രിസാല കെ എം ബഷീർ പതിപ്പ് പ്രകാശനം ചെയ്തു

Posted on: August 28, 2019 1:56 pm | Last updated: August 29, 2019 at 1:57 pm
രിസാല വാരിക പ്രസിദ്ധീകരിച്ച കെ എം ബഷീർ പ്രത്യേക പതിപ്പ് എം അബ്ദുൽ മജീദ്, ഉമർ പുതിയോട്ടിൽ, ടി കെ അബ്ദുൽഗഫൂർ, എം പി പ്രശാന്ത്, കമാൽ വരദൂർ, കെ സി സുബി, എസ് ശറഫുദ്ദീൻ, മുഹമ്മദ് അശ്ഹർ എന്നിവർ ചേർന്ന് പ്രകാശനം ചെയ്യുന്നു

കോഴിക്കോട്: ശ്രീറാം വെങ്കിട്ടരാമൻ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കെ എം ബഷീറിന് നീതി ലഭിക്കുന്നതു വരെ സമര പോരാട്ടങ്ങൾ തുടരുമെന്ന് കേരള പത്രപ്രവർത്തകൻ യൂനിയൻ സംസ്ഥാന പ്രസിഡന്റ് കമാൽ വരദൂർ. രിസാല വാരിക പ്രസിദ്ധീകരിച്ച കെ എം ബഷീർ പ്രത്യേക പതിപ്പ് പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബഷീറിന് ലഭിക്കുന്ന ആത്യന്തികമായ നീതി ശ്രീറാം വെങ്കിട്ടരാമൻ ശിക്ഷിക്കപ്പെടുന്നതു വരെ അകലെ തന്നെയായിരിക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ സീനിയർ റിപ്പോർട്ടർ എം പി പ്രശാന്ത് പറഞ്ഞു. അർപ്പണ ബോധമുള്ള യുവമാധ്യമ പ്രവർത്തകനായിരുന്നു കെ എം ബഷീർ. മാധ്യമ ലോകത്തിനും സിറാജിനും ബഷീറിന്റെ വിയോഗം തീരാനഷ്ടമാണെന്നും സിറാജ് എഡിറ്റർ ഇൻ ചാർജ് ടി കെ അബ്ദുൽ ഗഫൂർ അനുസ്മരിച്ചു.

രിസാല മാനേജിംഗ് എഡിറ്റർ എസ് ശറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. മാതൃഭൂമി ആഴ്ചപതിപ്പ് സബ് എഡിറ്റർ കെ സി സുബി, മാധ്യമം ബ്യൂറോ ചീഫ് ഉമർ പുതിയോട്ടിൽ, എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി എ പി മുഹമ്മദ് അശ്ഹർ, ഐ പി ബി ഡയറക്ടർ എം അബ്ദുൽമജീദ്, ടി കെ അലി അശ്‌റഫ്, എൻ ബി സിദ്ദീഖ് ബുഖാരി പ്രസംഗിച്ചു.