം രാജ്യത്ത് പ്രതിമാ നിര്‍മാണം തകൃതിയാക്കിയിരിക്കുന്നു. ഇതിനകം പലയിടങ്ങളിലായി പ്രതിമാ അനാവരണം നടക്കുകയുണ്ടായി. ഗുജറാത്തില്‍ അടുത്തിടെ നിര്‍മിക്കപ്പെട്ട പട്ടേല്‍ പ്രതിമയേക്കാള്‍ ഉയരമുള്ള പ്രതിമ എന്ന ലക്ഷ്യത്തോടെ യോഗി രാമ പ്രതിമാ പ്രഖ്യാപനം നടത്തിയപ്പോള്‍ മഹാരാഷ്ട്ര വെല്ലുവിളിയുമായി രംഗത്തെത്തി. നിലവിലുള്ള ഛത്രപതി ശിവജിയുടെ ഉയരം വര്‍ധിപ്പിച്ച് രാമപ്രതിമയെ മറികടക്കുക എന്നായിരുന്നു അതിനായി സംസ്ഥാനം ആലോചിച്ചിരുന്നത്. രാമപ്രതിമ നിര്‍മിക്കപ്പെടുന്നതോടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ എന്ന ബഹുമതി കരസ്ഥമാകുമെങ്കിലും, രാജ്യത്തെ ജനങ്ങളുടെ ജീവിതാവസ്ഥയും നിലവിലെ സാമ്പത്തിക മാന്ദ്യവും കൂടി മാനിച്ചായിരിക്കണം ഇത്തരമൊരു പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ മുതിരേണ്ടതെന്ന മറ്റൊരു പുറം കൂടി ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതുണ്ട്.

ദിനങ്ങള്‍ തള്ളിനീക്കാന്‍ മറ്റുള്ളവര്‍ക്ക് മുമ്പില്‍ കൈ നീട്ടിക്കൊണ്ടിരിക്കുന്ന മനുഷ്യ ജീവികളുടെ കണ്‍മുന്നില്‍ കോടികളുടെ പ്രതിമ തീര്‍ക്കുന്നതില്‍ എന്തു നീതിയുക്ത മറുപടിയാണ് ഈ രാഷ്ട്രീയത്തലവന്മാര്‍ക്ക് നിരത്താനുള്ളത്. ഉത്തര്‍പ്രദേശില്‍ കര്‍ഷകര്‍ പട്ടിണിയിലും കടക്കെണിയിലുമകപ്പെട്ട് മരണത്തിന് കീഴടങ്ങുമ്പോഴാണ് പൊതു ഖജനാവില്‍ നിന്ന് കോടികള്‍ ചെലവഴിച്ച് പ്രതിമാ നിര്‍മാണവുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. വോട്ടുചെയ്ത് അധികാര കസേരയിലിരുത്തിയ സ്വന്തം ജനതയോട് എത്രത്തോളം അനുഭാവം പ്രകടിപ്പിക്കുന്നുണ്ട് ഇവരെന്ന് വ്യക്തമാക്കുന്നതാണ് ഈ നീക്കങ്ങള്‍. അടിസ്ഥാന സൗകര്യം പോലും ലഭ്യമാകാത്ത എത്രയോ പ്രദേശങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. പൊതുനിരത്തുകളും റെയില്‍വേ ട്രാക്കുകളും ശൗച്യാലയമായി ഉപയോഗിക്കുന്നവരടക്കമുള്ള മനുഷ്യര്‍ രാജ്യത്ത് കഴിയുന്നുണ്ടെന്നത് പച്ചപ്പരമാര്‍ഥമാണ്.

2019ലെ തിരഞ്ഞെടുപ്പു കാലയളവില്‍ സംസ്ഥാനങ്ങള്‍ തോറും പ്രചാരണത്തിലേര്‍പ്പെട്ടിരുന്ന സമയം ഭരണനേട്ടങ്ങളോ വികസന പദ്ധതികളോ കാര്യമായി എടുത്തു പറയാനില്ലാത്ത ബി ജെ പി, രാമക്ഷേത്രവും ശബരിമലയിലെ നൈഷ്ഠിക ബ്രഹ്മചര്യവുമൊക്കെ ഉയര്‍ത്തിക്കൊണ്ടുവന്ന് വര്‍ഗീയത ആളിക്കത്തിച്ചു. അങ്ങനെ ഫാസിസത്തെ ഉത്തേജിപ്പിക്കുന്ന പ്രചാരണമാണ് അവര്‍ നടത്തിയത്. വ്യത്യസ്ത മതങ്ങളിലും സംസ്‌കാരങ്ങളിലും പെട്ട ജനസമൂഹത്തിന് ഒരൊറ്റ രാഷ്ട്രമായി, ജനതയായി ജീവിക്കാനുള്ള സ്വാതന്ത്ര്യവും നിര്‍ഭയവുമായ സാഹചര്യമാണ് ഭരണഘടനയിലെ മതനിരപേക്ഷത ഉറപ്പുനല്‍കുന്നത്. മതത്തെ രാഷ്ട്രീയത്തിലോ പൗര ജീവിതത്തിന്റെ പൊതു വ്യവഹാരങ്ങളിലോ ഉള്‍പ്പെടുത്താതെ സര്‍വ മതങ്ങള്‍ക്കും വിശ്വാസപരമായ അനുഷ്ഠാനങ്ങള്‍ക്കും പ്രചാരണത്തിനുമുള്ള സ്വാതന്ത്ര്യവും ഇത് ഉറപ്പുനല്‍കുന്നുണ്ട്. നിലവില്‍ ഇന്ത്യന്‍ ഭരണഘടനയില്‍ നിന്ന് മതനിരപേക്ഷത എന്ന വാക്കുതന്നെ എടുത്തുകളയാനുള്ള ശ്രമങ്ങളാണ് സംഘ്പരിവാറിന്റെ ഭാഗത്തു നിന്നുള്ളത്. ആര്‍ എസ് എസിന്റെ നിര്‍ദേശമനുസരിച്ച് 1998ല്‍ വാജ്‌പേയ് സര്‍ക്കാറിന്റെ കാലത്ത് ഭരണഘടനാ റിവ്യൂ കമ്മിറ്റി രൂപവത്കരിക്കുകയുണ്ടായി. അന്ന് ഇന്ത്യന്‍ ഭരണഘടനയിലെ മതനിരപേക്ഷത എന്ന വാക്ക് മാറ്റി പകരം മറ്റൊന്ന് കൊണ്ടുവരണമെന്ന് ആഭ്യന്തരമന്ത്രി വാദിച്ചിരുന്നു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ സാമ്പത്തിക പ്രതിസന്ധിയുടെയും മാന്ദ്യത്തിന്റെയും കാലമാണ്. വരും നാളുകളില്‍ അത് ശക്തിപ്പെടുമെന്ന് തന്നെയാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പും. പുറമെ, വലിയൊരു വിഭാഗം ജനങ്ങള്‍ പട്ടിണിയും ദാരിദ്ര്യവും മൂലം ജീവിതം തള്ളിനീക്കാന്‍ പ്രയാസപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ ജനങ്ങളുടെ നികുതിയില്‍ നിന്ന് കോടികള്‍ ചെലവഴിച്ച് നിര്‍മിക്കുന്ന ഇത്തരം പ്രതിമകള്‍ പരിഹാസ്യമാകും. രാമപ്രതിമക്ക് ആതിഥ്യം വഹിക്കുന്ന യു പിയിലെ ജനജീവിതം തീരെ ദയനീയമാണ്. 2017ലെ ഇന്ത്യന്‍ വൈദ്യുതി വിതരണ വകുപ്പ് പുറത്തുവിട്ട രാജ്യത്തെ വൈദ്യുതീകരിച്ച വീടുകളുടെ സംസ്ഥാനാടിസ്ഥാനത്തിലുള്ള പട്ടികയില്‍ യു പിയാണ് ഏറ്റവും പിറകിലുള്ളത്. കണക്കനുസരിച്ച് യു പിയില്‍ മാത്രം 1.46 കോടി ജനങ്ങള്‍ വൈദ്യുതീകരിക്കാത്ത വീടുകളിലാണ് അന്തിയുറങ്ങുന്നതെന്ന സത്യം സംസ്ഥാനത്തെ വികസന മുരടിപ്പിന്റെയും ദുരിത ജീവിതത്തിന്റെ ആഘാതത്തെയും വെളിപ്പെടുത്തുന്നതാണ്. പ്രത്യേകിച്ച്, ശാസ്ത്ര സാങ്കേതിക രംഗത്ത് ലോകതലത്തില്‍ ഇന്ത്യയുടെ പ്രശസ്തി ഉന്നതങ്ങളിലാണെന്നിരിക്കുമ്പോഴും ആധുനിക യുഗത്തിലെ സാധാരണ ജീവിതം നയിക്കുന്നവന്റെ മുഖ്യ ജീവിത ഘടകമായി മാറിയ വൈദ്യുതി ഇനിയുമെത്താത്ത കോടികള്‍ രാജ്യത്ത് കഴിയുന്നുണ്ടെന്ന സത്യാവസ്ഥ ദയനീയം തന്നെ.

രാജ്യത്തിന്റെ വിജയം ലോക രാജ്യങ്ങള്‍ക്കിടയില്‍ സ്ഥാനമാനങ്ങള്‍ നേടിയെടുക്കുന്നതിലല്ല, മറിച്ച് അവിടെ വസിക്കുന്നവന്റെ വേദനയും പ്രയാസവും മാറ്റിക്കൊടുക്കുന്നതിലും സ്വാസ്ഥ്യമായ ജീവിതത്തിന് വഴിയൊരുക്കിക്കൊടുക്കുന്നതിലുമാണെന്ന ബോധം ഭരണകര്‍ത്താക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതുണ്ട്. അപ്പോള്‍ മാത്രമേ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഭരണ കര്‍ത്താക്കളില്‍ നിന്ന് രാജ്യത്തിന് ലഭ്യമാകൂ. ഭരണഘടന അനുശാസിക്കുന്ന മതനിരപേക്ഷതയിലൂന്നി നല്ല സമൂഹത്തെ സൃഷ്ടിച്ചെടുക്കാന്‍ പൗരന്മാരെ പ്രാപ്തമാക്കുകയാണ് രാജ്യം ഭരിക്കുന്ന ഓരോരുത്തരുടെയും ഉത്തരവാദിത്വം.

രാജ്യത്തിന്റെ വിശാലവും മഹത്ത്വവുമാര്‍ന്ന മതസ്വാതന്ത്ര്യത്തെ ഹനിക്കുന്ന തരത്തിലുള്ള വര്‍ഗീയ വിദ്വേഷ നീക്കുപോക്കുകളില്‍ നിന്ന് മാറിയും ചരിത്രത്തെയും പാരമ്പര്യത്തെയും വികലമാക്കി കാവിവത്കരിക്കുന്ന ദുഷ്പ്രവൃത്തിയില്‍ നിന്ന് അകന്നുനിന്നും കാലങ്ങളായി രാജ്യം മുറുകെപ്പിടിച്ചുപോരുന്ന പാരമ്പര്യ മൂല്യത്തെ യഥാസ്ഥാനം പ്രതിഷ്ഠിക്കാനാണ് ഭരണാധികാരികള്‍ മുന്‍കൈയെടുക്കേണ്ടത്.

Latest