Connect with us

National

തരിഗാമിയെ കാണാന്‍ യെച്ചൂരി വീട്ടിലെത്തി; രാജ്‌നാഥ് സിംഗ് ലഡാക്ക് സന്ദര്‍ശിക്കും

Published

|

Last Updated

ശ്രീനഗര്‍: കേന്ദ്ര സര്‍ക്കാര്‍ കരുതല്‍ തടങ്കലിലാക്കിയ സി പി എം കേന്ദ്ര കമ്മിറ്റിയംഗം യൂസഫ് തരിഗാമിയെ കാണാന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കശ്മീരിലെത്തി. സുപ്രീം കോടതിയുടെ അനുമതിയോടെ ഒരു സഹായിക്കൊപ്പമാണ് യെച്ചൂരി കശ്മീരിലെത്തിയത്.
ശ്രീനഗര്‍ വിമാനത്താവളത്തില്‍ നിന്ന് സുരക്ഷാ അകമ്പടിയോടെ യെച്ചൂരി യൂസഫ് താരിഗാമിയുടെ വസതിയിലേക്ക് പോയി. ഇന്ന് കശ്മീരില്‍ തങ്ങേണ്ടതുണ്ടെന്ന് യെച്ചൂരി കശ്മീരി പോലീസിനോട് വ്യക്തമായിട്ടുണ്ട്. ഇതിനുള്ള അനുമതി ഇതുവരെ നല്‍കിയിട്ടില്ല. തരിഗാമിയെ കണ്ട് സംസാരിച്ച ശേഷം അദ്ദേഹത്തിന്റെ ആരോഗ്യനില ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ വിശദീകരിച്ച് യെച്ചൂരി സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കും.

കേന്ദ്ര സര്‍ക്കാറിന്റെ വിലക്ക് തള്ളി സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചതോടെയാണ് യെച്ചൂരിക്ക് തരിഗാമിയെ സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചത്. യാത്രയെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തരുതെന്ന് കോടതി യെച്ചൂരിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. യെച്ചൂരിയുടെ യാത്രക്ക് സുരക്ഷയൊരുക്കണമെന്ന് ബന്ധപ്പെട്ട അധികൃതരോടും കോടതി നിര്‍ദേശിച്ചു. തരിഗാമിയെ കാണുന്നതിനപ്പുറം മറ്റെതെങ്കിലും തരത്തിലുള്ള ഇടപെടലുകള്‍ നടത്തിയാല്‍ കോടതിയലക്ഷ്യമായി കണക്കാക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.

തരിഗാമിയെ കാണുന്നതിനായി ആഗസ്റ്റ് ഒമ്പതിന് യെച്ചൂരി ശ്രീനഗറിലെത്തിയിരുന്നുവെങ്കിലും സുരക്ഷാ സേന അദ്ദേഹത്തെ മടക്കിയയക്കുകയായിരുന്നു. പിന്നീട് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സംഘത്തിന്റെ ഭാഗമായും യെച്ചൂരി ഇവിടെയെത്തിയെങ്കിലും വിമാനത്താവളത്തിനു പുറത്തിറങ്ങാന്‍ അനുവദിച്ചിരുന്നില്ല. തുടര്‍ന്നാണ് സി പി എം ജനറല്‍ സെക്രട്ടറി പരമോന്നത കോടതിയെ സമീപിച്ചത്.

യെച്ചൂരി തരിഗാമിയെ സന്ദര്‍ശിക്കുന്നത് രാഷ്ട്രീയ പ്രേരിതമായാണെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചിരുന്നു. തരിഗാമിക്ക് പറയത്തക്ക ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും അദ്ദേഹത്തിന് ഇസഡ് കാറ്റഗറി സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. എന്നാല്‍ ഏത് രീതിയിലുള്ള സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും യെച്ചൂരിയുടെ സന്ദര്‍ശനത്തിന് വിലക്കിടാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു.

അതിനിടെ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് ലഡാക്കിലെത്തി കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്തും. സുരക്ഷാ സാഹചര്യങ്ങളെ കുറിച്ച് അദ്ദേഹം സൈനിക ഉദ്യോഗസ്ഥരുമായി സംസാരിക്കും. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത ശേഷം ഇതാദ്യമായാണ് രാജ്‌നാഥ് സിംഗ് ഇവിടെയെത്തുന്നത്.

---- facebook comment plugin here -----

Latest